സെഞ്ച്വറിയുമായി കോഹ്‌ലിയും രോഹിതും; തകര്‍പ്പന്‍ ജയവുമായി ഇന്ത്യ
ഗുവാഹത്തി ഏകദിനത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം.
ഗുവാഹത്തി ഏകദിനത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. വെസ്റ്റ്ഇന്‍ഡീസ് ഉയര്‍ത്തിയ 323 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ 42.1 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തിലാണ് ലക്ഷ്യം മറികടന്നത്. നായകന്‍ കോഹ്ലിയും(140) ഉപനായകന്‍ രോഹിത് ശര്‍മ്മയും(152*) സെഞ്ച്വറി നേടി. ഇന്ത്യന്‍ ബാറ്റിങില്‍ ധവന്റെ(4) വിക്കറ്റെടുത്തത് മാത്രമാണ് വിന്‍ഡീസിന് ആശ്വാസമായുള്ളത്. പിന്നെ ഒരിക്കല്‍ പോലും വിന്‍ഡീസിന് തിരിച്ചുവരാനായില്ല.കോഹ്ലി പുറത്താകുമ്പോഴേക്ക് കളി ഇന്ത്യ സ്വന്തമാക്കിയിരുന്നു. കോഹ്ലിയും രോഹിതുമായിരുന്നു കളം നിറഞ്ഞത്. കോഹ്ലി കരിയറിലെ 36ാമത്തേയും രോഹിത് കരിയറിലെ 20ാമത്തെയും സെഞ്ച്വറിയാണ് കുറിച്ചത്.
107 പന്തില്‍ നിന്ന് 21 ബൗണ്ടറിയും രണ്ട് സിക്‌സറുകളും അടങ്ങുന്നതായിരുന്നു കോഹ്ലിയുടെ ഇന്നിങ്‌സ്. ഇരുവരും ക്രീസില്‍ നിന്നപ്പോള്‍ പന്ത് എത്താത്ത സ്ഥലമില്ലായിരുന്നു. ഒരു പഴുതുപോലും കൊടുത്തില്ല എന്നതാണ് മറ്റൊരു കാര്യം. 117 പന്തില്‍ നിന്ന് 15 ഫോറും എട്ട് സിക്‌സറും അടക്കമാണ് രോഹിത് 152 റണ്‍സ് നേടിയത്. സിക്‌സറിലൂടെ രോഹിത് വിജയ റണ്‍സ് നേടുമ്പോള്‍ അമ്പാട്ടി റായിഡുവായിരുന്നു(22) അറ്റത്ത്. വിന്‍ഡീസിനായി തോമസ്, ബിഷു എന്നിവര്‍ ഒരോ വിക്കറ്റ് വീതം നേടി. 24നാണ് രണ്ടാം ഏകദിനം.
50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് വിന്‍ഡീസ് 322 റണ്‍സെടുത്തത്. സെഞ്ച്വറി നേടിയ ഹെറ്റ്മയറിന്റെയും അര്‍ദ്ധ സെഞ്ച്വറി നേടിയ ഓപ്പണര്‍ കിരണ്‍ പവലിന്റെയും തട്ടുതകര്‍പ്പന്‍ ബാറ്റിങാണ് വിന്‍ഡീസിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 78 പന്തില്‍ 106 റണ്‍സ് നേടിയാണ് ഹെറ്റ്മയര്‍ പുറത്തായത്. ഇന്ത്യന്‍ ബൗളര്‍മാരെ കണക്കിന് പ്രഹരിച്ച ഹെറ്റ്മയറുടെ ബാറ്റില്‍ നിന്ന് പിറന്നത് ആറ് വീതം സിക്‌സറുകളും ബൗണ്ടറികളും. അവസാനം രവീന്ദ്ര ജഡേജയുടെ പന്തില്‍ ബൗണ്ടറി ലൈനിനരികില്‍ റിഷബ് പന്തിന് പിടികൊടുത്താണ് ഹെറ്റ്മയര്‍ മടങ്ങിയത്. അപ്പോഴേക്കും ടീം സ്‌കോര്‍ 245 കടന്നിരുന്നു.
ഹെറ്റ്മയര്‍ക്ക് പിന്തുണയേകി നായകന്‍ ജേസന്‍ ഹോള്‍ഡര്‍(38) ഷായ്‌ഹോപ്(32) എന്നിവര്‍ നിലകൊണ്ടു. മധ്യഓവറുകളില്‍ ഹെറ്റ്മയറുടെ പ്രകടനമാണ് വിന്‍ഡീസിന്റെ സ്‌കോറിങിന് വേഗത കൂടിയത്. വാലറ്റക്കാര്‍ വിക്കറ്റ് നഷ്ടപ്പെടുത്താതെ നോക്കിയപ്പോള്‍ സ്‌കോര്‍ 320 കടക്കുകയായിരുന്നു. ഇന്ത്യക്കായി ചഹല്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഷമി, ജഡേജ എന്നിവര്‍ രണ്ടും ഖലീല്‍ ഒരു വിക്കറ്റും വീഴ്ത്തി. ആദ്യ വിക്കറ്റ് ടീം സ്‌കോര്‍ 19ല്‍ നില്‍ക്കെ നഷ്ടമായെങ്കിലും വിന്‍ഡീസ് അവിടുന്ന് പതുക്കെ കരകയറി. ഓപ്പണര്‍ ഹേമരാജിനെ ഷമിയാണ് ആദ്യം മടക്കിയത്. രണ്ടാം വിക്കറ്റിലാണ് വിന്‍ഡീസ് കളിച്ചത്. കീരണ്‍ പവലും ഷായ് ഹോപുമാണ് പതുക്കെ കളം പിടിച്ചത്. കീരണ്‍ പവല്‍ ബൗളര്‍മാരെ പ്രഹരിക്കാന്‍ തുടങ്ങി. എന്നാല്‍ 14.5ാം ഓവറില്‍ ഈ കൂട്ടുകെട്ട് ഖലീല്‍ പൊളിച്ചു. ഖലീലിനെ ഉയര്‍ത്തിയടിക്കാനുള്ള പവലിന്റെ ശ്രമം പാളി. 39 പന്തില്‍ 51 റണ്‍സാണ് പവല്‍ നേടിയത്.
തൊട്ടുപിന്നാലെ എത്തിയ മാര്‍ലോണ്‍ സാമുവല്‍സ് ചഹലിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങി. വിന്‍ഡീസിനായി 200ാം ഏകദിനം കളിക്കുന്ന സാമുവല്‍സ് പൂജ്യത്തിനാണ് പുറത്തായത്. നായകൻ വിരാട് കോഹ്‍ലി കീഴിൽ അണിനിരക്കുന്ന ഇന്ത്യൻ നിരയിൽ ഋഷഭ് പന്ത് ഏകദിന അരങ്ങേറ്റം കുറിച്ചു. മഹേന്ദ്രസിങ് ധോണി സ്പെഷലിസ്റ്റ് വിക്കറ്റ് കീപ്പറായി ഉള്ളതിനാൽ ബാറ്റ്സ്മാനായാണ് പന്ത് കളിക്കുക. എന്നാല്‍ ഫീല്‍ഡിങില്‍ പന്തിന്റെ പ്രകടനം നിരാശയായിരുന്നു. ഒരു ക്യാച്ച്, പന്ത് കൈവിട്ടു.