ഇന്ത്യക്കെതിരെ ഏകദിനത്തിനൊരുങ്ങുന്ന വിന്‍ഡീസിന് തിരിച്ചടി; പരിശീലകന് സസ്പെന്‍ഷന്‍
ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ അമ്പെ പരാജയപ്പെട്ട വെസ്റ്റ്ഇന്‍ഡീസിന് മറ്റൊരു തിരിച്ചടികൂടി. ടീമിന്റെ പരിശീലകന്‍ സ്റ്റുവര്‍ട്ട് ലോയെ രണ്ട് ഏകദിനങ്ങളില്‍ വിലക്കേര്‍പ്പെടുത്തി ക്രിക്കറ്റിന്റെ പരമോന്നത വേദിയായ ഐ.സി.സിയാണ് മറ്റൊരു അടികൂടി നല്‍കിയത്. ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റില്‍ കീറോണ്‍ പവല്‍ പുറത്തായശേഷം ടി.വി അംപയറോട് മോശമായി പെരുമാറിയതിനാണ് നടപടി. മൂന്ന് ഡീ മെറിറ്റ് പോയിന്‍റും മാച്ച് ഫീയുടെ 100 ശതമാനം പിഴയും പരിശീലകനെതിരെ ചുമത്തിയിട്ടുണ്ട്. അഞ്ച് ഏകദിനങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ ഈ മാസം 21, 14 തിയതികളിലാണ്.
ഐസിസി പെരുമാറ്റചട്ടത്തിലെ ലെവല്‍ 2 കുറ്റമാണ് ലോയ്ക്ക് ചുമത്തിയിരിക്കുന്നത്. നേരത്തെയും ലോ, അച്ചടക്ക നടപടിക്ക് വിധേയമായിരുന്നു. 2017ലെ പാക്കിസ്ഥാനെതിരായ ടെസ്റ്റില്‍ ലോയ്ക്ക് ഒരു ഡീ മെറിറ്റ് പോയിന്‍റും 25 ശതമാനം പിഴയും ലഭിച്ചിരുന്നു. ഹൈദരാബാദ് ടെസ്റ്റില്‍ മൂന്ന് ഡീ മെറിറ്റ് പോയിന്‍റുകൂടി ലഭിച്ചതോടെ ആകെ പോയിന്‍റ് നാലിലെത്തിയതാണ് രണ്ട് മത്സരങ്ങളിലെ വിലക്കിലെത്തിയത്. ഇതോടെ അവസാന മൂന്ന് ഏകദിനങ്ങളിലും ടി20 പരമ്പരയിലും മാത്രമേ ലോയുടെ സേവനം വിന്‍ഡീസിന് ലഭ്യമാകൂ.
ഹൈദരാബാദ് ടെസ്റ്റില്‍ അശ്വിന്‍റെ പന്തില്‍ സ്ലിപ്പില്‍ രഹാനയുടെ ക്യാച്ചിലാണ് പവല്‍ പുറത്തായത്. എന്നാല്‍ പന്ത് നിലത്തുതട്ടിയോ എന്ന് വിശദമായി പരിശോധിച്ച ശേഷമായിരുന്നു ടിവി അംപയര്‍ ഔട്ട് അനുവദിച്ചത്. ഇതാണ് ലോയെ ചൊടിപ്പിച്ചത്.