ഇനി പുഞ്ചിരിക്കൂ, ഇതാ സുസുക്കി വാഗൺ ആർ സ്‌മൈൽ
ഏകദേശം 8.3-11.44 ലക്ഷം രൂപയാണ് വില
ഒരു പരിചയപ്പെടുത്തലിന് ആവശ്യമില്ലാത്ത വിധം ഇന്ത്യൻ നിരത്തുകളെ കീഴടക്കിയ വാഹനമാണ് വാഗൺ ആർ. ചെറിയ വിലയ്ക്ക് മികച്ച യാത്രാനുഭവം സമ്മാനിക്കുന്ന വാഗൺ ആറിന്റെ പുതിയ പതിപ്പ് അവതരിപ്പിച്ചിരിക്കുകയാണിപ്പോൾ സുസുക്കി. വാഗൺ ആർ സ്‌മൈൽ എന്നാണ് പുതിയ മോഡലിന്റെ പേര്. മിനി വാനുപോലെ കലക്കൻ ഡിസൈനാണ് സ്‌മൈലിന്റേത്.
പതിവു പോലെ വിലയിലെ മിതത്വവും സുസുക്കി പാലിച്ചിട്ടുണ്ട്. 1.29-1.71 ദശലക്ഷം യെൻ (ഏകദേശം 8.3-11.44 ലക്ഷം രൂപ)യാണ് വില. സെപ്തംബർ പത്തു മുതലാണ് സ്‌മൈൽ ജപ്പാനിൽ വിൽപ്പന ആരംഭിക്കുന്നത്. പ്രതിമാസം അയ്യായിരം സ്‌മൈലെങ്കിലും വിൽക്കാമെന്ന പ്രതീക്ഷയിലാണ് സുസുക്കി. മോഡല്‍ വൈകാതെ ഇന്ത്യന്‍ വിപണിയിലും എത്തുമെന്നാണ് റിപ്പോര്‍ട്ട്.
പുറംഭംഗിയിൽ കിടു ലുക്കാണ് സ്‌മൈലിന്റേത്. ഒറ്റ നോട്ടത്തിൽ മിനി വാനു പോലെ. സുസുക്കി ആൾട്ടോ ലാപിനെയും ഓർമിപ്പിക്കുന്നു. വാനിലെ പോലെ ഇരുവശത്തേക്കും തുറക്കുന്ന ഇലക്ട്രിക് സ്ലൈഡിങ് ഡോറുകൾ. റേഡിയേറ്റർ ഗ്രില്ലിന് അകത്ത് വൃത്താകൃതിയിലുള്ള ഹെഡ്‌ലൈറ്റുകൾ മൊഞ്ചു കൂട്ടുന്നു. സാധാരണ വാഗൺ ആർ മോഡലുകളേക്കൾ 45 മില്ലിമീറ്റർ ഉയരം കൂടുതലാണ്. ഉൾഭാഗത്തും സൗകര്യത്തിന് ഒട്ടും കുറവു വരുത്തിയിട്ടില്ല.
657 സിസി മൂന്ന് സിലിണ്ടർ പെട്രോൾ എഞ്ചിനാണ് സ്‌മൈലിന്റെ ഹൃദയം. 58 എൻഎം ആണ് പരമാവധി ടോർക്. സ്റ്റാൻഡേഡ് സിവിടി ട്രാൻസ്മിഷനുണ്ട്. മൂന്ന് വേരിയന്റിലാണ് കമ്പനി സ്‌മൈൽ ഓഫർ ചെയ്യുന്നത്.