വെടിക്കെട്ട് അരങ്ങേറ്റത്തിന് പിന്നാലെ പന്തിന്റെ പേരില്‍ നാണക്കേടിന്റെ ‘ഡക്ക്’ റെക്കോഡ്  

29 പന്തുകള്‍ നേരിട്ട ശേഷം പുറത്തായ ഋഷഭ് പന്തിന് റണ്ണൊന്നും എടുക്കാന്‍ കഴിഞ്ഞില്ല. ഏറ്റവും കൂടുതല്‍ പന്ത് നേരിട്ട് റണ്‍ നേടാനാകാതെ വന്ന ഇന്ത്യക്കാരുടെ റെക്കോഡ് ബുക്കിലായി ഇതോടെ പന്തിന്റെ സ്ഥാനം

Update: 2018-09-01 07:19 GMT
Advertising

ഇന്ത്യക്കുവേണ്ടി ഏറ്റവും കൂടുതല്‍ പന്തുകള്‍ നേരിട്ട റണ്‍ നേടാനാകാതെ പുറത്തായ ബാറ്റ്‌സ്മാന്മാരുടെ കൂട്ടത്തില്‍ ഇനി ഇനി ഋഷഭ് പന്തിന്റെ പേരും. ട്വന്റി 20യില്‍ വെടിക്കെട്ട് ബാറ്റ്‌സ്മാനായ പന്ത് നിരാശപ്പെടുത്തുന്ന പ്രകടനമാണ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ നടത്തിയത്. 29 പന്തുകള്‍ നേരിട്ട ശേഷം പുറത്തായ ഋഷഭ് പന്തിന് റണ്ണൊന്നും എടുക്കാന്‍ കഴിഞ്ഞില്ല.

ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിന്റെ രണ്ടാം ദിനത്തില്‍ അജിങ്ക്യ രഹാനെ പുറത്തായതോടെയാണ് പന്ത് ക്രീസിലെത്തുന്നത്. 29 പന്തുകള്‍ നേരിട്ടെങ്കിലും റണ്ണെടുക്കാന്‍ കഴിയാതിരുന്ന പന്തിന്റെ വിക്കറ്റ് ഇംഗ്ലീഷ് ഓഫ് സ്പിന്നറായ മൊയീന്‍ അലിയാണ് വീഴ്ത്തിയത്. ചായക്കു മുമ്പുള്ള അവസാന ഓവറില്‍ അലിയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങിയാണ് പന്ത് പുറത്തായത്. ഇത് പിന്നീട് ഇന്ത്യന്‍ മധ്യനിരയുടെ തകര്‍ച്ചയിലേക്ക് നയിച്ചു. ഇന്ത്യയുടെ അഞ്ച് വിക്കറ്റുകളാണ് തുടരെ മൊയീന്‍ അലി വീഴ്ത്തിയത്.

ഏറ്റവും കൂടുതല്‍ പന്ത് നേരിട്ട് റണ്‍ നേടാനാകാതെ വന്ന ഇന്ത്യക്കാരുടെ റെക്കോഡ് ബുക്കിലായി ഇതോടെ പന്തിന്റെ സ്ഥാനം. ഇര്‍ഫാന്‍ പത്താന്‍ 2005ല്‍ ബംഗളൂരുവില്‍ പാകിസ്താനെതിരെയും സുരേഷ് റെയ്‌ന 2011ല്‍ ഓവലില്‍ ഇംഗ്ലണ്ടിനെതിരെയും 29 പന്തുകളില്‍ നിന്നും റണ്ണെടുക്കാനാകാതെ പുറത്തായിട്ടുണ്ട്. ആ നാണക്കേടിന്റെ കൂട്ടത്തിലേക്കാണ് 20കാരനായ പന്തിന്റെ പേരും എഴുതിച്ചേര്‍ക്കപ്പെട്ടിരിക്കുന്നത്. ഏറ്റവും കൂടുതല്‍ പന്തുകള്‍ നേരിട്ട ശേഷം പുറത്താകുന്ന വിക്കറ്റ് കീപ്പറെന്ന റെക്കോഡിന്റെ ഉടമയും ഇതോടെ ഋഷഭ് പന്തായി മാറി.

ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ ഗംഭീരമായാണ് ഇടംകയ്യന്‍ ബാറ്റ്‌സ്മാന്‍ കൂടിയായ പന്ത് അരങ്ങേറിയത്. ആദ്യ മത്സരത്തില്‍ നേരിട്ട രണ്ടാം പന്ത് തന്നെ സിക്‌സറിന് പറത്തി. ഇത്തരമൊരു തുടക്കം ലഭിക്കുന്ന ആദ്യ ഇന്ത്യന്‍താരമാണ് പന്ത്. ഈ മത്സരത്തില്‍ ഏഴ് ക്യാച്ചുകള്‍ നേടി വിക്കറ്റിന് പിന്നിലും ഋഷഭ് പന്തിന്റെ മികച്ച പ്രകടനമായിരുന്നു. ഇത് ടെസ്റ്റില്‍ അരങ്ങേറുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പറുടെ പേരിലുള്ള റെക്കോഡാണ്. ഈ അഭിമാന റെക്കോഡുകള്‍ക്ക് പിറകെയാണ് പന്തിന്റെ പേരില്‍ നാണക്കേടിന്റെ 'ഡക്ക്' റെക്കോഡ് കൂടി കുറിക്കപ്പെട്ടിരിക്കുന്നത്.

WATCH - Pant equals India's longest duck in Test cricket - ESPNcricinfo

Read more on ESPN

Tags:    

Similar News