കാത്തിരിപ്പിനൊടുവിൽ 'കറ്റാന'; ജനപ്രിയ ബൈക്ക് ഇന്ത്യലെത്തിച്ച് സുസുക്കി, വില 13.61 ലക്ഷം
മലിനീകരണ മാനദണ്ഡങ്ങൾ കാരണം 2006ൽ സുസുക്കി നിർത്തലാക്കിയ കറ്റാന, 13 വർഷത്തിന് ശേഷം 2018 ലായിരുന്നു രാജ്യാന്തര വിപണിയിൽ റീലോഞ്ച് ചെയ്തത്.
സുസുക്കിയുടെ കരുത്തനും ജനപ്രിയനുമായ ഇരുചക്ര വാഹനം 'കറ്റാന' ഇന്ത്യയിലെത്തി. 13.61 ലക്ഷം രൂപയുടെ എക്‌സ്‌ഷോറൂം വിലയിലാണ് ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കൾ ബൈക്ക് രാജ്യത്ത് അവതരിപ്പിച്ചിരിക്കുന്നത്. മെറ്റാലിക് മിസ്റ്റിക് സിൽവർ, മെറ്റാലിക് സ്റ്റെല്ലാർ ബ്ലൂ എന്നീ രണ്ട് കളർ ഓപ്ഷനുകളിൽ മോഡൽ തെരഞ്ഞെടുക്കാം.
മലിനീകരണ മാനദണ്ഡങ്ങൾ കാരണം 2006ൽ സുസുക്കി നിർത്തലാക്കിയ കറ്റാന, 13 വർഷത്തിന് ശേഷം രാജ്യാന്തര വിപണിയിൽ റീലോഞ്ച് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കറ്റാനയുടെ ഇന്ത്യയിലേക്കുള്ള വരവ്.പൂർണമായും ആധുനിക രൂപത്തിലാണ് കറ്റാന എത്തിയതെങ്കിലും പഴയ അടിസ്ഥാന ഡിസൈൻ കാത്തുസൂക്ഷിക്കാൻ ജാപ്പനിസ് നിർമാതാക്കളായ സുസുക്കി മറന്നില്ല.
999 സിസി ഇൻലൈൻ ഫോർ സിലിണ്ടർ DOHC ലിക്വിഡ് കൂൾഡ് എഞ്ചിനുമായാണ് സൂപ്പർ ബൈക്ക് ഇന്ത്യയിൽ അവതരിച്ചിരിക്കുന്നത്. ബിഎസ്-VI നിലവാരത്തിലുള്ള K5 എഞ്ചിൻ 11,000 ആർപിഎമ്മിൽ പരമാവധി 150 ബിഎച്ച്പി കരുത്തും 9,250 ആർപിഎമ്മിൽ 106 എൻഎംടോർക്കും വരെ ഉത്പാദിപ്പിക്കാൻ പ്രാപ്തമാണിത്. കൂടാതെ ആറ് സ്പീഡ് ഗിയർബോക്സുമുണ്ട്.
എൽസിഡി ഇൻസ്ട്രുമെന്റ് കൺസോൾ, എൽഇഡി ഹെഡ്ലാമ്പ്, ഷാർപ്പ് ബോഡി പാനലുകൾ, ഗോൾഡ് പെയിന്റ് ചെയ്ത അലോയ് വീലുകൾ, മസ്‌കുലാർ ഫ്യുവൽ ടാങ്ക് എന്നിവയിലാണ് കറ്റാനയുടെ സൗന്ദര്യം. സ്ലിപ്പർ ക്ലച്ച്, ഫൈവ് ലെവൽ ട്രാക്ഷൻ കൺട്രോൾ സിസ്റ്റം, സുസുക്കി ഡ്രൈവ് മോഡ് സെലക്ടർ, ലോ ആർപിഎം അസിസ്റ്റ്, സുസുക്കി ഈസി സ്റ്റാർട്ട് സിസ്റ്റം എന്നിവയുള്ള ബൈ- ഡയറക്ഷണൽ ക്വിക്ക് ഷിഫ്റ്റർ എന്നിവയാണ് മറ്റു പ്രധാന സവിശേഷതകൾ.
ബിഎംഡബ്ല്യു F 900 XR , കവസാക്കി നിഞ്ച എന്നിവയ്ക്കെതിരെയാണ് കറ്റാന ഇന്ത്യയിൽ മാറ്റുരയ്ക്കുന്നത്.