ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞതില്‍ നിരാശയുണ്ടോ? ധോണി പറയുന്നു
ആരെയും കൊതിപ്പിക്കുന്നു റെക്കോഡുകളാണ് ക്യാപ്റ്റന്‍ ധോണിയുടെ പേരിലുള്ളത്. എന്നിട്ടും എന്തിനായിരുന്നു ധോണി ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞത്?
ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച നായകരിലൊരാളാണ് എംഎസ് ധോണി. ആരാധകരെയും എതിരാളികളേയും അമ്പരപ്പിക്കുന്ന തീരുമാനങ്ങള്‍ മൈതാനത്ത് എടുക്കുന്ന ധോണി അതേ ചടുതലതയിലാണ് ക്യാപ്റ്റന്‍ സ്ഥാനവും ഒഴിഞ്ഞത്. ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞതിനെക്കുറിച്ചും ഇന്ത്യന്‍ ടീമിന്റെ ഇപ്പോഴത്തെ മോശം പ്രകടനത്തെക്കുറിച്ചും ധോണി പ്രതികരിച്ചു
കളിക്കളത്തില്‍ എടുക്കുന്ന ഏത് തീരുമാനത്തിനും വ്യക്തമായ കാരണവും ന്യായീകരണവുമുള്ള ക്യാപ്റ്റനായിരുന്നു ധോണി. ഏവരേയും ഞെട്ടിച്ച ധോണിയുടെ തീരുമാനങ്ങളിലൊന്ന് കളിക്കളത്തിന് പുറത്തു നിന്നായിരുന്നു. അത് ആസ്‌ത്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര നടന്നുകൊണ്ടിരിക്കുമ്പോള്‍ 2014 ഡിസംബറില്‍ ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും ഒഴിയാനുള്ള തീരുമാനമായിരുന്നു. ക്യാപ്റ്റന്‍സിയില്‍ നിന്നുമാത്രമല്ല ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നു തന്നെ ധോണി അന്ന് വിരമിച്ചു. 2017ല്‍ നിശ്ചിത ഓവര്‍ മത്സരങ്ങളിലേയും ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും ധോണി ഒഴിഞ്ഞിരുന്നു.
വിദേശത്ത് പരമ്പരക്ക് മുന്നോടിയായി ആവശ്യത്തിന് പരിശീലന മത്സരങ്ങള്‍ കളിക്കേണ്ടതുണ്ട്. പരിശീലനമത്സരങ്ങളുടെ കുറവാണ് ഇന്ത്യന്‍ ടീമിന് തിരിച്ചടിയായത്
ധോണി ക്യാപ്റ്റനായ 60 ടെസ്റ്റുകളില്‍ 27എണ്ണത്തില്‍ ഇന്ത്യ ജയിച്ചപ്പോള്‍ 18 എണ്ണം തോല്‍ക്കുകയും 15 എണ്ണം സമനിലയിലാവുകയും ചെയ്തു. 199 ഏകദിനിങ്ങളില്‍ ധോണിക്കുകീഴില്‍ ഇന്ത്യ 110 എണ്ണത്തില്‍ ജയിച്ചു. തോല്‍വി 74ല്‍. 2007 മുതല്‍ 2016 വരെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ വിവിധ ഫോര്‍മാറ്റുകളിലായി 331 മത്സരങ്ങളില്‍ ഇന്ത്യയെ ധോണി നയിച്ചു. ഇതും അന്താരാഷ്ട്ര ക്രിക്കറ്റില്‍ റെക്കോഡാണ്. 331 മത്സരങ്ങളില്‍ 178 എണ്ണത്തിലും ധോണിയുടെ ടീം ഇന്ത്യ ജയിച്ചു വിജയശതമാനം 53.78. ഐസിസിയുടെ പ്രധാന മൂന്ന് ലോകകിരീടങ്ങളും(2007 ടി 20 ലോകകപ്പ്, 2011 ഏകദിന ലോകകപ്പ്, 2013 ചാമ്പ്യന്‍സ് ട്രോഫി) നേടിയ ഒരേയൊരു ക്യാപ്റ്റനും ധോണിയാണ്.
ഇത്തരത്തില്‍ ആരെയും കൊതിപ്പിക്കുന്നു റെക്കോഡുകളാണ് ക്യാപ്റ്റന്‍ ധോണിയുടെ പേരിലുള്ളത്. എന്നിട്ടും എന്തിനായിരുന്നു ധോണി ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞത്? റാഞ്ചിയിലെ ബിര്‍സ മുണ്ട വിമാനത്താവളത്തില്‍ വെച്ച് നടന്ന ഒരു മോട്ടിവേഷണല്‍ പരിപാടിക്കിടെ ധോണി ഈ ചോദ്യം നേരിടേണ്ടി വന്നു. അതിനും കൃത്യമായ മറുപടി ധോണിയുടെ പക്കലുണ്ടായിരുന്നു.
'വ്യക്തമായ ഉദ്ദേശത്തോടെയാണ് ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞത്. 2019ലെ ഏകദിന ലോകകപ്പിന് മുന്നോടിയായി ടീമിനെ ഒരുക്കാന്‍ പുതിയ ക്യാപ്റ്റന് സമയം ആവശ്യമാണ്. ആവശ്യമായ സമയം നല്‍കാതെ ഉദ്ദേശിച്ച ഫലം ലഭിക്കില്ല. അതുകൊണ്ടു തന്നെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയാനുള്ള തീരുമാനം ശരിയാണെന്നാണ് കരുതുന്നത്' ധോണി വ്യക്തമാക്കി.
ഇംഗ്ലണ്ട് പരമ്പരയിലെ ഇന്ത്യന്‍ ടീമിന്റെ മോശം പ്രകടനത്തെ കുറിച്ചും ചോദ്യങ്ങള്‍ ഉയര്‍ന്നു. അതിന് ധോണി നല്‍കിയ മറുപടി ഇങ്ങനെ. വിദേശത്ത് പരമ്പരക്ക് മുന്നോടിയായി ആവശ്യത്തിന് പരിശീലന മത്സരങ്ങള്‍ കളിക്കേണ്ടതുണ്ട്. പരിശീലനമത്സരങ്ങളുടെ കുറവാണ് ഇന്ത്യന്‍ ടീമിന് തിരിച്ചടിയായത്. വിദേശ പിച്ചുകളിലെ വെല്ലുവിളികള്‍ നേരിടാന്‍ ഇത്തരം പരിശീലന മത്സരങ്ങള്‍ അനിവാര്യമാണെന്നും ധോണി പറഞ്ഞു.