ഇലക്ട്രിക് വാഹന നിര്‍മാണത്തിനായി കമ്പനി രൂപീകരിച്ച് ഷവോമി
മൊബൈൽ ഫോൺ മേഖലയെ തന്നെ മാറ്റിമറിച്ചുകൊണ്ടായിരുന്നു ഷവോമിയുടെ വരവ്. ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ വിറ്റുപോകുന്ന മൊബൈൽ ഫോൺ ബ്രാൻഡുകളിലൊന്ന് ഷവോമിയാണ്. ആ അത്ഭുതം തന്നെയാണ് വൈദ്യുത വാഹന മേഖലയിലും ഉപഭോക്താക്കൾ പ്രതീക്ഷിക്കുന്നത്.
ആഗോളതലത്തിൽ തന്നെ മൊബൈൽ ഫോൺ നിർമാണത്തിൽ വിപ്ലവം സൃഷ്ടിച്ച ചൈനീസ് ഭീമന്‍മാരായ ഷവോമി ഇലക്ട്രിക് വാഹന നിർമാണത്തിലേക്ക് കടക്കുന്നു. ഷവോമി ഇവി എന്ന പേരിൽ ഇലക്ട്രിക് വാഹന നിർമാണത്തിനായി കമ്പനി രജിസ്റ്റർ ചെയ്തതായി ഷവോമി അറിയിച്ചു.
ഷവോമി ഇവി ഐഎൻസി എന്ന സ്ഥാപനം 1.55 ബില്യൺ യുഎസ് ഡോളറിന്റെ മൂലധന നിക്ഷേപമാണ് ഇപ്പോൾ നടത്തിയിരിക്കുന്നത്. ഷവോമിയുടെ സിഇഒയായ ലീ ജൂൺ തന്നെയാണ് ഷവോമി ഇവിയുടെയും മേധാവി.
ഇലക്ട്രിക് വെഹിക്കിൾ കമ്പനിയിലേക്ക് 300 ജോലിക്കാരെയും കമ്പനി നിയമിച്ചു കഴിഞ്ഞു. കൂടാതെ ഇനിയും നിരവധി പേരെ ജോലിക്കെടുക്കുമെന്നും കമ്പനി അറിയിച്ചു. അതേസമയം കമ്പനിയുടെ ആദ്യ ഇലക്ട്രിക് വാഹനം ഏതാണെന്നോ എന്ന് പുറത്തിറങ്ങുമെന്നോ കമ്പനി അറിയിച്ചിട്ടില്ല. മൊബൈൽ ഫോൺ മേഖലയെ തന്നെ മാറ്റിമറിച്ചുകൊണ്ടായിരുന്നു ഷവോമിയുടെ വരവ്. ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ വിറ്റുപോകുന്ന മൊബൈൽ ഫോൺ ബ്രാൻഡുകളിലൊന്ന് ഷവോമിയാണ്. ആ അത്ഭുതം തന്നെയാണ് വൈദ്യുത വാഹന മേഖലയിലും ഉപഭോക്താക്കൾ പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ മാർച്ചിലാണ് തങ്ങൾ വൈദ്യുതി വാഹന നിർമാണത്തിലേക്ക് കടക്കുന്ന കാര്യം ഷവോമി അറിയിച്ചത്. പത്തു വർഷം കൊണ്ട് 10 ബില്യൺ യുഎസ് ഡോളറിന്റെ നിക്ഷേപം വൈദ്യുത വാഹന മേഖലയിൽ നടത്തുമെന്നും കമ്പനി അറിയിച്ചു.