റിയൽ എസ്‌റ്റേറ്റിൽ ലാഭം കൊയ്യാം; ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
റിയൽഎസ്റ്റേറ്റ് ആസ്തികൾക്ക് രണ്ട് സ്വഭാവമുണ്ട്. ഒന്ന് റസിഡൻഷ്യലും മറ്റൊന്ന് കൊമേഴ്‌സ്യലുമാണ്. നമ്മൾ ഉദ്ദേശിക്കുന്ന ഏരിയ ഇതിൽ ഏതാണെന്ന് കൃത്യം ധാരണയുണ്ടായിരിക്കണം. ആസ്തികളുടെ മൂല്യം നിർണയിക്കേണ്ടത് ലൊക്കേഷനും വികസനവും സൗകര്യങ്ങളുമൊക്കെ അടിസ്ഥാനമാക്കിയാണ്.
പണമെറിഞ്ഞ് പണം വാരണമെന്ന് ചിന്തിക്കുന്നവർക്ക് നല്ലൊരു ഓപ്ഷനാണ് റിയൽ എസ്റ്റേറ്റ്. ഏറ്റവും ലാഭം തരുന്ന നിക്ഷേപമായാണ് ആളുകൾ ഈ മേഖലയെ പരിഗണിക്കുന്നത്. നിലവിലെ സാമ്പത്തിക സാഹചര്യത്തിലും അതുകൊണ്ടു തന്നെ പുതിയ റിയൽ എസ്റ്റേറ്റ് നിക്ഷേകരുടെ എണ്ണം കൂടുന്നു. എന്നാൽ കണ്ണുംപൂട്ടി പണമൊഴുക്കാൻ മിനക്കെടുന്നതിന് മുമ്പ് ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.റിയൽ എസ്റ്റേറ്റിൽ അനുഭവ സമ്പത്തില്ലാത്തവർക്ക് വലിയ നഷ്ടം പതിവാണ്. കാര്യങ്ങൾ കൃത്യമായി പഠിച്ചിരിക്കണം. ഈ മേഖലയിൽ നിങ്ങൾ പുതിയൊരാളാണ് നിങ്ങളെങ്കിൽ അറിയേണ്ട കാര്യങ്ങൾ താഴെ നൽകുന്നു.
റിയൽഎസ്റ്റേറ്റ് ആസ്തികൾക്ക് രണ്ട് സ്വഭാവമുണ്ട്. ഒന്ന് റസിഡൻഷ്യലും മറ്റൊന്ന് കൊമേഴ്‌സ്യലുമാണ്. നമ്മൾ ഉദ്ദേശിക്കുന്ന ഏരിയ ഇതിൽ ഏതാണെന്ന് കൃത്യം ധാരണയുണ്ടായിരിക്കണം. ആസ്തികളുടെ മൂല്യം നിർണയിക്കേണ്ടത് ലൊക്കേഷനും വികസനവും സൗകര്യങ്ങളുമൊക്കെ അടിസ്ഥാനമാക്കിയാണ്. നമ്മുടെ ഉപഭോക്താക്കൾ ഏത് ഫിനാൻഷ്യൽ കാറ്റഗറിയിലുള്ളവരാണ് എന്നത് പരിഗണിച്ച് വേണം വിറ്റഴിക്കേണ്ട ആസ്തി തീരുമാനിക്കാൻ. കഴിഞ്ഞ പത്ത് വർഷത്തിനിടെ ഇന്ത്യൻ റിയൽഎസ്റ്റേറ്റ് മേഖലയുടെ മുഖച്ഛായ തന്നെ മാറിയെന്ന് പറയാം. റിയൽ എസ്റ്റേറ്റ് റഗുലേറ്റർ അതോറിറ്റിയുടെ കാര്യക്ഷമമായ പ്രവർത്തനങ്ങൾ ഈ മേഖലയിലുള്ള ഉപഭോക്താക്കളുടെയും നിക്ഷേപകരുടെയും ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്.
ലൊക്കേഷൻ
റസിഡൻഷ്യൽ റിയൽഎസ്റ്റേറ്റ് ബിസിനസിൽ ഏറ്റവും പ്രാധാന്യമുള്ള ഘടകം ലൊക്കേഷനാണ്. നല്ല റോഡുകൾ,ജലലഭ്യത,പൊതുഗതാഗത സൗകര്യം, ആശുപത്രികൾ,സ്‌കൂളുകൾ,ഡേ കെയറുകൾ, ബാങ്കുകൾ അടക്കമുള്ള ധനകാര്യസ്ഥാപനങ്ങൾ,മാളുകൾ, മാർക്കറ്റുകൾ എന്നിവയൊക്കെ ചുരുങ്ങിയ ചുറ്റളവിൽ ഉണ്ടായിരിക്കണം. വീടുകളും ഫ്‌ളാറ്റുകളും വാങ്ങാൻ ഉദ്ദേശിക്കുന്നവർ പ്രധാനമായും പരിഗണിക്കുന്ന ഘടകങ്ങളാണിത്. നിങ്ങൾ പുതിയ ഏതെങ്കിലും ഏരിയയിൽ പുതിയൊരു പ്രൊജക്ട് വാങ്ങുകയാണെങ്കിൽ ആ സ്ഥലത്തിന്റെ സ്വഭാവവും ആ ആസ്തിയുടെ ഗുണവും ദോഷവുമൊക്കെ നേരിട്ട് തന്നെ പരിശോധിച്ച് മനസിലാക്കിയിരിക്കണം. വീടിന്റെയും വില്ലയുടെയും ഫ്‌ളാറ്റിന്റെയുമൊക്കെ ബ്‌ളൂപ്രിന്റ് തയ്യാറാക്കിയ ശേഷം ഇതിന്റെ യഥാർത്ഥ സൈസ് മനസിലാക്കിയിരിക്കണം.
