ഖലീലിന് താക്കീത്; ഒരു ഡിമെറിറ്റ് പോയിന്റ് 

വിന്‍ഡീസ് താരം മാര്‍ലോണ്‍ സാമുവല്‍സിന് നേരെയുള്ള അതിരുവിട്ട ആഘോഷത്തിന് ഇന്ത്യന്‍ പേസര് ഖലീല്‍ അഹമ്മദിന് ഒരു ഡിമെറിറ്റ് പോയിന്റ്. 

Update: 2018-10-30 11:09 GMT
Advertising

വിന്‍ഡീസ് താരം മാര്‍ലോണ്‍ സാമുവല്‍സിന് നേരെയുള്ള അതിരുവിട്ട ആഘോഷത്തിന് ഇന്ത്യന്‍ പേസര്‍ ഖലീല്‍ അഹമ്മദിന് ഒരു ഡിമെറിറ്റ് പോയിന്റും താക്കീതും. മുംബൈയില്‍ ഇന്നലെ നടന്ന നാലാം ഏകദിനത്തിലാണ് മാര്‍ലോണ്‍ സാമുവല്‍സിന്റെ വിക്കറ്റ് വീഴ്ത്തിയതിന് പിന്നാലെയുള്ള ഖലീലിന്റെ അതിരുവിട്ട ആഘോഷം. ഐ.സി.സി കോഡിലെ ലെവല്‍ 1 ലംഘിച്ചു എന്ന കുറ്റം കണ്ടെത്തിയാണ് ഖലീലിന് താക്കീതും ഒരു ഡിമെറിറ്റ് പോയിന്റും വിധിച്ചത്. കളിക്കളത്തില്‍ പ്രകോപനമായ വാക്ക്, പ്രവൃത്തി, ആംഗ്യം എന്നിവ ഉണ്ടായാലാണ് ഈ വകുപ്പ് പ്രകാരം കുറ്റം ചുമത്തുക.

മത്സരത്തില്‍ സാമുവല്‍സിന്റെ വിക്കറ്റ് വീഴ്ത്തിയത് ഖലീല്‍ അഹമ്മദാ യിരുന്നു. 14ാം ഓവറിലായിരുന്നു സംഭവം. ഖലീലിന്റെ പന്തില്‍ സ്ലിപ്പില്‍ രോഹിത് ശര്‍മ്മക്ക് ക്യാച്ച് നല്‍കിയായിരുന്നു സാമുവല്‍സ് മടങ്ങിയത്. പിന്നാലെയായിരുന്നു ആഘോഷം. അഞ്ച് ഓവര്‍ എറിഞ്ഞ ഖലീല്‍ പതിമൂന്ന് റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുകളും വീഴ്ത്തിയിരുന്നു. അതേസമയം തെറ്റ് സമ്മതിച്ചതിനാല്‍ വിളിച്ചുവരുത്തുന്നതുള്‍പ്പെടെയുള്ള നടപടികളില്‍ നിന്ന് താരം ഒഴിവായി. തെറ്റ് ആവര്‍ത്തിക്കുന്ന പക്ഷം ഡിമെറിറ്റ് പോയിന്റ് കൂടുകയും വിലക്കും പിഴയും ഉള്‍പ്പെടെയുള്ള നടപടികള്‍ക്ക് വിധേയനാവേണ്ടിവരികയും ചെയ്യും.

224 റണ്‍സിന്റെ വമ്പന്‍ വിജയമാണ് ഇന്ത്യ ഇന്നലെ നേടിയത്. ഇന്ത്യ ഉയര്‍ത്തിയ 378 എന്ന ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ വിന്‍ഡീസിന് 153 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. ജയത്തോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലെത്തി. ഒരു മത്സരം സമനിലയില്‍ പിരിഞ്ഞിരുന്നു. അവസാന ഏകദിനം കാര്യവട്ടത്താണ്.

Tags:    

Similar News