'പെട്രോൾ ഇല്ലെങ്കിലും വാഹനം ഓടിക്കാം'; രാജ്യത്തെ ആദ്യ ഫ്‌ലക്‌സ് എഞ്ചിൻ വാഹനം പുറത്തിറക്കി ടൊയോട്ട

പെട്രോളും എഥനോളും ഇന്ധനമായി ഉപയോഗിക്കാൻ സാധിക്കുന്ന വാഹനമായാണ് കൊറോള ആൾട്ടിസ് പുറത്തിറക്കിയിരിക്കുന്നത്

Update: 2022-10-12 13:54 GMT
Editor : Dibin Gopan | By : Web Desk
Advertising

മുംബൈ: ഇന്ത്യയിലെ ആദ്യ ഫ്ലക്‌സ് ഫ്യുവൽ വാഹനം പുറത്തിറക്കി ടൊയോട്ട. കമ്പനിയുടെ പുതുതലമുറ കൊറോള ആൾട്ടിസിനെ അടിസ്ഥാനമാക്കിയാണ് ഫ്ലക്‌സ് ഫ്യുവൽ പതിപ്പ് രാജ്യത്ത് എത്തിച്ചിരിക്കുന്നത്. ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയുടെ വസതിയിലാണ് വാഹനം ആദ്യമായി പ്രദർശിപ്പിച്ചത്. പെട്രോളും എഥനോളും ഇന്ധനമായി ഉപയോഗിക്കാൻ സാധിക്കുന്ന വാഹനമായാണ് കൊറോള ആൾട്ടിസ് പുറത്തിറക്കിയിരിക്കുന്നത്.

ഇതിനൊപ്പം ഹൈബ്രിഡ് സാങ്കേതികവിദ്യയും നൽകിയിട്ടുണ്ട്. 1.8 ലിറ്റർ പെട്രോൾ എൻജിൻ 101 ബി.എച്ച്.പി. പവറും 142.2 എൻ.എം ടോർക്കും ഉത്പാദിപ്പിക്കും. ഇതിനൊപ്പം 72 ബി.എച്ച്.പി. പവറും 162.8 എൻ.എം. ടോർക്കുമേകുന്ന ഇലക്ട്രിക് മോട്ടോറും 1.3സണവ ബാറ്ററിപാക്കും നൽകിയിട്ടുണ്ട്. സി.വി.ടിയാണ് ട്രാൻസ്മിഷൻ.

പെട്രോൾ വില കുറക്കാനാവില്ലെന്ന തിരിച്ചറിവിൽ  പ്രഖ്യാപിച്ച ഇന്ധനനയമാണ് ഫ്‌ലക്‌സ് ഫ്യൂവലിന്റേത്. പരമാവധി പെട്രോൾ ഉപയോഗം കുറക്കുക എന്നതായിരുന്നു കേന്ദ്രം ആവിഷ്‌കരിച്ച പുതിയ നയത്തിന്റെ അടിസ്ഥാന ആശയം. ഒന്നിലധികം തരത്തിലുള്ള ഇന്ധനത്തിലോ ഇന്ധനത്തിന്റെ മിശ്രിതത്തിലോ പ്രവർത്തിക്കാൻ കഴിയുന്ന എഞ്ചിനുകളെയാണ് ഫ്‌ലക്‌സ് എഞ്ചിനുകൾ എന്ന് വിളിക്കുന്നത്.

അന്താരാഷ്ട്ര വിപണിയിൽ എഥനോൾ അല്ലെങ്കിൽ മെഥനോൾ പെട്രോൾ മിശ്രിതമാണ് ഇത്തരം ഇന്ധനങ്ങളായി ഉപയോഗിക്കുന്നത്. ഫ്‌ലക്‌സ് ഇന്ധന എഞ്ചിന് നൂറുശതമാനം പെട്രോളിലോ എഥനോളിലോ പ്രവർത്തിക്കാൻ കഴിയുമെന്നതും സവിശേഷതയാണ്.

ഇന്ത്യയിൽ പെട്രോളിനൊപ്പം എഥനോളാണ് മിക്‌സ് ചെയ്യുന്നത്. പെട്രോളിനെയും ഡീസലിനെയും അപേക്ഷിച്ച് കുറഞ്ഞ വിലയാണ് എഥനോളിനുള്ളത്. ഒരു ലിറ്റർ പെട്രോളിന് 100 രൂപയ്ക്ക് മുകളിലും ഡീസലിന് 90 രൂപയ്ക്ക് മുകളിലുമാണ് നിലവിലെ വില. എന്നാൽ, എഥനോളിന് ലിറ്ററിന് 62.65 രൂപ മാത്രമാണ് വില. അതുകൊണ്ട് തന്നെ എഥനോൾ ഇന്ധനമായി ഉപയോഗിക്കുകയോ എഥനോൾ ചേർന്ന പെട്രോൾ ഉപയോഗിക്കുകയോ ചെയ്യുന്നതിലൂടെ ഉപയോക്താക്കളുടെ ഇന്ധനച്ചെലലവിൽ കാര്യമായ കുറവുണ്ടായേക്കുമെന്നാണ് സർക്കാർ പറയുന്നത്.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News