ശ്രീലങ്കയില്‍ പെട്ട് ഇംഗ്ലണ്ട്
കഴിഞ്ഞ ദിവസമുണ്ടായ വെടിവെപ്പില്‍ മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്ററും പുറത്താക്കപ്പെട്ട പ്രധാനമന്ത്രിയുടെ അനുയായിയുമായ അര്‍ജുന രണതുംഗയെ അറസ്റ്റ് ചെയ്തിരുന്നു.
ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയും ഏക ടി20 പരമ്പരയും ഇംഗ്ലണ്ട് സ്വന്തമാക്കിയെങ്കിലും ടീം ഇംഗ്ലണ്ടിപ്പോള്‍ അങ്കലാപ്പിലാണ്. ശ്രീലങ്കയിലെ ഭരണ-രാഷ്ട്രീയ പ്രതിസന്ധിയും ഇതിന് പിന്നാലെയുണ്ടായ അക്രമ സംഭവങ്ങളുമാണ് ഇംഗ്ലണ്ടിനെ പേടിപ്പിക്കുന്നത്. എന്നിരുന്നാലും ലങ്കയില്‍ തങ്ങാനും വരാനിരിക്കുന്ന ടെസ്റ്റ് പരമ്പര തുടരാനുമാണ് ഇംഗ്ലണ്ട് ക്രിക്കറ്റിന്റെ ഇപ്പോഴത്തെ തീരുമാനം. ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗയെ തല്‍സ്ഥാനത്ത് നിന്ന് പ്രസിഡന്റ് മൈത്രിപാല സിരിസേന മാറ്റിയതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്.
കഴിഞ്ഞ ദിവസമുണ്ടായ വെടിവെപ്പില്‍ മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്ററും പുറത്താക്കപ്പെട്ട പ്രധാനമന്ത്രിയുടെ അനുകൂലിയും മന്ത്രിയുമായ അര്‍ജുന രണതുംഗയെ അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോഴത്തെ സംഭവവികാസങ്ങളില്‍ അങ്ങേയറ്റം ബോധവാന്മാരാണെന്നും ബ്രിട്ടീഷ് ഹൈകമ്മീഷനുമായി ബന്ധപ്പെടുന്നുണ്ടെന്നും ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം വക്താവ് ഡാനി റൂബെന്‍ പറഞ്ഞു. ടെസ്റ്റിന് പിന്നാലെ കൊളംബോയില്‍ പരിശീലന മത്സരം ഇംഗ്ലണ്ടിന് കളിക്കേണ്ടതുണ്ട്. അതേസമയം ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിനൊരുക്കിയ സുരക്ഷയില്‍ യാതൊരു വിട്ടുവീഴ്ചയുമില്ലെന്നും സുരക്ഷ തുടരുമെന്നും ശ്രീലങ്കന്‍ ക്രിക്കറ്റ് അധികാരികള്‍ വ്യക്തമാക്കി.
ലങ്കയിലെ അക്രമസംഭവങ്ങള്‍ക്ക് പിന്നാലെ പൊലീസിനെ വിന്യസിക്കേണ്ടിവരുമെന്ന അഭ്യൂഹങ്ങള്‍ക്ക് പിന്നാലെയാണ് ലങ്കന്‍ ക്രിക്കറ്റ് സുരക്ഷാകാര്യങ്ങളില്‍ വിട്ടുവീഴ്ചക്കില്ലെന്ന് വ്യക്തമാക്കുന്നത്. ഇത് ഇംഗ്ലണ്ടിന് ആശ്വാസമാണ്. മൂന്ന് ടെസ്റ്റുകളടങ്ങിയ പരമ്പര അടുത്ത മാസം ആറിന് തുടങ്ങും. അതേസമയം പ്രശ്‌നം വഷളായാല്‍ ഇംഗ്ലണ്ട് നാട്ടിലേക്ക് മടങ്ങിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.