അഞ്ച് ലക്ഷം രൂപക്ക് താഴെ വിലയുള്ള അഞ്ച് മികച്ച കാറുകള്‍
ഇന്ത്യന്‍ വിപണിയില്‍ എന്‍ട്രി ലെവല്‍ കാര്‍ ശ്രേണിയില്‍ അഞ്ച് ലക്ഷം രൂപക്ക് താഴെ വില വരുന്ന അഞ്ച് മികച്ച കാറുകളാണ് ഇവിടെ പങ്കുവെക്കുന്നത്
ബജറ്റിലൊതുങ്ങുന്ന ചെറുകാറുകളോടാണോ നിങ്ങള്‍ക്ക് താല്‍പര്യം. അതേയെന്നാണ് ഉത്തരമെങ്കില്‍ ഇന്ത്യന്‍ വിപണിയില്‍ എന്‍ട്രി ലെവല്‍ കാര്‍ ശ്രേണിയില്‍ അഞ്ച് ലക്ഷം രൂപക്ക് താഴെ വില വരുന്ന അഞ്ച് മികച്ച കാറുകളാണ് ഇവിടെ പങ്കുവെക്കുന്നത്. ജനപ്രിയ ഇനത്തില്‍ റെനോ ക്വിഡിനെ കവച്ചുവെക്കാന്‍ എതിരാളികളില്ലെങ്കിലും മുടക്കുമുതലിന്റെ മൂല്യം പരിഗണിക്കുമ്പോള്‍ ഒന്നാം നിരയിലേക്ക് ഉയരുക ഫോര്‍ഡ് ഫിഗോയാണ്.
ഫോര്‍ഡ് ഫിഗോ
ഇന്ത്യന്‍ വിപണിയില്‍ ഫോര്‍ഡിനെ തകര്‍ച്ചയുടെ വക്കില്‍ നിന്നു രക്ഷിച്ച മോഡലാണ് ഫിഗോ. മാരുതി സ്വിഫ്റ്റിന് ആധിപത്യമുള്ള ഹാച്ച്ബാക്ക് വിപണിയില്‍ കുറഞ്ഞ വിലയ്ക്ക് കൂടുതല്‍ ഫീച്ചേഴ്‌സ് നല്‍കിയാണ് ഫിഗോ വിജയം കൊയ്തത്. സ്വിഫ്റ്റ്, ഗ്രാന്‍ഡ് ഐ 10 മോഡലുകളെ അപേക്ഷിച്ച് വീല്‍ബേസ് കൂടുതലുള്ളതുകൊണ്ടുതന്നെ ഫിഗോയ്ക്ക് ഇന്റീരിയര്‍ സ്‌പേസ് അധികമുണ്ട്. ഗ്രൗണ്ട് ക്ലിയറന്‍സും ഫിഗോയ്ക്കാണ് കൂടുതല്‍. ബൂട്ട് സ്‌പേസിന്റെ കാര്യത്തിലും ഫിഗോ മുന്നിട്ടുനില്‍ക്കുന്നു. സ്വിഫ്റ്റിന് 230 ലിറ്ററും ഗ്രാന്‍ഡ് ഐ 10 ന് 256 ലിറ്ററും ബൂട്ട്‌സ്‌പേസ് ഉള്ള സ്ഥാനത്ത് 257 ലിറ്ററാണ് ഫിഗോയ്ക്ക്.
