ഒന്നു രണ്ടുമല്ല പോളോ കിട്ടാൻ അഞ്ച് മാസം കാത്തിരിക്കണം; ബുക്കിങ് നിര്‍ത്തിവെച്ച് ഷോറൂമുകള്‍
സാധാരണ ഹാച്ച്ബാക്കുകളേക്കാൾ വില അൽപ്പം കൂടുതലാണെങ്കിലും സർവീസ് ചെലവുകൾ കൂടുതലാണെങ്കിലും ഇന്ത്യയിൽ ജർമൻ സൗന്ദര്യമായ പോളോ വർഷങ്ങളായി നിർബാധം വിറ്റുകൊണ്ടിരിക്കുകയാണ്.
കാലമെത്ര മാറിയാലും മാറാത്തതായി എന്തുണ്ടെന്ന് ചോദിച്ചാൽ വാഹനലോകം ഒരു ശബ്ദത്തിൽ പറയുന്ന ഒന്നുണ്ട്. വോക്‌സ് വാഗൺ പോളോയും- അതിനോടുള്ള ലോകത്തിന്റെ പ്രേമവും. കാലാനുവർത്തിയാണ് പോളോയുടെ രൂപഭംഗിയെന്നാണ് വാഹനലോകത്തെ വിദഗ്ധർ പറയുന്നത്.
ഇന്ത്യയിലും അതിന് മാറ്റമില്ല. സാധാരണ ഹാച്ച്ബാക്കുകളേക്കാൾ വില അൽപ്പം കൂടുതലാണെങ്കിലും സർവീസ് ചെലവുകൾ കൂടുതലാണെങ്കിലും ഇന്ത്യയിൽ ജർമൻ സൗന്ദര്യമായ പോളോ വർഷങ്ങളായി നിർബാധം വിറ്റുകൊണ്ടിരിക്കുകയാണ്.
ഇപ്പോൾ സംഭവിച്ചിരിക്കുന്നത് എന്തെന്നാൽ ഇപ്പോൾ പോളോയുടെയും വെന്റോയുടെയും ചില വേരിയന്റുകൾക്ക് അഞ്ച് മാസമായി ബുക്കിങ് കാലയളവ് ഉയർന്നിരിക്കുന്നു. പോളോ ട്രെൻഡ്‌ലൈൻ എംപിഐ, കംഫർട്ട് ലൈൻ ടിഎസ്‌ഐ എംടി, ഹൈലൈൻ പ്ലസ് ടിഎസ്‌ഐ എംടി, ഹൈലൈൻ പ്ലസ് ടിഎസ്‌ഐ എ.ടി, ജിടി ടിഎസ്‌ഐ എടി. എന്നീ വേരിയന്റുകൾക്കാണ് ബുക്കിങ് കാലയളവ് അഞ്ച് മാസമായി ഉയർന്നിരിക്കുന്നത്. കൂടാതെ സെഡാൻ മോഡലായ വെന്റോയുടെ ഹൈലൈൻ ടിഎസ്‌ഐ എംടി വേരിയന്റിനും ബുക്കിങ് കാലയളവ് അഞ്ച് മാസമായി മാറിയിട്ടുണ്ട്.
ഇതിനെ തുടർന്ന് വാഹനത്തിന്റെ ബുക്കിങ് നിർത്തിവച്ചിരിക്കുകയാണ് കമ്പനി. പോളോ കംഫർട്ട് ലൈൻ എംപിഐയുടെയും കംഫർട്ട് ലൈൻ ടിഎസ്‌ഐ എ.ടി വേരിയന്റിന്റെയും വെന്റോയുടെ കംഫർട്ട് ലൈൻ എംടി, ഹൈലൈൻ പ്ലസ് ടിഎസ്‌ഐ എംടി വേരിയന്റുകളുടേയും ബുക്കിങാണ് തത്കാലത്തേക്ക് നിർത്തിവെക്കാൻ ഷോറൂമുകൾക്ക് നിർദേശം നൽകിയിരിക്കുന്നത്. ഇതുവരെയുള്ള ബുക്കിങുകളിൽ വാഹനം ഡെലിവറി ചെയ്തതിന് ശേഷം മാത്രമേ പുതിയ ബുക്കിങുകൾ സ്വീകരിക്കുകയുള്ളൂ.
ആഗോള വാഹനലോകത്തെ തന്നെ സ്വാധീനിച്ച സെമി കണ്ടക്ടർ ക്ഷാമവും കോവിഡ് ലോക്ഡൗണും പോളോയുടെ ഉത്പാദനത്തെ ബാധിച്ചതും ഡിമാൻഡ് കൂടിയതുമാണ് ഇത്തരത്തിലൊരു അവസ്ഥയിലേക്ക് കാര്യങ്ങളെത്താൻ കാരണമെന്നാണ് സൂചന.