ഞെട്ടിച്ച സിംബാബ്‌വെക്ക് താഹിറിലൂടെ മറുപടി: തകര്‍പ്പന്‍ ജയവുമായി ദക്ഷിണാഫ്രിക്ക
ഹാട്രിക്കുള്‍പ്പെടെ ആറു വിക്കറ്റുമായി ഇംറാന്‍ താഹിറിന്റെ മറുപടിയായപ്പോള്‍ ചെറിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ സിംബാബ്‌വെ 78ന് പുറത്തും.
രണ്ടാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയെ 198 റണ്‍സിനൊതുക്കി സിംബാബ്‌വെ ആദ്യം ഞെട്ടിച്ചു. പിന്നാലെ ഹാട്രിക്കുള്‍പ്പെടെ ആറു വിക്കറ്റുമായി ഇംറാന്‍ താഹിറിന്റെ മറുപടിയായപ്പോള്‍ ചെറിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ സിംബാബ്‌വെ 78ന് പുറത്തും. ഫലമോ ദക്ഷിണാഫ്രിക്കയ്ക്ക് 120 റണ്‍സിന്റെ വിജയവും മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയും. ആദ്യ മത്സരത്തിലും സിംബാബ് വെ പൊരുതിനോക്കിയെങ്കിലും ബാറ്റിങ്ങില്‍ പാളുകയായിരുന്നു.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയ്ക്ക് എന്തുപറ്റിയെന്ന് ചിന്തിക്കുന്ന പ്രകടനമായിരുന്നു അവരുടെത്. ആറു വിക്കറ്റുകള്‍ വീണത് 92 റണ്‍സിനിടെ. വമ്പന്‍ താരങ്ങളൊന്നുമില്ലെങ്കിലും പേസ് ബൗളര്‍മാരെ നേരിടാന്‍ ഈ നിരക്കും ആവുന്നില്ലേ എന്നായിരുന്നു ക്രിക്കറ്റ് പ്രേമികളുടെ സംശയം. അതും സമീപകാലത്തൊന്നും മികച്ച ബൗളിങ് റെക്കോര്‍ഡ് ഇല്ലാത്ത സിംബാബ്‌വെക്കെതിരെയും. അവസാനം രക്ഷകനായി എത്തിയത് ഏറെ നാളുകള്‍ക്ക് ശേഷം ഏകദിന ഫോര്‍മാറ്റിലേക്ക് മടങ്ങിയെത്തിയ സ്റ്റെയിന്‍. അര്‍ദ്ധ സെഞ്ച്വറി നേടിയ സ്റ്റെയിന്‍ ടീമിനെ മോശമല്ലാത്തൊരു സ്‌കോറിലേക്കും എത്തിച്ചു(47.3 ഓവറില്‍198). 85 പന്ത് നേരിട്ട സ്റ്റെയന്‍ 60 റണ്‍സ് നേടി.
8 ഫോറും ഒരു സിക്‌സറും അടങ്ങുന്നതായിരുന്നു ഇന്നിങ്‌സ്. 24 റണ്‍സെടുത്ത ഫെഹ്ലുക്വാ പിന്തുണകൊടുത്തു. 35 റണ്‍സെടുത്ത എയ്ഡന്‍ മാര്‍ക്രം, ക്രിസ്റ്റ്യന്‍ ജോങ്കര്‍ 25 എന്നിവരാണ് ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി റണ്‍സ് കണ്ടെത്തിയത്. മറുപടി ബാറ്റിങില്‍ അതേനാണയത്തില്‍ തിരിച്ചുകൊടുക്കുന്ന പ്രകടനമായിരുന്നു ദക്ഷിണാഫ്രിക്കയുടെതും. മൂന്ന് പേര്‍ക്ക് മാത്രമെ രണ്ടക്കം കാണാനായുള്ളൂ(നായകന്‍ മസാകട്‌സ 7, ബ്രെന്‍ഡന്‍ ടെയ്‌ലര്‍ 10, ഡൊണാള്‍ഡ് ട്രിപാനോ 12) ഹാട്രിക്കുള്‍പ്പെടെ ആറ് വിക്കറ്റ് വീഴ്ത്തിയ ഇംറാന്‍ താഹിറാണ് സിംബാബ് വയുടെ കഥ കഴിച്ചത്. അതോടെ 24 ഓവറില്‍ സിംബാബ് വെ 78ന് എല്ലാവരും പുറത്ത്. രണ്ട് വിക്കറ്റ് വീഴ്ത്തി ബൗളിങ്ങിലും സ്റ്റെയിന്‍ തിളങ്ങി. ആറു ഓവറില്‍ ഒരു മെയ്ഡന്‍ ഉള്‍പ്പെടെ 24 റണ്‍സ് വിട്ടുകൊടുത്താണ് താഹിറിന്റെ പ്രകടനം.