ഫോര്‍ഡിന്റെ മറ്റു മോഡലുകളെപ്പോലെ കരുത്തുറ്റ എസിയാണ് ഇതിനും. ഫിഗോ ആസ്‌പൈര്‍ സെഡാനിലെപോലെ ഹില്‍ ക്ലൈംപ് അസിസ്റ്റ് , ട്രാക്ഷന്‍ കണ്‍ട്രോള്‍ എന്നീ മുന്തിയ ഫീച്ചറുകള്‍ ഫിഗോയിലുണ്ട്. സുരക്ഷയിലും ഫിഗോ മുന്നില്‍ തന്നെ. അടിസ്ഥാനവകഭേദത്തിനു പോലും ഡ്രൈവര്‍ എയര്‍ബാഗുണ്ട്. മൂന്ന് എന്‍ജിന്‍ ഓപ്ഷനുകളില്‍ ഫിഗോ ലഭ്യമാണ്. 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിന് 87 ബിഎച്ച്പി 112 എന്‍എം ആണ് ശേഷി. മൈലേജ് ലിറ്ററിന് 18.16 കിലോമീറ്റര്‍. കൂടുതല്‍ പെര്‍ഫോമന്‍സ് ആഗ്രഹിക്കുന്നവര്‍ക്ക് 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനുണ്ട്. 110 ബിഎച്ച്പി 136 എന്‍എം ആണ് ഇതിനു ശേഷി. 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന് 99 ബിഎച്ച്പി 215 എന്‍എം ആണ് ശേഷി. സ്വിഫ്റ്റിന്റെ 1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിനേക്കാള്‍ 25 ബിഎച്ച്പി അധികമാണിത്. മൈലേജ് ലിറ്ററിന് 25.83 കിലോമീറ്റര്‍. ഡീസല്‍ 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനുകള്‍ക്ക് അഞ്ച് സ്പീഡ് മാന്വല്‍ ഗീയര്‍ബോക്‌സാണ്. 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിന് ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗീയര്‍ ബോക്‌സ് മാത്രമാണുള്ളത്. മൈലേജ് ലിറ്ററിന് 17 കിലോമീറ്റര്‍. 4.53 ലക്ഷം മുതല്‍ 7.27 ലക്ഷം രൂപ വരെയാണ് വില.
ടാറ്റ തിയാഗോ
ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ മരണവാഹിയായി പടര്‍ന്നുപിടിച്ച സിക വൈറസ് കാരണം പുലിവാല്‍ പിടിച്ചതായിരുന്നു ടാറ്റയുടെ ഈ പുതിയ മോഡല്‍. ആദ്യം ടാറ്റ സിക എന്നായിരുന്നു ഇതിനു നിശ്ചയിച്ചിരുന്ന പേര്. എന്നാല്‍ പിന്നീടിത് തിയാഗോ എന്ന് പേര് മാറ്റി. 3.20 ലക്ഷം അടിസ്ഥാന വിലയിലാണ് തിയാഗോ എത്തിയത്. ഡീസല്‍ എന്‍ജിന്‍ 27.28 കിലോമീറ്ററും പെട്രോളില്‍ 23.4 കിലോമീറ്റര്‍ മൈലേജുമാണ് തിയാഗോ വാഗ്ദാനം ചെയ്യുന്നത്. സുരക്ഷയും വിശ്വാസ്യതയും ഉറപ്പു നല്‍കിയാണ് തിയാഗോയുടെ പിറവി. കരുത്തുറ്റ എന്‍ജിനും തിയാഗോയെ ജനപ്രിയമാക്കുന്നു. 3.20 ലക്ഷം രൂപ മുതല്‍ 5.67 ലക്ഷം രൂപ വരെയാണ് വില.
മാരുതി സെലേരിയോ
വാഹനപ്രേമികളുടെ പ്രതീക്ഷകള്‍ക്ക് കരുത്തു പകര്‍ന്ന് ഇന്ത്യയിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള കാര്‍ എന്ന അവകാശവാദവുമായാണ് മാരുതിയില്‍ നിന്ന് ഹാച്ച്ബാക്ക് സെലേരിയോ എത്തിയത്. ഹൈവേയിലും നഗരങ്ങളിലും അനായാസ ഡ്രൈവ് സെലേരിയോയുടെ സല്‍പ്പേര് കൂട്ടുകയും ചെയ്തു. ഇതിലൂടെ സുസുകി മോട്ടോര്‍ കോര്‍പ്പറേഷന്‍ ഡിസൈന്‍ ചെയ്ത് വികസിപ്പിച്ച ഡിഡിഐഎസ് 125 എന്‍ജിന്റെ ആഗോള പ്രവേശനം കൂടി ഇതിനൊപ്പം നടന്നു. ഡീസലിലും പെട്രോളിലും മികച്ച ഇന്ധന ക്ഷമതയും സെലേരിയോയുടെ മേന്മയാണ്. ഡീസലില്‍ 27.62 കിലോമീറ്ററാണ് മൈലേജ്. ഓട്ടോ ഗീയര്‍ ഷിഫ്റ്റ് വേരിയന്റും സെലേരിയോയ്ക്കുണ്ട്. ഒരേ കാറില്‍ ആട്ടോ ഡ്രൈവ് മോഡും മാനുവല്‍ മോഡും ഒരുപോലെ വഴങ്ങുന്നു എന്നതാണ് സെലേരിയോ ഓട്ടോ ഗീയര്‍ ഷിഫ്റ്റിന്റെ പ്രത്യേകത. 4.03 ലക്ഷം രൂപ മുതല്‍ 5.11 ലക്ഷം രൂപ വരെയാണ് വില.
