അടുത്ത വർഷം വാഹനം വാങ്ങാൻ ചെലവ് കൂടും; വില വർധനവ് പ്രഖ്യാപിച്ച് പ്രമുഖ കമ്പനികൾ
ചിപ്പ്ക്ഷാമവും മറ്റു ഉത്പാദനഘടകങ്ങളുടെ വിലക്കയറ്റവുമാണ് വാഹനങ്ങളുടെ വില വർധിപ്പിക്കാൻ കമ്പനികളെ നിർബന്ധിക്കുന്നത്.
2022 ൽ വാഹനം വാങ്ങാൻ കാത്തുനിൽക്കുന്നവർക്ക് അൽപ്പം നിരാശപ്പെടേണ്ടിവരും. കാരണം ഇന്ത്യയിലെ പ്രധാനപ്പെട്ട എല്ലാ വാഹനനിർമാതാക്കളും തങ്ങളുടെ വാഹനങ്ങൾക്ക് 2022 ൽ വിലവർധവവ് പ്രഖ്യാപിച്ചു കഴിഞ്ഞു.
ചിപ്പ്ക്ഷാമവും മറ്റു ഉത്പാദനഘടകങ്ങളുടെ വിലക്കയറ്റവുമാണ് വാഹനങ്ങളുടെ വില വർധിപ്പിക്കാൻ കമ്പനികളെ നിർബന്ധിക്കുന്നത്. ഏതൊക്കെ വാഹന നിർമാണ കമ്പനികളാണ് വില വർധിപ്പിക്കുന്നത് എന്ന് നോക്കാം.
മാരുതി സുസുക്കി
രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി ജനുവരി മുതൽ തങ്ങളുടെ എല്ലാ കാറുകൾക്കും വില വർധിപ്പിക്കുമെന്ന് അറിയിച്ചു കഴിഞ്ഞു. എന്നാൽ എത്ര ശതമാനം വില വർധിക്കുമെന്ന് കമ്പനി അറിയിച്ചിട്ടില്ല.
ഹീറോ മോട്ടോകോർപ്പ്
ഇനി വരുന്നത് രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോയാണ്. വർധിച്ചുവരുന്ന ഉത്പാദന ചെലവ് കണക്കിലെടുത്ത് തങ്ങളുടെ ബൈക്കുകൾക്ക് ജനുവരി നാലു മുതൽ 2,000 രൂപ വരെ വർധിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
ടാറ്റ മോട്ടോർസ്
കഴിഞ്ഞ രണ്ടു വർഷം ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ കാർ നിർമാണ കമ്പനികളിലൊന്നാണ് ഇന്ത്യയുടെ സ്വന്തം ടാറ്റ മോട്ടോർസ്. അവരും വിലവർധന പ്രഖ്യാപിച്ചു കഴിഞ്ഞു. പെട്രോൾ-ഡീസൽ കാറുകൾക്ക് പുറമേ ഇലക്ട്രിക് കാറുകൾക്കും ജനുവരി മുതൽ വില വർധിക്കുമെന്ന് കമ്പനി അറിയിച്ചിരുന്നു.
ടൊയോട്ട
സാധാരണക്കാർക്ക് ആഡംബര കാറുകളുടെ സൗകര്യങ്ങൾ പഠിപ്പിച്ച ടൊയോട്ടയും വിലവർധനയുടെ വഴിയേയാണ്. ജനുവരി മുതൽ തങ്ങളുടെ എല്ലാ മോഡലുകൾക്കും വില വർധിക്കുമെന്നാണ് കമ്പനിയുടെ അറിയിപ്പ്.
ഡ്യുകാറ്റി ഇന്ത്യ
പാനിഗാലെ എന്ന ഒറ്റ മോഡൽ മതി ഡ്യുകാറ്റിയുടെ റേഞ്ച് അറിയാൻ. ഡ്യുകാറ്റി മോഹം ഒന്നു കൂടി വിലപ്പിടിപ്പുള്ളതാകാൻ പോവുകയാണ്. ജനുവരി മുതൽ ഡ്യുകാറ്റിയുടെ എല്ലാ മോഡലുകൾക്കും വില കൂടുകയാണ്. ആകെ 9 ഷോറൂമുകളാണ് ഡ്യുകാറ്റിക്ക് ഇന്ത്യയിലുള്ളത്. കേരളത്തിൽ കൊച്ചിയിലാണ് ഷോറൂം.
ഓഡി
ഓഡി വാങ്ങുക എന്നത് തന്നെ ആഡംബരമാണ്. എന്നിരുന്നാലും ആ ആഡംബര സുഖത്തിനും ജനുവരി മുതൽ വില വർധിക്കുകയാണ്. മൂന്ന് ശതമാനം വിലവർധനവാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.
കാവസാക്കി
ഡ്യൂക്കാറ്റിയെ കൂടാതെ സൂപ്പർ ബൈക്ക് നിർമാതാക്കളായ കാവസാക്കിയും വില വർധനവ് പ്രഖ്യാപിച്ചിരിക്കുകയാണ്. കഴിഞ്ഞ ആഗസ്റ്റിൽ കാവസാക്കി വില വർധിപ്പിച്ചിരുന്നു. അതിന് പിന്നാലെയാണ് അടുത്തമാസത്തെ വില വർധനവ്.
ഇതുകൂടാതെ സ്‌കോഡയും ഫോക്‌സ് വാഗണും പുതുമുഖമായ സിട്രോണും തങ്ങളുടെ വാഹനങ്ങളുടെ വില വർധിക്കാൻ സാധ്യതയുണ്ടെന്ന് സൂചന നൽകിയിട്ടുണ്ട്.