വീണ്ടും പൃഥ്വി ഷോ; പന്തിനും രഹാനെക്കും അര്‍ധ സെഞ്ചുറി
വിന്‍ഡീസിന്റെ 311ന് മറുപടിക്കായി ഇറങ്ങിയ ഇന്ത്യ നാല് വിക്കറ്റിന് 308 എന്ന നിലയിലാണ് രണ്ടാം ദിനം അവസാനിപ്പിച്ചത്.
വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റില്‍ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യക്ക് മുന്‍തൂക്കം. വിന്‍ഡീസിന്റെ 311ന് മറുപടിക്കായി ഇറങ്ങിയ ഇന്ത്യ നാല് വിക്കറ്റിന് 308 എന്ന നിലയിലാണ് രണ്ടാം ദിനം അവസാനിപ്പിച്ചത്. ഏകദിന ശൈലിയില്‍ അര്‍ധ സെഞ്ചുറി നേടിയ പൃഥ്വി ഷായും(70) ഋഷഭ് പന്തും(85*) രഹാനെയു(75*)മാണ് ഇന്ത്യയെ ശക്തമായ നിലയിലെത്തിച്ചത്.
പൃഥ്വി ഷായുടെ ബാറ്റിംങ് ഷോയായിരുന്നു ഇന്ത്യന്‍ ഇന്നിംങ്‌സിന്റെ പ്രത്യേകത. വെറും 53 പന്തുകളില്‍ നിന്നാണ് 70 റണ്‍ പൃഥ്വി നേടിയത്. 11 ഫോറും ഒരു സിക്‌സറും ഇതിനിടെ അടിച്ചുകൂട്ടുകയും ചെയ്തു. ആദ്യ വിക്കറ്റില്‍ ഇന്ത്യ 61 റണ്‍ നേടിയപ്പോള്‍ കെ.എല്‍ രാഹുലിന്റെ സംഭാവന വെറും നാല് റണ്‍ മാത്രമായിരുന്നു. പൃഥ്വി ഷാ മടങ്ങിയതിന് ശേഷമാണ് ഇന്ത്യന്‍ സ്‌കോറിംങിന്റെ വേഗം കുറഞ്ഞത്.
45 റണ്‍ നേടിയ ക്യാപ്റ്റന്‍ കോഹ്‌ലിയെ പുറത്താക്കിയത് വെസ്റ്റ് ഇന്‍ഡീസിന് ആശ്വാസമായെങ്കിലും പിന്നാലെ വന്ന പന്തും രഹാനെയും ഇന്ത്യന്‍ ഇന്നിംങ്‌സിനെ മുന്നോട്ടു നയിച്ചു. അഞ്ചാം വിക്കറ്റില്‍ ഇതുവരെ രഹാനെ സഖ്യം 146 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. നാലാം വിക്കറ്റില്‍ കോഹ്‌ലിയും രഹാനെയും ചേര്‍ന്ന് 60 റണ്‍ കൂട്ടിച്ചേര്‍ത്തിരുന്നു.
നേരത്തെ ഉമേഷ് യാദവിന്റെ അഞ്ച് വിക്കറ്റ് പ്രകടനത്തിന്റെ സഹായത്തിലാണ് ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിനെ 311 റണ്‍സില്‍ ഒതുക്കിയത്. ഏഴ് വിക്കറ്റിന് 295 എന്ന നിലയില്‍ ബാറ്റിംങ് ആരംഭിച്ച വിന്‍ഡീസിന് ആകെ ആശ്വാസമായത് ചേസിന്റെ സെഞ്ചുറി മാത്രമായിരുന്നു. 176 പന്തില്‍ ഏഴ് ഫോറും ഒരു സിക്‌സും അടിച്ചാണ് ചേസ് സെഞ്ചുറി നേടിയത്. ഒമ്പതാമനായി ചേസ് കൂടി മടങ്ങിയതോടെ അവസാന വിക്കറ്റുകള്‍ വേഗത്തില്‍ വീഴ്ത്തി ഇന്ത്യ ബാറ്റിംങ് ആരംഭിക്കുകയായിരുന്നു.