റെനോ ക്വിഡ്
നിരത്തിലെത്തും മുമ്പ് ഹിറ്റായ അവതാരമായിരുന്നു ക്വിഡ്. കൊക്കിലൊതുങ്ങുന്ന വിലയും ആകര്‍ഷകമായ രൂപകല്‍പനയും പോക്കറ്റ് കാലിയാക്കാത്ത ഇന്ധനക്ഷമതയുമൊക്കെയാണ് ക്വിഡിനെ സൂപ്പര്‍ഹിറ്റാക്കിയത്. അടുത്തിടെ കരുത്തേറ്റ ഒരു ലിറ്റര്‍ എന്‍ജിന്‍ ക്വിഡ് വിപണിയില്‍ എത്തിക്കുകയും ചെയ്തു. കോംപാക്ട് ഹാച്ച്ബാക്ക് വിഭാഗത്തില്‍ കരുത്തേറിയ എന്‍ജിനുള്ള കാര്‍ ആഗ്രഹിക്കുന്നവരെയാണു പുതിയ 'ക്വിഡി'ലൂടെ റെനോ നോട്ടമിട്ടത്. അകത്തും പുറത്തും എതിരാളികളെ വെല്ലുന്ന തരത്തിലുള്ള ഫീച്ചറുകളും മികച്ച ഗ്രൌണ്ട് ക്ലിയറന്‍സും ടച്ച് സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം തുടങ്ങിയ സവിശേഷതകളും ക്വിഡിനെ ജനപ്രിയമാക്കുന്നതില്‍ സുപ്രധാന ഘടകങ്ങളാണ്. വിലയാണെങ്കില്‍ 4 ലക്ഷം രൂപക്കും താഴെ മാത്രം. അടിസ്ഥാന വേരിയന്റിന് 2.64 ലക്ഷം രൂപയും ഉയര്‍ന്ന വേരിയന്റിന് 3.95 ലക്ഷം രൂപയുമാണ് വില.
ഹുണ്ടായ് ഗ്രാന്റ് ഐ10
വിപണിയിലെ പ്രായത്തില്‍ മുമ്പനെങ്കിലും ഈ ശ്രേണിയില്‍ മത്സരിച്ചു നില്‍ക്കുന്നവരില്‍ ഒട്ടും പിറകിലല്ല ഗ്രാന്റ് ഐ10. അഴകിലും കരുത്തിലും ഒരുപടി മുന്നില്‍. കീലെസ് എന്‍ട്രി എന്‍ജിന്‍ സ്റ്റാര്‍ട്ട് ഫീച്ചറുമായി എത്തിയ ഗ്രാന്റ് ഐ10 പാര്‍ക്കിങ് സെന്‍സറും ഏതു സാഹചര്യത്തിലും മികച്ച ഡ്രൈവ് അനുഭവവും നല്‍കുന്നവരില്‍ ജനപ്രീതി നേടിയവനാണ്. സുരക്ഷക്കും ഗ്രാന്റ് ഐ10 പ്രാധാന്യം നല്‍കുന്നു. രണ്ട് എയര്‍ബാഗുകളും എബിഎസ് സിസ്റ്റവും ഗ്രാന്റ് ഐ10ലുണ്ട്. 4.91 ലക്ഷം രൂപ മുതല്‍ 7.02 ലക്ഷം രൂപ വരെയാണ് വില.