അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻറ്‌സുള്ള ടാറ്റ എസ്.യു.വി; പുതിയ ഹാരിയറും സഫാരിയും ബുക്ക് ചെയ്യാം
മഹീന്ദ്ര എക്‌സ്‌യുവി700 ലും എം.ജി ഹെക്ടറിലും അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ട്രാഫിക് ജാം അസിസ്റ്റ്, സ്മാർട്ട് പൈലറ്റ് (സ്റ്റീറിംഗ് അസിസ്റ്റ്) എന്നീ അധിക സൗകര്യങ്ങളുണ്ട്
നവീകരിച്ച 2023 ടാറ്റ ഹാരിയറിനും സഫാരിക്കുമുള്ള ബുക്കിംഗ് ടാറ്റ മോട്ടോർസ് തുടങ്ങി. അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻറ് സിസ്റ്റമുള്ള ആദ്യ ടാറ്റ പാസഞ്ചർ കാറുകളാണ് ഈ എസ്.യു.വികൾ. ഇതോടെ റിയർ കൊളീഷ്യൻ വാണിംഗ്, ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ്, ട്രാഫിക് സൈൻ റെകഗനീഷ്യൻ, ഹൈ ബീം അസിസ്റ്റ്, ബ്ലൈൻഡ് സ്‌പോട് ആൻഡ് റിയർ ക്രോസ് മോണിറ്ററിംഗ്, ഡോർ ഓപ്പൺ അലേർട്ട്, ലൈൻ ഡിപാർച്ചർ വാണിംഗ് എന്നീ സൗകര്യങ്ങൾ പുതിയ മോഡലിലുണ്ടാകും. ഇതേ ഗണത്തിൽപ്പെടുന്ന മോഡലുകളായ മഹീന്ദ്ര എക്‌സ്‌യുവി700 ലും എം.ജി ഹെക്ടറിലും അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ട്രാഫിക് ജാം അസിസ്റ്റ്, സ്മാർട്ട് പൈലറ്റ് (സ്റ്റീറിംഗ് അസിസ്റ്റ്) എന്നീ അധിക സൗകര്യങ്ങളുണ്ട്.
റെഡ് ഡാർക്ക് എഡിഷനിലുള്ള പുതിയ മോഡൽ ഹാരിയറും സഫാരിയും 2023 ഓട്ടോ എക്‌സ്‌പോയിൽ ടാറ്റ പ്രദർശിപ്പിച്ചിരുന്നു. പുറമേ വലിയ മാറ്റങ്ങളില്ലാത്ത 2023 മോഡലിന്റെ കാബിനിൽ നിരവധി വ്യത്യാസങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. നിലവിലുള്ള 8.8 ഇഞ്ച് ഡിസ്‌പ്ലേക്ക് പകരം 10.25 ഇഞ്ച് യൂണിറ്റ് ഇൻഫോടെയ്ൻമെൻറ് സിസ്റ്റം പുതിയ മോഡലിലുണ്ടാകും. വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർ പ്ലേ കണക്ടിവിറ്റി, ഐആർഎ കണക്റ്റഡ് വെഹികിൾ ടെക് എന്നിവ തുടർന്നും നൽകുന്ന പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റത്തോടെയുള്ള സ്‌ക്രീനുമുണ്ടാകും. ആറു ഭാഷകളിലുള്ള 200ൽപരം വോയിസ് കമാൻഡുകളും സിസ്റ്റം വഴി ഉപയോഗിക്കാനാകും. നിലവിൽ ഭാഗികമായി ഡിജിറ്റലായ ഇൻസ്ട്രുമെൻറ് ക്ലസ്റ്റർ പൂർണമായി ഡിജിറ്റൽ യൂണിറ്റാകും.
വേറെയും ഫീച്ചറുകൾ വാഹനത്തിലുണ്ട്. ആറു എയർബാഗുകൾ, ഓട്ടോ ഹോൾഡോടെയുള്ള ഇലക്‌ട്രോണിക് പാർക്കിംഗ് ബ്രേക്ക്, എല്ലാ വീലിലും ഡിസ്‌ക് ബ്രേക്ക്, കോർണറിംഗ് ലൈറ്റുകൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ഹിൽ ഡീസെൻറ് കൺട്രോൾ എന്നിവയും മോഡലിലെ സവിശേഷതകളാണ്.
360 ഡിഗ്രി ക്യാമറ, മെമ്മറി ഫംഗ്ഷനോടെയുള്ള പവേർഡ് ഡ്രൈവർ സീറ്റ്, വായുസഞ്ചാരമുള്ള മുൻ സീറ്റുകൾ, ഓട്ടോ ഹെഡ് ലാമ്പുകൾ, വൈപ്പർ, എയർ പ്യൂരിഫയർ എന്നിവയുമുണ്ടാകും. പനോരമിക് സൺറൂഫിനൊപ്പം മൂഡ് ലൈറ്റിംഗ്, വായുസഞ്ചാരമുള്ള രണ്ടാം നിര സീറ്റുകൾ എന്നീ അധിക സൗകര്യങ്ങൾ സഫാരിയിലുണ്ടാകും.
ഇരുമോഡലുകളിലും ന്യൂജൻ ക്രിയോടെക് 2.0 ലിറ്റർ ഡീസൽ എൻജിനാണുണ്ടാകുകയെന്നും ഇവ ബി.എസ്. സിക്‌സ് ഫേസ് 2 മാനദണ്ഡങ്ങൾ പാലിക്കുന്നതാണെന്നും ടാറ്റ അറിയിച്ചു. 168 ബിഎച്ച്പിയും 350 എൻ.എം ടോർക്കുമുള്ള 6 സ്പീഡ് മാന്വൽ അല്ലെങ്കിൽ ഓട്ടോമാറ്റിക് ഗിയർ ബോക്‌സുമുണ്ടാകുമെന്നും വ്യക്തമാക്കി. മാന്വൽ മോഡലിന് 16.35 ഉം ഓട്ടോമാറ്റിക്കിന് 14.6 ഉം മൈലേജുണ്ടാകുമെന്ന് ടാറ്റ അവകാശപ്പെട്ടു. ഇരുമോഡലുകളുടെയും വില അടുത്ത ആഴ്ചകളിൽ പുറത്തുവിടും.
Tata SUV 2023 Harrier and Safari can be booked now