രവി ശാസ്ത്രി ഇന്ത്യന്‍ ടീം പരിശീലക സ്ഥാനത്ത് നിന്നും ഒഴിയണമെന്ന് മുന്‍ ഇന്ത്യന്‍ താരം
1980ല്‍ ഇന്ത്യ ലോകത്തിലെ ഏറ്റവും നല്ല സന്തര്‍ശക രാജ്യമായിരുന്നെന്ന് പറഞ്ഞ ചേതന്‍ വിരാട് കോഹ്‍ലി നയിക്കുന്ന ടീം ഇന്ത്യയെ വിമര്‍ശിച്ചു
ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ വന്‍ പരാജയത്തിന് ശേഷം വിമര്‍ശകരുടെ പ്രധാന ഇരയായി മാറുകയാണ് മുഖ്യ പരിശീലകന്‍ രവി ശാസ്ത്രി.
ആരാധകര്‍ മുതല്‍ താരങ്ങള്‍ വരെ രവി ശാസ്ത്രിയെ വിമര്‍ശിക്കുകയാണ്. ആസ്ത്രേലിയന്‍ പര്യടനത്തിന് മുന്‍പ് തന്നെ രവി ശാസ്ത്രിയെ പരിശീലക സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് മുന്‍ ഇന്ത്യന്‍ താരം ചേതന്‍ ചൌഹാനും രംഗത്തെത്തി. സൌരവ് ഗാംഗുലി, വിരേന്ദര്‍ സെവാഗ് എന്നിവരെത്തുടര്‍ന്ന് ചേതനും ശാസ്ത്രിയുടെ രാജി ആവശ്യപ്പെട്ടതോടെ ടീം അധികൃതര്‍ ആശങ്കയിലായിരിക്കുകയാണ്.
ഇന്ത്യയും ഇംഗ്ലണ്ടും സമശക്തികളായിട്ടും ഇന്ത്യക്ക് ഇംഗ്ലണ്ടിന്‍റെ വാലറ്റക്കാരെപ്പോലും നിരാശപ്പെടുത്താനായില്ലെന്ന് ചേതന്‍ പറഞ്ഞു. 1980 ല്‍ ഇന്ത്യ ലോകത്തിലെ ഏറ്റവും നല്ല സന്ദര്‍ശക രാജ്യമായിരുന്നെന്ന് പറഞ്ഞ ചേതന്‍, വിരാട് കൊഹ്‍ലി നയിക്കുന്ന ടീം ഇന്ത്യയെ വിമര്‍ശിച്ചു. മൂന്നാം ടെസ്റ്റിലെ വിജയത്തിന് ശേഷം വിരാട് കൊഹ്‍ലി നയിക്കുന്ന ടീം ഇന്ത്യ ലോകത്തിലെ ഏറ്റവും നല്ല സന്ദര്‍ശക രാജ്യമാണെന്ന് രവി ശാസ്ത്രി പറഞ്ഞിരുന്നു.
ഏഷ്യന്‍ കപ്പില്‍ ടീമിന് വിജയപ്രതീക്ഷകളുണ്ടെന്നും ടീം സന്തുലിതമാണെന്നും അദ്ദേഹം പറഞ്ഞു. ചേതന്‍ ചൌഹാന്‍ 1961 മുതല്‍ 1981 വരെ ഇന്ത്യക്കായി 40 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും 2048 റണ്‍സ് നേടിയിട്ടുണ്ട്.