ഫോക്സ്‍വാഗന്‍ കാറുകള്‍ക്ക് സുരക്ഷയില്ലെന്ന് കണ്ടെത്തല്‍

Update: 2018-01-07 11:54 GMT
ഫോക്സ്‍വാഗന്‍ കാറുകള്‍ക്ക് സുരക്ഷയില്ലെന്ന് കണ്ടെത്തല്‍
Advertising

സൈബര്‍ഹാക്കിങ് വഴി ഫോക്സ്‌വാഗണ്‍ കാറുകള്‍ തുറക്കാന്‍ കഴിയുമെന്ന കണ്ടെത്തലാണ് കമ്പനിയെ ഇപ്പോള്‍പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.

വിവാദങ്ങള്‍ വിട്ടൊഴിയാതെ ഫോക്സ്‌വാഗണ്‍ കമ്പനി. സൈബര്‍ഹാക്കിങ് വഴി ഫോക്സ്‌വാഗണ്‍ കാറുകള്‍ തുറക്കാന്‍ കഴിയുമെന്ന കണ്ടെത്തലാണ് കമ്പനിയെ ഇപ്പോള്‍പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ബര്‍മിങ് ഹാം യൂനിവേഴ്സിറ്റിയിലെ ഗവേഷകര്‍ നടത്തിയ കണ്ടെത്തല്‍ കമ്പനി അധികൃതര്‍ അംഗീകരിച്ചുകഴിഞ്ഞു.

3000 രൂപയില്‍ താഴെ മാത്രം ചെലവ് വരുന്ന ഒരുപകരണം കൊണ്ട് കാറുകളുടെ സുരക്ഷാസംവിധാനത്തെ ഹാക്ക് ചെയ്യാമെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. ഡിജിറ്റല്‍ കീകളുടെ ക്ലോണിങിലൂടെയാണ് കാറുകള്‍ തുറക്കുന്നത്. ചില പ്രത്യേക മോഡലുകളിലെ കീലെസ്സ്എന്‍ട്രി സിസ്റ്റത്തില്‍ റിവേഴ്സ് എഞ്ചിനീയറിങ് നടത്തിയാണ് ഇത് സാധ്യമാക്കുന്നത്. രഹസ്യകോഡുകളാണ് കീലെസ് എന്‍ട്രി സിസ്റ്റത്തിന്റെ പ്രത്യേകത. എന്നാല്‍ പല കാറുകള്‍ക്കും ഒരേകോഡുകളാണ് ഫോക്സ്‌വാഗണ്‍ നല്‍കിയിരിക്കുന്നതെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണ് ഗവേഷകര്‍ നടത്തിയിരിക്കുന്നത്. പിഴവുകള്‍ കണ്ടെത്തിയ ഗവേഷകസംഘം നിര്‍ണായകവിവരങ്ങള്‍ പ്രസിദ്ധീകരിക്കില്ലെന്ന് ഫോക്സ്‌വാഗണ്‍ കമ്പനിക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്.

ഓഡി, സിയറ്റ്, സ്കോഡ തുടങ്ങിയ ബ്രാന്‍ഡുകളിലുള്ള കാറുകളുടെ നിര്‍മാണം ഹാക്ക്ചെയ്യാവുന്ന തരത്തിലാണെന്ന് ബിര്‍മിങ്ഹാം സര്‍വ്വകലാശാലയിലെ ഗവേഷകരും ജര്‍മന്‍ സുരക്ഷാ ഏജന്‍സിയായ കാസ്പര്‍ ആന്‍ഡ് ഓസ്‌വാള്‍ഡും ചേര്‍ന്ന് ‍ നടത്തിയ പഠനത്തില്‍ പറയുന്നു. 1995 മുതല്‍ പുറത്തിറക്കിയ ഒരുകോടിയോളം കാറുകളെയാണ് നിര്‍മാണത്തിലെ പിഴവ് ബാധിക്കുക. റിപോര്‍ട്ട് അംഗീകരിച്ച ഫോക്സ്‌വാഗണ്‍ എല്ലാ മോഡുകളിലും സുരക്ഷാപ്രശ്നങ്ങളില്ലെന്ന് അറിയിച്ചിട്ടുണ്ട്. വാതില്‍ തുറക്കാമെങ്കിലും എഞ്ചിന്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ ഹാക്കിങ് വഴി സാധിക്കില്ലെന്ന നിലപാടിലാണ് കമ്പനി. റിപ്പോര്‍ട്ട് വാര്‍ത്തയായതോടെ ഗവേഷണസംഘവുമായി കമ്പനി നിരന്തരം ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. ഗോള്‍ഫ്, ടൌറാന്‍, പസ്സറ്റ് തുടങ്ങിയ മോഡലുകളെ ഹാക്കിങ് ബാധിക്കില്ലെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി. ഇനി ഇറക്കാനിരിക്കുന്ന കാറുകളില്‍ പ്രതിസന്ധി പരിഹരിക്കാനായാലും ഇറങ്ങിയ കാറുകളിലെ പ്രശ്നങ്ങള്‍ കമ്പനി എങ്ങനെ പരിഹരിക്കുമെന്ന് വ്യക്തമല്ല. പ്രതിവര്‍ഷം ഒരുകോടിയിലധികം കാറുകളാണ് ഫോക്സ്‍വാഗണ്‍ നിര്‍മിക്കുന്നത്.

Tags:    

Similar News