ദൂരം ഒരു പ്രശ്‌നമല്ല
കോവിഡിന് ശേഷം നമ്മുടെ റിയൽഎസ്‌റ്റേറ്റ് കാഴ്ച്ചപ്പാടുകൾ മാറിമറിഞ്ഞിട്ടുണ്ട്. ജോലി സ്ഥലങ്ങളിലേക്ക് എളുപ്പം എത്തിപ്പെടാൻ സാധിക്കാവുന്ന സ്ഥലങ്ങളിൽ നേരത്തെ പാർപ്പിടങ്ങൾ നോക്കിയിരുന്നവർ ഇപ്പോൾ മാറി ചിന്തിച്ചു തുടങ്ങിയിട്ടുണ്ട്. വർക്ക് ഫ്രം ഹോം സംവിധാനത്തിന്റെ സാധ്യതകളാണ് ആളുകൾ പ്രയോജനപ്പെടുത്തുന്നത്. ഭാവിയിലും ഓഫീസിൽ ഇരുന്നുള്ള ജോലിയെന്ന കാഴ്ച്ചപ്പാട് ഇല്ലാതായേക്കും . അതുകൊണ്ട് തന്നെ താമസ സ്ഥലത്തിനായി സ്വന്തം നാട് തിരഞ്ഞെടുക്കാനുള്ള സാധ്യതയാണ് കാണുന്നത്. എന്നാൽ ഇവിടങ്ങളിലും വികസന സാധ്യതകളുള്ള പ്രദേശത്തിനാണ് മുൻഗണന. നെറ്റ്വർക്കും മുടക്കമില്ലാത്ത വൈദ്യുതിയുമൊക്കെ ഇത്തരം പ്രോപ്പർട്ടികൾ തിരഞ്ഞെടുക്കുന്നതിൽ മുൻഗണന നൽകും.
രേഖകൾ പരിശോധിക്കുക
ഈ ബിസിനസിൽ ഡോക്യുമെന്റുകൾക്കുള്ള പ്രാധാന്യം വലുതാണ്. ഭൂമിയായാലും പ്രോപ്പർട്ടിയായാലും ഉടമസ്ഥതയും വിൽപ്പനാവകാശവും തെളിയിക്കാൻ ആവശ്യമായ മുഴുവൻ രേഖകളും ഉണ്ടോയെന്ന് ആദ്യമേ സ്വയം ഉറപ്പു വരുത്തേണ്ടതാണ്. ഭാവിയിൽ വിൽപ്പന പൂർത്തിയാക്കാൻ തടസമുണ്ടാകരുത്.
സെയിൽ ഡീഡ് പൂർത്തിയാക്കാൻ ആവശ്യമായ നിയമപരമായ ജോലിയുടെ അളവ് നിർണ്ണയിക്കാൻ ഇത് സഹായിക്കും. കൂടാതെ ഉടമസ്ഥാവകാശ രേഖകൾ കൈമാറ്റം ചെയ്യാൻ ആവശ്യമായ ഫീസുകളെയും പേപ്പർ വർക്ക്് ആവശ്യകതകളെ കുറിച്ച് അറിയാനും ഡോക്യുമെന്റുകൾ പരിശോധിക്കുന്നതിലൂടെ സാധിക്കും. ഇതിനൊക്കെ പുറമേ പർച്ചേസ് റേറ്റ് നിശ്ചയിക്കാനും ഇത്തരം ഫീസുകൾ അറിഞ്ഞിരിക്കണം.
റീസെയിൽ വാല്യു
ഒരു പ്രോപ്പർട്ടിയിൽ നിക്ഷേപിക്കും മുമ്പ് എന്തായാലും റീസെയിൽ വാല്യു അറിഞ്ഞിരിക്കണം. ഈ ആസ്തികളിൽ നിക്ഷേപിച്ചു കഴിഞ്ഞാൽ മികച്ച വരുമാനം ലഭിക്കണം. പ്രോപ്പർട്ടി വിലകൾ ഗണ്യമായി ഉയരണം. പലരും വീടോ ഫ്‌ളാറ്റോ കൊമേഴ്‌സ്യൽ പ്രോപ്പർട്ടികളോ വാങ്ങുമ്പോൾ ഇത് അവഗണിക്കുന്നു. ഒരു അടിയന്തിരഘട്ടമുണ്ടാകുമ്പോൾ ഇവ വിറ്റാൽ പ്രതീക്ഷിക്കുന്ന തുക കിട്ടുമോ എന്ന് നേരത്തെ ധാരണ വേണം. ലൊക്കേഷനും ബജറ്റും മാത്രം പരിഗണിച്ചല്ല റിയൽ എസ്റ്റേറ്റ് ആസ്തികൾ വാങ്ങേണ്ടത്. മികച്ച ലാഭം നൽകാൻ ശേഷിയുണ്ടോ എന്നാണ് നോക്കേണ്ടത്.