20 ലക്ഷത്തിന് ഇലക്ട്രിക് കാർ; ഇന്ത്യയിൽ ഫാക്ടറി തുടങ്ങാൻ ടെസ്‍ല, കേന്ദ്രമന്ത്രിയുമായി ചർച്ച ഉടൻ
കമ്പനിയുടെ പ്രതിനിധികൾ കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയലുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോർട്ടുകൾ.
ഡൽഹി: ഇന്ത്യയിൽ ഫാക്ടറി സ്ഥാപിക്കാനുള്ള നീക്കവുമായി ഇലോണ്‍ മസ്കിന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഇലക്ട്രിക് കാർ നിർമാതാക്കളായ ടെസ്‍ല. കമ്പനിയുടെ പ്രതിനിധികൾ കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയലുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോർട്ടുകൾ.
വർഷത്തിൽ അഞ്ച് ലക്ഷം ഇലക്ട്രിക് വാഹനങ്ങൾ നിർമിക്കാനുള്ള ഫാക്ടറിക്കുള്ള സാധ്യതയാണ് കമ്പനി തേടുന്നത്. ചെലവുകുറഞ്ഞ വാഹനങ്ങൾ നിർമിക്കാനാണ് പദ്ധതി. കാറുകൾക്ക് രാജ്യത്ത് 20 ലക്ഷം രൂപ മുതലായിരിക്കും വിലയെന്നും റിപ്പോർട്ടുകളുണ്ട്.
ഇന്ത്യൻ വിപണിയും കയറ്റുമതിയും ലക്ഷ്യമിട്ടാണ് ഇലോണ്‍ മസ്കിന്റെ നീക്കം. ഇൻഡോ- പസഫിക് മേഖലയിലേക്ക് കാറുകൾ കയറ്റുമതി ചെയ്യാനുള്ള കേന്ദ്രമായി ഇന്ത്യയെ ഉപയോഗിക്കുമെന്നാണ് വിവരം. അതേസമയം, ഇറക്കുമതി തീരുവയിൽ ഇളവ് നൽകാൻ സാധിക്കില്ലെന്ന് കേന്ദ്രസർക്കാർ കമ്പനിയെ അറിയിച്ചതായും സൂചനകളുണ്ട്.
പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കൻ സന്ദർശനവേളയിൽ ഇലോണ്‍ മസ്കുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെ ഇന്ത്യയിൽ ഉടൻ ഫാക്ടറി ആരംഭിക്കുമെന്ന പ്രത്യാശ മസ്ക് പങ്കുവെച്ചിരുന്നു.