ബെര്‍മിങ്ഹാം ടെസ്റ്റില്‍ ഇന്ത്യക്ക് തോല്‍വി

31 റണ്‍സിന്റെ വിജയവുമായി ഇംഗ്ലണ്ട് അഞ്ച് ടെസ്റ്റ് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 1-0ത്തിന് മുന്നിലെത്തി.

Update: 2018-08-04 11:54 GMT
Advertising

ബര്‍മിങ്ഹാം ടെസ്റ്റില്‍ ഇന്ത്യക്ക് തോല്‍വി. 194 റണ്‍സിന്റെ വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് 162 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. 31 റണ്‍സിന്റെ വിജയവുമായി ഇംഗ്ലണ്ട് അഞ്ച് ടെസ്റ്റ് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 1-0ത്തിന് മുന്നിലെത്തി. സ്കോര്‍ബോര്‍ഡ് ചുരുക്കത്തില്‍, ഇംഗ്ലണ്ട്, 287,180. ഇന്ത്യ, 274,162. നാലാം ദിനത്തില്‍ 84 റണ്‍സായിരുന്നു ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. ക്രീസിലുണ്ടായിരുന്ന ദിനേശ് കാര്‍ത്തികിനെ ആദ്യം മടക്കി ജെയിംസ് ആന്‍ഡേഴ്സനാണ് ഇന്ത്യയെ ഞെട്ടിച്ചത്.

പിന്നീടെത്തിയ ഹാര്‍ദ്ദിക്ക് പാണ്ഡ്യയുമൊത്ത് കോഹ്ലി സ്കോര്‍ബോര്‍ഡ് ചലിപ്പിച്ചെങ്കിലും അര്‍ദ്ധ സെഞ്ച്വറി നേടിയ കോഹ്ലിയെ(51) ബെന്‍സ്റ്റോക്ക് വിക്കറ്റിന് മുന്നില്‍ കുരുക്കി. അതോടെ ഇന്ത്യയുടെ പരാജയം അടുത്തു. പിന്നെ വന്ന ശമിക്ക് പിടിച്ചുനില്‍ക്കാനായില്ല. എന്നാല്‍ അവസാന വിക്കറ്റില്‍ ഇശാന്തും ഹാര്‍ദ്ദിക്കും ചില പ്രതീക്ഷകള്‍ നല്‍കിയെങ്കിലും 31 റണ്‍സെടുത്ത പാണ്ഡ്യയെ ബെന്‍സ്റ്റോക്ക് മടക്കി ഇംഗ്ലണ്ടിന് ജയമൊരുക്കുകയും ചെയ്തു.

മൂന്നാം ദിനം കളി അവസാനിക്കുമ്പോള്‍ അഞ്ച് വിക്കറ്റിന് 110 റണ്‍സെന്ന നിലയിലായിരുന്നു ഇന്ത്യ. കോഹ്‌ലിയും കാര്‍ത്തിക്കുമായിരുന്നു ക്രീസില്‍.

ഇംഗ്ലണ്ടിനെ രണ്ടാം ഇന്നിങ്‌സില്‍ 180 റണ്‍സിന് എറിഞ്ഞൊതുക്കി ഇന്ത്യന്‍ ബൗളര്‍മാര്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 63 റണ്‍സ് നേടിയ സാം കുറാനാണ് ഇംഗ്ലണ്ടിനെ വന്‍ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. ഇന്ത്യക്കായി ഇഷാന്ത് ശര്‍മ അഞ്ചും അശ്വിന്‍ മൂന്ന് വിക്കറ്റും വീഴ്ത്തി.

194 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് മുന്‍നിര വിക്കറ്റുകള്‍ തുടരെ നഷ്ടമാകുന്നതാണ് കണ്ടത്. എന്നാല്‍ നായകന്‍ കോഹ്‌ലി ക്രീസില്‍ നിലയുറപ്പിച്ചത് പ്രതീക്ഷ നല്‍കിയെങ്കിലും ഇംഗ്ലണ്ട് മത്സരത്തിലേക്ക് തിരിച്ചുവരികയായിരുന്നു.

Tags:    

Similar News