എസ്.വി ഗോൾഡൻ എഡിഷൻ മോഡൽ റേഞ്ച് റോവർ, നിർമിക്കുന്നത് ആകെ അഞ്ചെണ്ണം
ഈ വാഹനം നിലവിലെ മോഡലുള്ള അവസാനത്തേതായേക്കാം. ഈ വർഷം അവസാനത്തോടെ എം.എൽ.എ ആർകിടെക്ചറിലുള്ള അടുത്ത തലമുറ റേഞ്ച് റോവർ പുറത്തിറങ്ങും
എസ്.വി ഗോൾഡൻ എഡിഷനിൽ ആകെ നിർമിക്കുന്നത് അഞ്ച് റേഞ്ച് റോവറുകൾ. 1.52 കോടി വിലയുള്ള വാഹനം ജപ്പാനീസ് മാർക്കറ്റിലേക്കാണ് ഇറക്കുക. സ്‌പെഷ്യൽ വെഹിക്കിൾ ഓപ്പറേഷൻസ് (എസ്.വി.ഒ) വിഭാഗമാണ് വാഹനം നിർമിക്കുന്നത്. സാധാരണ റേഞ്ച് റോവറിനെ പോലെ ലോംഗ് വീൽ ബേസ് മോഡലില്ല പുതിയ മോഡൽ ഇറങ്ങുക. പ്രധാനമായും നീലയും കോൺട്രാസ്റ്റിനായി സ്വർണനിറവും ചേർത്ത പെയ്ൻറ് സ്‌കീമാണ് വാഹനത്തിനുള്ളത്. സൈഡ് വെൻറുകൾ, ഡോർ ട്രിം, ഫ്രണ്ട് വെൻറുകൾ, എയർ ഡാം, ടെയിൽ ഗേറ്റ് എന്നിവയെല്ലാം സ്വർണ നിറത്തിലാണ്. മറ്റു ഭാഗങ്ങൾ കറുത്ത നിറത്തിലുമാണ്. കറുത്ത തീമിലുള്ള കാബിനാണ് വാഹനത്തിനുണ്ടാകുക. ലെതർ സീറ്റുകൾ മുന്തിയ നിലവാരത്തിലുള്ളതാകുമെന്നാണ് കരുതപ്പെടുന്നത്. ഗോൾഡൻ എഡിഷന് എൽ.ഇ.ഡി ലൈറ്റ് യൂണിറ്റ്, പനോരമിക് സൺറൂഫ്, 22 ഇഞ്ച് അലോയ് വീലുമുണ്ടാകുമെന്നാണ് വിവരം.
10 ഇഞ്ച് ഇൻഫോടെയ്ൻമെൻറ് ടച്ച് സ്‌ക്രീൻ, 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻറ് ഡിസ്‌പ്ലേ, ക്ലൈമറ്റ് കൺട്രോളിനായി മറ്റൊരു ടച്ച് സ്‌ക്രീൻ, സെൻട്രൽ കൺസോളിലൊരു കൂളർ, ഹെഡ് അപ് ഡിസ്‌പ്ലേ, എയർ ഐനൈസർ എന്നിവയുമുണ്ടാകും. 360 ഡിഗ്രി പാർക്കിംഗ് എയ്ഡ്, ക്ലിയർ എക്‌സിറ്റ് മോണിറ്റർ, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോളും സ്റ്റിയറിങ് അസിസ്റ്റ് തുടങ്ങീ ഡ്രൈവർക്ക് ഏറെ സഹായകരമാകുന്ന സവിശേഷതകളും വാഹനത്തിലുണ്ടാകും. 5.0 ലിറ്റർ സൂപ്പർചാർജ്ഡ് വി8 എൻജിൻ, 558 ബി.എച്ച്.പിയും 700 എൻഎമ്മും ഉള്ളതാണ്. ഓഫ്‌റോഡ് ഉപയോഗത്തിനും വാഹനം പര്യാപ്തമാണ്.
ഈ വാഹനം നിലവിലുള്ള റേഞ്ച് റേവർ മോഡലുകളിലെ അവസാനത്തേതാകാനാണിടയുള്ളത്. കാരണം ഈ വർഷം അവസാനത്തോടെ എം.എൽ.എ ആർകിടെക്ചറിലുള്ള അടുത്ത തലമുറ റേഞ്ച് റോവർ പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി. ഒക്‌ടോബർ 26 ന് നടക്കുന്ന വേൾഡ് പ്രീമിയറിന് മുന്നോടിയായി ടീസർ പുറത്തുവിട്ടിട്ടുണ്ട്. അഞ്ചാം തലമുറ വാഹനമാണ് ഇറങ്ങാനിരിക്കുന്നത്. 2012 ൽ അവതരിപ്പിച്ച നിലവിലെ മോഡൽ ഇതോടെ ഒഴിവാകും. ജാഗ്വർ ലാൻഡ്‌റോവറിന്റെ എം.എൽ.എ പ്ലാറ്റ്‌ഫോമിൽ നിർമിക്കുന്ന ആദ്യ റേഞ്ച് റോവറാണ് അടുത്താഴ്ച പുറത്തിറങ്ങുക.