മുനാഫ് പട്ടേല്‍ ക്രിക്കറ്റില്‍ നിന്നും വിരമിച്ചു
ചെറുപ്പകാലത്ത് മുനാഫ് ടൈല്‍ ഫാക്ടറിയില്‍ ജോലിയെടുത്തിരുന്നു. അന്ന് എട്ടുമണിക്കൂര്‍ ജോലിക്ക് 35 രൂപയായിരുന്നു കൂലി. പിന്നീട് ക്രിക്കറ്റാണ് മുനാഫ് പട്ടേലിന്റെ ജീവിതം മാറ്റി മറിച്ചത്.
രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നുവെന്ന് ഇന്ത്യന്‍ പേസ് ബൗളര്‍ മുനാഫ് പട്ടേല്‍. 15 വര്‍ഷം നീണ്ട കരിയറിനൊടുവിലാണ് മുനാഫ് കളി നിര്‍ത്തുന്നത്. തനിക്കൊപ്പം കളിച്ചവരില്‍ ധോണി മാത്രമേ ഇപ്പോഴും തുടരുന്നുള്ളൂവെന്നും ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നത് സന്തോഷത്തോടെയാണെന്നുമാണ് മുനാഫ് പട്ടേല്‍ വിരമിക്കല്‍ സന്ദേശത്തില്‍ പറഞ്ഞത്.
ഗുജറാത്തിലെ ബരൂചി ജില്ലയിലെ ഇഖാര്‍ ഗ്രാമത്തില്‍ ജനിച്ച മുനാഫിന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെത്തുകയെന്നതു തന്നെ വലിയ സ്വപ്‌നമായിരുന്നു. സ്ഥിരോത്സാഹവും കഠിനാധ്വാനവും കൊണ്ട് ഉയരങ്ങള്‍ കീഴടക്കുമ്പോഴും അര്‍ഹിച്ച അംഗീകാരം ലഭിക്കാതെ പോയ ക്രിക്കറ്റ് താരങ്ങളിലൊരാളാണ് മുനാഫ് പട്ടേല്‍. ക്രിക്കറ്റില്‍ വന്നില്ലായിരുന്നെങ്കില്‍ നാട്ടുകാരെ പോലെ ആഫ്രിക്കയിലോ മറ്റോ പണിക്കുപോകുന്ന ടൈല്‍സ് തൊഴിലാളിയാകുമായിരുന്നു താനെന്നാണ് മുനാഫ് തന്നെ ഒരിക്കല്‍ പറഞ്ഞത്.
ചെറുപ്പകാലത്ത് മുനാഫ് ടൈല്‍ ഫാക്ടറിയില്‍ ജോലിയെടുത്തിരുന്നു. അന്ന് എട്ടുമണിക്കൂര്‍ ജോലിക്ക് 35 രൂപയായിരുന്നു കൂലി. ടൈലുകള്‍ അടുക്കിവെക്കുകയും വൃത്തിയാക്കുകയുമായിരുന്നു ജോലി. പിന്നീട് ക്രിക്കറ്റാണ് മുനാഫ് പട്ടേലിന്റെ ജീവിതം മാറ്റി മറിച്ചത്. തനി ഗ്രാമീണനായ മുനാഫ് പട്ടേലിന്റെ നേരെ വാ നേരെ പോ സ്വഭാവം പലപ്പോഴും അദ്ദേഹത്തിന് തിരിച്ചടിയായിട്ടുണ്ട്.
രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനും പരിശീലകനുമായിരുന്ന ഷൈന്‍ വോണ്‍ അടക്കം പലരും മുനാഫിനെ തെറ്റിദ്ധരിച്ചിരുന്നുവെന്ന് തുറന്നു സമ്മതിച്ചിട്ടുണ്ട്. ആദ്യം മുഷിപ്പുകാണിച്ച പലരും പിന്നീട് തന്നെ മനസിലാക്കി നല്ല രീതിയില്‍ പെരുമാറിയിട്ടുണ്ടെന്ന് മുനാഫ് പറഞ്ഞിട്ടുമുണ്ട്. നഗരങ്ങളില്‍ നിന്നും വന്ന കളിക്കാരെ പോലെയുള്ള ജീവിത രീതിയോ ഭാഷയോ തനിക്കുണ്ടായിരുന്നില്ലെന്ന് മുനാഫ് പലപ്പോഴും മനസു തുറന്നു.
2011ലെ ഏകദിന ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന്റെ ബൗളിംങ് പരിശീലകനായിരുന്ന എറിക് സിമണ്‍സിന്റെ വാക്കുകളില്‍ വാഴ്ത്തപ്പെടാത്ത നായകനാണ് അയാള്‍. ഇന്ത്യന്‍ ടീമിന്റെ ലോകകപ്പ് വിജയത്തില്‍ മുനാഫിനുണ്ടായിരുന്ന നിര്‍ണ്ണായക പങ്കിന് പോലും അര്‍ഹിച്ച അംഗീകാരം ലഭിച്ചില്ല. സഹീര്‍ഖാനും യുവരാജ് സിംങിനും പിന്നില്‍ 11 വിക്കറ്റുകളോടെ ലോകകപ്പിലെ മൂന്നാമത്തെ ഇന്ത്യന്‍ വിക്കറ്റ് വേട്ടക്കാരനായിരുന്നു മുനാഫ് പട്ടേല്‍.
ദുബൈയിലെ ടി 10 ലീഗില്‍ കളിക്കുന്നതിനിടെയാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കാന്‍ മുനാഫ് പട്ടേല്‍ തീരുമാനിക്കുന്നത്. പരിശീലകനായി ക്രിക്കറ്റില്‍ തന്നെ തുടരുമെന്ന സൂചനയും മുനാഫ് നല്‍കി. ഇപ്പോഴും ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നത് വിശ്വസിക്കാന്‍ പ്രയാസമാണെന്ന് പറയുന്ന മുനാഫ് തനിക്ക് ക്രിക്കറ്റല്ലാതെ മറ്റൊന്നു അറിയില്ലെന്നും കൂട്ടിച്ചേര്‍ക്കുന്നു.
'പ്രത്യേകിച്ച് പുതിയ കാരണങ്ങളൊന്നുമില്ല വിരമിക്കല്‍ പ്രഖ്യാപിക്കാന്‍. പ്രായമായെന്ന തോന്നല്‍ വന്നു തുടങ്ങി. പഴയതുപോലെ ശാരീരികക്ഷമതയില്ല. ചെറുപ്പക്കാര്‍ അവസരങ്ങള്‍ക്കായി കാത്തിരിക്കുന്നു. അവരുടെ അവസരം നഷ്ടപ്പെടുത്തി തുടരുന്നതില്‍ ശരികേടുണ്ടെന്ന് തോന്നുന്നു. അതിനേക്കാളുപരിയായി ക്രിക്കറ്റില്‍ പ്രത്യേകിച്ച് ലക്ഷ്യങ്ങളോ പ്രചോദനങ്ങളോ ഇല്ല. 2011ലെ ലോകകപ്പ് നേടിയ ടീമിലെ അംഗത്വത്തേക്കാള്‍ വലുതായി ഇനിയൊന്നും സംഭവിക്കാനില്ല' വിരമിക്കല്‍ സന്ദേശത്തില്‍ മുനാഫ് പറയുന്നു.