ഹെൽമെറ്റിലല്ലേ പാടില്ലാത്തതുള്ളൂ നെഞ്ചത്ത് ക്യാമറ വെക്കാമല്ലോ...; നിയമം മറികടക്കാൻ പുതുവഴികൾ തേടി വ്‌ളോഗർമാർ

നിരവധി വഴികളുണ്ടെങ്കിലും പ്രധാനമായും ഈ വഴികളാണ് വ്‌ളോഗർമാർ നോക്കുന്നത്.

Update: 2022-08-08 11:51 GMT
Editor : Nidhin | By : Web Desk
Advertising

രണ്ട് ദിവസം മുമ്പാണ് ബൈക്ക് യാത്രക്കാർ ഹെൽമെറ്റിൽ ഗോ പ്രോ പോലെയുള്ള ആക്ഷൻ ക്യാമറകൾ വെക്കുന്നത് കേരളത്തിൽ മോട്ടോർ വാഹന വകുപ്പ് വിലക്കിയത്. ക്യാമറകൾ ഹെൽമെറ്റിന്റെ സുരക്ഷ കുറയ്ക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ ഇത്തരത്തിലൊരു നീക്കത്തിലേക്ക് കടന്നത്. എന്നാൽ സർക്കാർ വാദം തെറ്റാണെന്ന് ഉന്നയിച്ച് നിരവധി പേർ രംഗത്ത് വന്നിട്ടുണ്ട്. ആക്ഷൻ ക്യാമറകൾ സുരക്ഷയ്ക്ക് ഒരു പ്രശ്‌നവും ഉണ്ടാകില്ലെന്നും ഇത് പൊലീസ് നടപടികൾ ക്യാമറയിൽ വരാതിരിക്കാനുള്ള തന്ത്രമാണെന്നും ചില വ്‌ളോഗർമാർ ആരോപിച്ചിരുന്നു.

വാദ-പ്രതിവാദങ്ങൾ ഒരിടത്ത് നടക്കവേ ഹെൽമെറ്റിൽ ആക്ഷൻ ക്യാമറ വെക്കുന്നതിന് ബദൽ മാർഗങ്ങൾ കണ്ടുപിടിച്ചിരിക്കുകയാണ് വ്‌ളോഗർമാർ. നിരവധി വഴികളുണ്ടെങ്കിലും പ്രധാനമായും ഈ വഴികളാണ് വ്‌ളോഗർമാർ നോക്കുന്നത്.

അതിൽ ഒന്നാമത്തതേത് ബോഡി ക്യാം മൗണ്ടുകളും സ്ട്രാപ്പുകളുമാണ്. കൈത്തണ്ടയിലും മറ്റും ഗോ പ്രോ മൗണ്ട് ചെയ്യാനുള്ള മൗണ്ടുകൾ വിപണിയിൽ ലഭ്യമാണ്.

 

എന്നാൽ കൈകളിൽ മൗണ്ട് ചെയ്താൽ വാഹനം ഓടിക്കുന്നത് ദുഷ്‌കരമാക്കാൻ സാധ്യതയുള്ളതിനാലും കൈകൾ നീക്കുമ്പോൾ കൃത്യമായ ദൃശ്യം ലഭിക്കാത്തത് കൊണ്ടും കൈകൾക്ക് കൂടുതൽ ആയാസം നൽകുന്നുകൊണ്ടും ഈ രീതി കൂടുതൽപേരും ഉപയോഗിക്കുന്നില്ല. പക്ഷേ ബോഡി ക്യാം മൗണ്ടുകളിൽ കൂടുതൽ പേരും ഉപയോഗിക്കുന്നത് ചെസ്റ്റ് മൗണ്ട് സ്ട്രാപ്പുകളാണ്. നെഞ്ചിൽ ഒരു ബെൽറ്റ് വഴി ക്രമീകരിക്കാവുന്ന മൗണ്ടാണ് ഇതിന്റെ പ്രധാനഭാഗം.

