ഇന്ത്യക്ക് ഇന്ന് 950 ാം ഏകദിനം; റെക്കോര്‍ഡില്‍ നോട്ടമിട്ട് കൊഹ്‍ലിയും ധവാനും
ആദ്യ മത്സരത്തിലെ ഗംഭീര വിജയം ആത്മവിശ്വാസം ഒന്നുകൂടി ഊട്ടിയുറപ്പിക്കുമ്പോള്‍ വിജയത്തില്‍ കുറഞ്ഞതൊന്നും കൊഹ്‍ലിയും കൂട്ടരും മുന്നില്‍കാണുന്നില്ല.
വെസ്റ്റിന്‍ഡീസിനെതിരെ ഇന്ന് രണ്ടാം ഏകദിനത്തിനായി വിശാഖപട്ടണത്ത് ഇന്ത്യന്‍ ടീം ഇറങ്ങുമ്പോള്‍ അത് ചരിത്രത്തിലേക്കുള്ള കുതിപ്പ് കൂടിയാകുമോയെന്ന് ഉറ്റുനോക്കുകയാണ് ക്രിക്കറ്റ് പ്രേമികള്‍.
ടീം ഇന്ത്യയുടെ 950 ാം ഏകദിനത്തിന് വിശാഖപട്ടണത്ത് ആരവം ഉയരുമ്പോള്‍ നായകന്‍ വിരാട് കൊഹ്‍ലി, ശിഖര്‍ ധവാന്‍, ഹിറ്റ്മാന്‍ രോഹിത് ശര്‍മ തുടങ്ങിയവരാണ് നിര്‍ണയക മത്സരം സ്വന്തം പേരിലാക്കാന്‍ ബാറ്റേന്തുക. ആദ്യ മത്സരത്തിലെ ഗംഭീര വിജയം ആത്മവിശ്വാസം ഒന്നുകൂടി ഊട്ടിയുറപ്പിക്കുമ്പോള്‍ വിജയത്തില്‍ കുറഞ്ഞതൊന്നും കൊഹ്‍ലിയും കൂട്ടരും മുന്നില്‍കാണുന്നില്ല. ടോസ് നിര്‍ണായകമാകുമെന്ന ഒരു വിശ്വാസം കൂടി വിശാഖപട്ടണത്തെ സ്റ്റേഡിയത്തിനുണ്ട്. അതായത്, ടോസ് നേടുന്ന ടീം ഇവിടെ വിജയക്കൊടി പാറിക്കുമെന്ന ഭാഗ്യഘടകം.
ഇന്ന് ടീം ഇന്ത്യയെ നയിച്ച് വിരാട് കൊഹ്‍ലി വിശാഖപട്ടണം വൈ.എസ്.ആര്‍ സ്റ്റേഡിയത്തില്‍ ഇറങ്ങുമ്പോള്‍ വിജയത്തിനൊപ്പം പ്രതീക്ഷിക്കുന്ന, ലക്ഷ്യമിടുന്ന ഒരു റെക്കോര്‍ഡ് കൂടിയുണ്ട്. ഇന്ന് വിന്‍ഡീസിനെതിരെ 81 റണ്‍സ് നേടിയാല്‍ കൊഹ്‍ലിയുടെ കിരീടത്തില്‍ ഒരു പൊന്‍തൂവല്‍ കൂടി എത്തും. ഏറ്റവും കുറവ് ഇന്നിങ്സുകളില്‍ നിന്ന് പതിനായിരം റണ്‍സ് തികയ്ക്കുന്ന താരമെന്ന റെക്കോര്‍ഡാണ് 81 റണ്‍സ് അപ്പുറം കൊഹ്‍ലിയെ കാത്തിരിക്കുന്നത്. കൊഹ്‍ലി ഇതുവരെ 204 ഇന്നിങ്സുകളാണ് കളിച്ചിട്ടുള്ളത്. നിലവില്‍ 259 ഇന്നിങ്സുകളില്‍ നിന്ന് പതിനായിരം റണ്‍സ് തികച്ച ഇതിഹാസതാരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പേരിലാണ് ഈ റെക്കോര്‍ഡ്. ഇന്ന് വിശാഖപട്ടണത്ത് കൊഹ്‍ലി വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്താല്‍ ഈ നേട്ടം ഇന്ത്യന്‍ നായകന് സ്വന്തമാകും. 212 ഏകദിനങ്ങളില്‍ നിന്നായി 9919 റണ്‍സാണ് കൊഹ്‍ലിയുടെ സമ്പാദ്യം. ഇതില്‍ 35 സെഞ്ച്വറികളും 48 അര്‍ധ ശതകങ്ങളും ഉള്‍പ്പെടും.
ആദ്യ ഏകദിനത്തില്‍ പരാജയപ്പെട്ടെങ്കിലും ശിഖര്‍ ധവാനും ഏറെ പ്രതീക്ഷകളോടെയാണ് വിശാഖപട്ടണത്ത് ബാറ്റെടുക്കുക. ഏകദിനത്തില്‍ കുറഞ്ഞ ഇന്നിങ്സുകളില്‍ നിന്ന് 5000 റണ്‍സ് അടിച്ചെടുക്കുന്ന ഇന്ത്യന്‍ താരം എന്ന ബഹുമതിയാണ് ധവാനെ കാത്തിരിക്കുന്നത്. പക്ഷേ ഈ നേട്ടം 173 റണ്‍സ് അകലെയാണ്. ഇന്ന് ഈ നേട്ടത്തിലേക്ക് എത്തുകയെന്നത് സ്വപ്നതുല്യമാണെങ്കിലും അടുത്ത മൂന്നു ഇന്നിങ്സുകളില്‍ നിന്ന് ഇത്രയും റണ്‍സ് നേടിയാല്‍ ഈ റെക്കോര്‍ഡ് ധവാന് സ്വന്തമാകും. അങ്ങനെയെങ്കില്‍ തകര്‍ക്കപ്പെടുക ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‍ലി കെട്ടിപ്പൊക്കിയ റെക്കോര്‍ഡ് ആയിരിക്കും. നിലവില്‍ 110 ഇന്നിങ്സുകളില്‍ നിന്നായി 4827 റണ്‍സാണ് ധവാന്‍റെ സമ്പാദ്യം. 114 ഇന്നിങ്സുകളില്‍ നിന്ന് 5000 റണ്‍സ് അടിച്ചുകൂട്ടിയ കൊഹ്‍ലിയാണ് ഇന്ന് ഈ റെക്കോര്‍ഡിന്‍റെ ഉടമ.
ടീം ഇന്ത്യയിലെ ഹിറ്റ്മാന്‍ രോഹിത് ശര്‍മക്ക് വേണമെങ്കില്‍ ഇന്ന് തന്നെ ഒരു റെക്കോര്‍ഡ് സ്വന്തമാക്കാന്‍ അവസരമുണ്ട്. കരീബിയന്‍ പടക്കെതിരെ ആറു സിക്സറുകള്‍ പറത്തിയാല്‍ ഈ റെക്കോര്‍ഡ് രോഹിതിന് സ്വന്തമാകും. ഏകദിനത്തില്‍ 200 സിക്സറുകള്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരം എന്ന നേട്ടമാണ് രോഹിതിനെ കാത്തിരിക്കുന്നത്.