‘ആ വിരലുകള്‍ ഇനിയൊരിക്കലും പഴയതുപോലാകില്ല’
ഈവര്‍ഷമാദ്യം ബംഗ്ലാദേശില്‍ നടന്ന ത്രിരാഷ്ട്ര പരമ്പരക്കിടെയായിരുന്നു ഷാക്കിബ് അല്‍ഹസന്റെ വിരലുകള്‍ക്ക് ഗുരുതരമായി പരിക്കേറ്റത്.
തന്റെ വിരലുകള്‍ ഇനിയൊരിക്കലും പഴയതുപോലെയാകില്ലെന്ന് ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസന്‍. ചികിത്സക്കായി ആസ്‌ത്രേലിയയില്‍ സ്‌പെഷലിസ്റ്റ് സര്‍ജനെ കാണാന്‍ പോകുന്നതിന് മുമ്പാണ് ഷാക്കിബ് അല്‍ ഹസന്‍ പരിക്കിനെ ചൊല്ലിയുള്ള ഭീതി പങ്കുവെച്ചത്. ഈവര്‍ഷമാദ്യം ബംഗ്ലാദേശില്‍ നടന്ന ത്രിരാഷ്ട്ര പരമ്പരക്കിടെയായിരുന്നു ഷാക്കിബ് അല്‍ഹസന്റെ വിരലുകള്‍ക്ക് പരിക്കേറ്റത്.
ശസ്ത്രക്രിയയും വിശ്രമവും അടക്കം മൂന്ന് മാസം കളിയില്‍ നിന്ന് ഷാക്കിബ് അല്‍ഹസന് വിട്ടു നില്‍ക്കേണ്ടി വരും. സ്വന്തം നാട്ടില്‍ നടക്കുന്ന സിംബാബ്‌വേക്കും വെസ്റ്റ് ഇന്‍ഡീസിനുമെതിരായ പരമ്പരകള്‍ ഷാക്കിബിന് നഷ്ടമാകും.
ശ്രീലങ്കക്കെതിരായ മത്സരത്തില്‍ ബൗണ്ടറിയിലേക്ക് പോവുകയായിരുന്ന പന്ത് ഡൈവ് ചെയ്ത് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് ഷാക്കിബ് അല്‍ ഹസന്റെ ഇടതുകൈ വിരലുകള്‍ക്ക് പരിക്കേറ്റത്. വേദനകൊണ്ട് പുളഞ്ഞ ഷാക്കിബ് അപ്പോള്‍ തന്നെ മൈതാനം വിടുകയും ചെയ്തിരുന്നു. 'എന്റെ വിരലുകള്‍ പഴയതുപോലാകുമെന്ന് തോന്നുന്നില്ല. എങ്കിലും ശസ്ത്രക്രിയക്ക് ശേഷം കളി തുടരാനാകുമെന്നാണ് പ്രതീക്ഷ' എന്നായിരുന്നു ഷാക്കിബ് പറഞ്ഞത്. വിദഗ്ധ ചികിത്സക്കായി ധാക്കയില്‍ നിന്നും ആസ്‌ത്രേലിയയിലേക്ക് തിരിക്കും മുമ്പായിരുന്നു ഷാക്കിബിന്റെ പ്രതികരണം.
പരിക്കിനെ തുടര്‍ന്ന് കുറച്ചു ദിവസം വിശ്രമിച്ച ശേഷം നിദാഹാസ് ട്രോഫിയില്‍ ഷാക്കിബ് അല്‍ ഹസന്‍ കളിക്കാനിറങ്ങിയിരുന്നു. ബംഗ്ലാദേശിന്റെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലും വേദന സഹിച്ചുകൊണ്ട് ഷാക്കിബ് അല്‍ ഹസന്‍ കളിച്ചിരുന്നു. ഏഷ്യ കപ്പിലും കളിക്കാനിറങ്ങിയെങ്കിലും വേദന കൂടിയതോടെ ടൂര്‍ണ്ണമെന്റിനിടെ തന്നെ പിന്‍വാങ്ങേണ്ടി വന്നു. പാകിസ്ഥാനെതിരായ സെമിയും ഇന്ത്യയുമായുള്ള കലാശപോരാട്ടവും ഷാക്കിബിന് ഈ പരിക്ക് മൂലമാണ് നഷ്ടമായത്.
ശസ്ത്രക്രിയയും വിശ്രമവും അടക്കം മൂന്ന് മാസം കളിയില്‍ നിന്ന് ഷാക്കിബ് അല്‍ഹസന് വിട്ടു നില്‍ക്കേണ്ടി വരും. ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് തുടങ്ങുന്ന ജനുവരിയില്‍ ഷാക്കിബിന് കളി തുടരാനാകുമെന്നാണ് കരുതുന്നത്. എന്നാല്‍ സ്വന്തം നാട്ടില്‍ നടക്കുന്ന സിംബാബ്‌വേക്കും വെസ്റ്റ് ഇന്‍ഡീസിനുമെതിരായ പരമ്പരകള്‍ ബംഗ്ലാദേശ് താരമായ ഷാക്കിബിന് നഷ്ടമാകും.