 

ഇതിലേക്ക് ബേസ് പ്ലേറ്റ് വച്ച് ഗോ പ്രോ മൗണ്ട് ചെയ്യാൻ സാധിക്കും. ഇങ്ങനെ സ്ഥാപിച്ചാൽ ഹെൽമെറ്റിൽ നിന്ന് ലഭിക്കുന്നത് പോലെയുള്ള ദൃശ്യങ്ങൾ ലഭിക്കുമെന്നതാണ് പ്രധാന സവിശേഷത. ആയാസമില്ലാതെ വാഹനം ഓടിക്കാനും സാധിക്കും. വാഹനമില്ലാതെ നടക്കുമ്പോഴും ദൃശ്യങ്ങൾ ഷൂട്ട് ചെയ്യാൻ ഇതാണ് എളുപ്പം. ഇത് കൂടാതെ ബാക്ക് പാക്കിന്‍റെ സ്ട്രാപ്പില്‍ ഘടിപ്പിക്കാവുന്ന ഗോ പ്രോ മൗണ്ടുകളും ചിലർ പരീക്ഷിക്കുന്നുണ്ട്‌.

 

അടുത്ത വഴി വാഹനത്തിന്റെ ഹാൻഡിലിൽ ഗോ പ്രോ ഘടിപ്പിക്കുക എന്നതാണ്.

 

എന്നാൽ അനധികൃത മോഡിഫിക്കേഷൻ എന്ന് ചൂണ്ടിക്കാട്ടി പിഴയിടുമെന്ന സാധ്യതയുള്ളതിനാൽ മിക്കവരും നോക്കുന്നത് ചെസ്റ്റ് മൗണ്ടുകളാണ്. അതേസമയം ബോഡിയിൽ ഉറപ്പിക്കാവുന്ന ഇൻവിസിബിൾ ടൈപ്പ് റോഡുകൾ ഉപയോഗിച്ച് ഗോ പ്രോ ഉപയോഗിക്കുന്നവരുണ്ട്.

ആക്ഷൻ ക്യാമറകൾ ഹെൽമെറ്റിൽ വെക്കുന്നത് വിലക്കാൻ ചൂണ്ടിക്കാട്ടുന്ന കാരണങ്ങൾ ഇവയാണ്.

1.ഹെൽമെറ്റിന്റെ പുറംഭാഗം തുളച്ചാണ് ക്യാമറ ഘടിപ്പിക്കുന്നത്. ഇത് ഹെൽമെറ്റിന്റെ കവചത്തിന്റെ സുരക്ഷിതത്വം ഇല്ലാതാക്കും.

2.തറയിൽ വീഴുമ്പോൾ തെന്നിനീങ്ങുന്ന വിധത്തിലുള്ള ഹെൽമെറ്റ് ഡിസൈൻ സുരക്ഷിതത്തിനുവേണ്ടിയുള്ളതാണ്. ക്യാമറ ഘടിപ്പിക്കുന്നതോടെ ഇത് ഇല്ലാതെയാകും.

3. ക്യാമറയിൽ ലഭിക്കുന്ന വീഡിയോകളും ചിത്രങ്ങളും മനോഹരമാക്കാൻ യാത്രികൻ കൂടുതൽ ശ്രദ്ധിക്കുന്നത് അപകടങ്ങൾ വരുത്തിവെക്കുന്നതിലേക്ക് നയിക്കും.

ഹെൽമെറ്റിൽ ക്യാമറ വച്ച് യാത്രചെയ്യുന്നത് പിടിക്കപ്പെട്ടാൽ 1,000 രൂപ പിഴ ഈടാക്കും. മുന്നറിയിപ്പ് നൽകിയതിനു ശേഷവും കുറ്റം തുടർന്നാൽ മൂന്നു മാസത്തേക്ക് ലൈസൻസ് റദ്ദാക്കാനും കമ്മിഷണർ ഉത്തരവിട്ടിരിക്കുകയാണ്.

ഹെൽമെറ്റിൽ ക്യാമറ ഉപയോഗിക്കുന്നതിനെതിരെ നേരത്തെയും മോട്ടോർ വാഹന വകുപ്പ് കർശന മുന്നറിയിപ്പ് നൽകിയിരുന്നു. പൊതുജനത്തിനും വാഹനമോടിക്കുന്നയാൾക്കും അപകടമുണ്ടാക്കുന്ന പ്രവൃത്തിയതാണ് ഇതെന്നാണ് അധികൃതർ ചൂണ്ടിക്കാട്ടുന്നത്. ഇത്തരത്തിൽ വിഡിയോ ചിത്രീകരിക്കുന്ന തരത്തിൽ ക്യാമറ ഘടിപ്പിച്ച ഹെൽമെറ്റ് ധരിച്ചത് പിടിയിലായാൽ ആർ.സി ബുക്കും ലൈസൻസും റദ്ദാക്കുമെന്നാണ് നേരത്തെ വകുപ്പ് അറിയിച്ചിരുന്നത്.

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News