കുക്കിന് അര്‍ധ സെഞ്ചുറി; പിന്നാലെ ഇംഗ്ലീഷ് ബാറ്റിംങ് തകര്‍ന്നു
കുക്ക് പുറത്തായതിന് പിന്നാലെ 1ന് 133 എന്ന നിലയില്‍ നിന്നും ആദ്യദിനം കളി അവസാനിക്കുമ്പോള്‍ ഏഴിന് 181 എന്ന നിലയിലേക്ക് ഇംഗ്ലണ്ട് തകര്‍ന്നു.
വിടവാങ്ങല്‍ ടെസ്റ്റിന്റെ ആദ്യ ഇന്നിംങ്‌സില്‍ അലസ്റ്റര്‍ കുക്കിന്റെ അര്‍ധസെഞ്ചുറിക്ക് പിന്നാലെ ഇന്ത്യന്‍ ബൗളര്‍മാരുടെ തിരിച്ചടി. 1ന് 133 എന്ന നിലയില്‍ നിന്നും ആദ്യദിനം കളി അവസാനിക്കുമ്പോള്‍ ഏഴിന് 181 എന്ന നിലയിലേക്ക് ഇംഗ്ലണ്ട് തകര്‍ന്നു. ഇന്ത്യക്കായി ഇശാന്ത് ശര്‍മ്മ മൂന്നും ബുംറ ജഡേജ എന്നിവര്‍ രണ്ടുവീതവും വിക്കറ്റ് വീഴ്ത്തി.
അവസാന ടെസ്റ്റിനിറങ്ങിയ കുക്ക് മികച്ച തുടക്കമാണ് ഇംഗ്ലണ്ടിന് നല്‍കിയത്. 190 പന്തില്‍ നിന്നും 71 റണ്‍സെടുത്ത കുക്കിന്റെ വിക്കറ്റ് ബുംറ തെറിപ്പിക്കുകയായിരുന്നു. രണ്ടാം വിക്കറ്റില്‍ മൊയിന്‍ അലിക്കൊപ്പം ചേര്‍ന്ന് 73 റണ്‍സിന്റെ കൂട്ടുകെട്ട് കുക്ക് ഉയര്‍ത്തിയിരുന്നു.
പിന്നീട് ഇംഗ്ലീഷ് ബാറ്റിംങിന്റെ കൂട്ടത്തകര്‍ച്ചയാണ് കണ്ടത്. കുക്കിന് പിന്നാലെ നായകന്‍ റൂട്ടിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി ബുംറ ഇംഗ്ലണ്ടിനെ ഞെട്ടിച്ചു. അടുത്ത ഓവറില്‍ ഇശാന്ത് ബെയര്‍സ്‌റ്റോയേയും പുറത്താക്കി. അര്‍ധസെഞ്ചുറി നേടിയ ഉടന്‍ തന്നെ മൊയിന്‍ അലിയെ(50) ഇശാന്ത് ഋഷഭ് പന്തിന്റെ കൈകളിലെത്തിച്ചു. മുന്‍ടെസ്റ്റുകളില്‍ മികച്ച പ്രകടനം നടത്തിയ സാം കറനെ കൂടി റണ്ണെടുക്കും മുമ്പേ ഇശാന്ത് മടക്കിയതോടെ ഇംഗ്ലീഷ് മധ്യനിര തകര്‍ന്നു.
ആദ്യ ദിനം കളി അവസാനിക്കുമ്പോള്‍ ജോസ് ബട്‌ലറും(11) ആദില്‍ റഷീദും(4) ആണ് ക്രീസില്‍. മോശം ഫോമിലായ ഹാര്‍ദിക് പാണ്ഡ്യക്ക് പകരം ഹനുമാ വിഹാരി ഇന്ത്യക്കായി അരങ്ങേറി. അശ്വിനുപകരക്കാരനായാണ് രവീന്ദ്ര ജഡേജ ടീമിലെത്തിയിരിക്കുന്നത്.