റോസ്റ്റന്‍ ചേസിന് സെഞ്ച്വറി; വിന്‍ഡീസ് 311ന് പുറത്ത് 

ഏഴിന് 295 എന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച വിന്‍ഡീസിന് രണ്ടാം ദിനം കൂട്ടിച്ചേര്‍ക്കാനായത് 16 റണ്‍സ് മാത്രം. 

Update: 2018-10-13 05:16 GMT
Advertising

ഏഴിന് 295 എന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച വിന്‍ഡീസിന് രണ്ടാം ദിനം കൂട്ടിച്ചേര്‍ക്കാനായത് 16 റണ്‍സ് മാത്രം. ഓര്‍ത്തുവെക്കാനുള്ളത് റോസ്റ്റന്‍ ചേസ് പൊരുതി നേടിയ സെഞ്ച്വറി മാത്രവും. ആറ് വിക്കറ്റ് വീഴ്ത്തി ഉമേഷ് യാദവ് വിന്‍ഡീസിന്റെ വാലൊടിക്കുകയായിരുന്നു. ചേസ് 106 റണ്‍സ് നേടി. കുല്‍ദീപ് യാദവ് മൂന്നും രവിചന്ദ്ര അശ്വിന്‍ ഒരു വിക്കറ്റും വീഴ്ത്തി.

ഒന്നാംദിനം ഓപ്പണര്‍ കെയ്റണ്‍ പവലി(22)നെ ജഡേജയുടെ കൈകളില്‍ എത്തിച്ച് ആര്‍ അശ്വിനാണ് വിന്‍ഡീസിന് മേല്‍ ആദ്യ പ്രഹരമേല്‍പ്പിച്ചത്. അധികം വൈകാതെ ബ്രാത്‍വെയ്റ്റി(14)നെ വിക്കറ്റിന് മുമ്പില്‍ കുടുക്കി കുല്‍ദീപ് യാദവ് ഇന്ത്യക്ക് മേല്‍ക്കൈ നല്‍കി. അധിക പ്രതീക്ഷകളൊന്നും നല്‍കാതെ ഹോപ്പിനെ ഉമേഷ് യാദവ് വിക്കറ്റിന് മുന്നില്‍ കുടുക്കി വീണ്ടും വിന്‍ഡീസിന് തിരിച്ചടി നല്‍കി. സ്കോര്‍ ബോര്‍ഡില്‍ 100 തികയും മുമ്പ് ഹെറ്റ്മെയറും കൂടാരം കയറി. കുല്‍ദീപില്‍ നിന്ന് കറങ്ങിത്തിരിഞ്ഞുവന്ന പന്തിന്‍റെ ദിശ നിര്‍ണയിക്കും മുമ്പ് ഹെറ്റ്‍മെയറിന്‍റെ വിക്കറ്റ് വീണു. 12 റണ്‍സായിരുന്നു സമ്പാദ്യം. 18 റണ്‍സെടുത്ത അബ്രിസും കുല്‍ദീപിന്‍റെ പന്തില്‍ വീണതോടെ വിന്‍ഡീസ് കടുത്ത പ്രതിരോധത്തിലായി.

പിന്നീടങ്ങോട്ട് ചേസിന്‍റെ രക്ഷാപ്രവര്‍ത്തനമായിരുന്നു. ഒരറ്റത്ത് ഉറച്ചു നിന്ന് ഇന്ത്യന്‍ ബോളര്‍മാരെ ചേസ് ചതച്ചു. ക്ഷമയും തന്ത്രവും ഒരുപോലെ ഉപയോഗിച്ചായിരുന്നു ചേസിന്‍റെ ബാറ്റിങ്. കൂട്ടിന് ഡൌറിച്ചും. എന്നാല്‍ 30 റണ്‍സെടുത്ത് ഡൌറിച്ച് മടങ്ങിയതോടെ രക്ഷകന്‍റെ റോളില്‍ നായകന്‍ ഹോള്‍ഡെറെത്തി. ഒടുവില്‍ ഉമേഷ് യാദവിന്‍റെ പന്തില്‍ പന്തിന് പിടികൊടുത്ത് ഹോള്‍ഡെറും കളംവിട്ടു. അര്‍ധശതകം തികച്ച ശേഷമായിരുന്നു ഹോള്‍ഡെറി(52)ന്‍റെ മടക്കം. ഒന്നാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍ 98 റണ്‍സുമായി ചേസും രണ്ടു റണ്‍സുമായി ബിഷൂവുമാണ് ക്രീസില്‍. ഇന്ത്യക്കെന്നും തലവേദനയാകാറുള്ള എതിര്‍ ടീമിന്റെ വാലറ്റത്തെ ഉമേഷ് യാദവ് എളുപ്പത്തില്‍ മടക്കുകയായിരുന്നു.

Tags:    

Similar News