പറഞ്ഞത് കാര്യമായി; കേദാര്‍ ജാദവ് ടീമിലെത്തി 

മുംബൈയിലും തിരുവനന്തപുരത്തും നടക്കാനിരിക്കുന്ന നാലാമത്തെയും അഞ്ചാമത്തേയും ഏകദിനങ്ങള്‍ക്കുള്ള ടീമിലേക്കാണ് ജാദവിനെ തിരിച്ചുവിളിച്ചത്. 

Update: 2018-10-27 03:13 GMT
Advertising

വെസ്റ്റ്ഇന്‍ഡീസിനെതിരെ ബാക്കിയുള്ള രണ്ട് ഏകദിനങ്ങള്‍ക്കുള്ള ടീമിലേക്ക് കേദാര്‍ ജാദവിനെ തിരിച്ചുവിളിച്ചു. മുംബൈയിലും തിരുവനന്തപുരത്തും നടക്കാനിരിക്കുന്ന നാലാമത്തെയും അഞ്ചാമത്തേയും ഏകദിനങ്ങള്‍ക്കുള്ള ടീമിലേക്കാണ് മധ്യനിര ബാറ്റ്സ്മാന്‍ കൂടിയായ ജാദവിനെ തിരിച്ചുവിളിച്ചത്. ഏഷ്യാകപ്പില്‍ യു.എ.ഇക്കെതിരായ മത്സരത്തില്‍ ജാദവിന് പരിക്കേറ്റിരുന്നു. ഇതിനെ തുടര്‍ന്നാണ് വിന്‍ഡീസിനെതിരായ പരമ്പരയിലെ ആദ്യ രണ്ട് ഏകദിനങ്ങള്‍ക്കുള്ള ടീമില്‍ നിന്ന് താരത്തെ ഒഴിവാക്കിയത്. അഞ്ച് ഏകദിനമടങ്ങിയ പരമ്പരയിലെ ബാക്കിയുള്ള മൂന്ന് മത്സരങ്ങള്‍ക്കുള്ള ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചപ്പോള്‍ താരത്തെ ഉള്‍പ്പെടുത്തിയിരുന്നില്ല.

പരിക്കില്‍ നിന്ന് മുക്തനായിട്ടും തന്നെ പരിഗണിക്കാതിരുന്നതിനെതിരെ ജാദവ് പ്രതികരിച്ചിരുന്നു. സെലക്ഷന്‍ കമ്മിറ്റിയുടെ ഭാഗത്ത് നിന്ന് വ്യക്ത മായ മറുപടിയൊന്നും ലഭിച്ചില്ലെന്നായിരുന്നു താരത്തിന്റെ പ്രതികരണം. നേരത്തെ കരുണ്‍ നായര്‍, മുരളി വിജയ് എന്നിവരും തങ്ങളെ ടീമില്‍ ഉള്‍പ്പെടുത്താത്തതിനെക്കുറിച്ച് കേദാര്‍ ജാദവ് പറഞ്ഞ കാര്യങ്ങള്‍ തന്നെയായിരുന്നു വ്യക്തമാക്കിയിരുന്നത്, സെലക്ഷന്‍ കമ്മിറ്റിയുടെ ഭാഗത്ത് നിന്ന് ഒരു പ്രതികരണവും ലഭിക്കുന്നില്ലെന്ന്. ജാദവിനെ പുറത്തിരുത്താനുള്ള കാരണമായി മുഖ്യ സെലക്ടര്‍ എം.എസ്.കെ പ്രസാദ് വ്യക്തമാക്കിയിരുന്നത്, അദ്ദേഹത്തിന്റെ ഫിറ്റ്‌നസ് ആയിരുന്നു.

എന്നാല്‍ കായികക്ഷമത തെളിയിച്ച ജാദവ് ആഭ്യന്തര ക്രിക്കറ്റില്‍ സജീവമാവുകയും ചെയ്തിരുന്നു. എന്നിട്ടും അദ്ദേഹത്തെ പരിഗണിക്കാത്തതാണ് വിവാദമായത്. ഏകദിന ക്രിക്കറ്റില്‍ ജാദവ് സ്ഥിരത പുലര്‍ത്തുന്നുണ്ട്. ബാറ്റിങിലും നിര്‍ണായക ഘട്ടത്തില്‍ വിക്കറ്റെടുത്തും ജാദവ് ഇക്കാര്യം പലവട്ടം തെളിയിച്ചതുമാണ്. പരമ്പരയിലെ മൂന്നാം ഏകദിനം ഇന്ന് പൂനെയില്‍ നടക്കും.

Tags:    

Similar News