ഗാംഗുലിയുടെയും യുവിയുടെയും ആ നേട്ടത്തിനൊപ്പം കോഹ്‌ലിയും
വിന്‍ഡീസിനെതിരായ തകര്‍പ്പന്‍ പ്രകടനത്തോടെ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്ക് മറ്റൊരു റെക്കോര്‍ഡ് നേട്ടത്തിനരികെ
വിന്‍ഡീസിനെതിരായ തകര്‍പ്പന്‍ പ്രകടനത്തോടെ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി മറ്റൊരു നേട്ടത്തിനരികെ. ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ മാന്‍ ഓഫ് ദ സീരീസ് പുരസ്‌കാരങ്ങള്‍ നേടുന്ന രണ്ടാമത്തെ താരമാവാനൊരുങ്ങുകയാണ് കോഹ്‌ലി. വിന്‍ഡീസിനെതിരായ മാന്‍ ഓഫ് ദ സീരീസ് പുരസ്‌കാരത്തോടെ കോഹ്‌ലിക്ക് ഏകദിനത്തില്‍ ഏഴ് അവാര്‍ഡുകള്‍ ലഭിച്ചുകഴിഞ്ഞു. ഇന്ത്യയുടെ മുന്‍ നായകന്‍ സൗരവ് ഗാംഗുലി, യുവരാജ് സിങ് എന്നിവരാണ് ഏഴ് മാന്‍ ഓഫ്ദസീരീസ് പുരസ്‌കാരങ്ങളുമായി കോഹ്‌ലിക്കൊപ്പമുള്ളത്.
എന്നാല്‍ 15 പുരസ്‌കാരങ്ങളുമായി സാക്ഷാല്‍ സച്ചിന്‍ തെണ്ടുല്‍ക്കറാണ് ഇങ്ങനെയൊരു നേട്ടത്തിലും കോഹ്‌ലിക്ക് മുന്നിലുള്ളത്. സച്ചിന്റെ ഒരോ റെക്കോര്‍ഡും അതിവേഗത്തില്‍ കോഹ്‌ലി സ്വന്തം പേരിലാക്കുന്നതിനാല്‍ ഈ റെക്കോര്‍ഡും കോഹ്‌ലിയുടെ പേരിലാവാന്‍ അധിക സമയം വേണ്ടിവരില്ല. കാരണം, താരത്തിന്റെ ഫോം തന്നെ. അതേസമയം റിക്കി പോണ്ടിങ്, ഹാഷിം അംല, വിവിയന്‍ റിച്ചാര്‍ഡ് എന്നിവരും ഏഴിന്റെ അവകാശികളിലുണ്ട്. വിന്‍ഡീസിനെതിരായ അഞ്ച് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയില്‍ 453 റണ്‍സാണ് കോഹ്‌ലി നേടിയത്.
തുടര്‍ച്ചയായ മൂന്ന് സെഞ്ച്വറികള്‍ ഉള്‍പ്പെടെയായിരുന്നു കോഹ്‌ലിയുടെ നേട്ടം. വേഗത്തില്‍ പതിനായിരം, ഇന്ത്യക്കായി തുടര്‍ച്ചയായി മൂന്ന് സെഞ്ച്വറികള്‍ തേടുന്ന താരം എന്നീ റെക്കോര്‍ഡുകള്‍ കോഹ്‌ലി സ്വന്തം പേരിലാക്കിയത് വിന്‍ഡീസിനെതിരായ പരമ്പരയിലാണ്.