ഈ ചിത്രം ട്വീറ്റ് ചെയ്ത് ട്രോളര്‍മാര്‍ക്ക് ഇംഗ്ലണ്ടിന്റെ മറുപടി
മുഈന്‍ അലി, ആദില്‍ റാഷിദ്, ജാക്ക് ലീച്ച് എന്നിവര്‍ ചിരിക്കുന്നൊരു ചിത്രമാണ് ട്രോളര്‍മാര്‍ക്ക് മറുപടിയായി ഇംഗ്ലണ്ട് ട്വീറ്റ് ചെയ്തത്
ഈ വര്‍ഷം ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നുമായി മികച്ച ഫലം ഉണ്ടാക്കിയ ടീമുകളിലൊന്ന് ഇംഗ്ലണ്ടാണ്. സ്വന്തം നാട്ടില്‍ ഇംഗ്ലണ്ട് പുലികളാണെങ്കില്‍ പുറത്ത്, പ്രത്യേകിച്ച് ഏഷ്യന്‍ രാജ്യങ്ങളില്‍ ഇംഗ്ലണ്ട് വെറും കടലാസ് പുലികളാണെന്നായിരുന്നു വെപ്പ്. പലപ്പോഴും അവിടങ്ങളില്‍ പരമ്പര തോല്‍ക്കാറാണ് പതിവ്. എന്നാല്‍ പതിവില്‍ നിന്ന് ഭിന്നമായി, ശ്രീലങ്കയെ ഏകദിനത്തിലും ടി20യിലും തോല്‍പിച്ച് ഇംഗ്ലണ്ട് ഏഷ്യന്‍ രാജ്യങ്ങളിലും തങ്ങള്‍ക്ക് തിളങ്ങാനാവുമെന്ന് തെളിയിച്ചു. ഏഷ്യന്‍ രാജ്യങ്ങളില്‍ അവരെ അലട്ടിയിരുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്ന് സ്പിന്നര്‍മാരെ നേരിടാനാവുന്നില്ലെന്നാണ്. അല്ലെങ്കില്‍ മികവുറ്റ സ്പിന്നര്‍മാരെ ലഭിക്കുന്നില്ല എന്നും.
മോണ്ടി പനേസര്‍, ഗ്രെയിം സ്വാന്‍ എന്നിവരാണ് അടുത്ത കാലത്ത് ഇംഗ്ലണ്ട് നിരയില്‍ നേട്ടമുണ്ടാക്കിയ സ്പിന്നര്‍മാര്‍. അതിന് ശേഷം നല്ല സ്പിന്നര്‍മാരെ ലഭിക്കാത്തത് ഇംഗ്ലണ്ടിന് തലവേദനയായിരുന്നു. ഇതിനെച്ചൊല്ലി പലപ്പോഴും ടീമിനെ കളിയാക്കി ട്വീറ്റുകളും നിറയാറുണ്ട്. എന്നാല്‍ അത്തരമൊരു ട്വീറ്റിനെ ഇംഗ്ലണ്ട് നേരിട്ടത് അടുത്തിടെ കഴിവ് തെളിയിച്ച മൂന്ന് സ്പിന്നര്‍മാരെ വെച്ചാണ്. മുഈന്‍ അലി, ആദില്‍ റാഷിദ്, ജാക്ക് ലീച്ച് എന്നിവര്‍ ചിരിക്കുന്നൊരു ചിത്രമാണ് ട്രോളര്‍മാര്‍ക്ക് മറുപടിയായി ഇംഗ്ലണ്ട് ഉപയോഗിച്ചത്. സമീപകാലത്ത് ഇംഗ്ലണ്ടിനായി നന്നായി പന്തെറിയുന്നുണ്ട് മൂവരും. പ്രത്യേകിച്ച് മുഈന്‍ അലിയും ആദില്‍ റാഷിദും. ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ എട്ട് വിക്കറ്റുകളാണ് മുഈന്‍ അലി വീഴ്ത്തിയത്. മത്സരം ഇംഗ്ലണ്ട് ജയിക്കുകയും ചെയ്തു.
17.12 ആയിരുന്നു അലിയുടെ ആവറേജ്. അഞ്ച് വിക്കറ്റ് വീഴ്ത്തി ഇടംകയ്യന്‍ സ്പിന്നര്‍ ജാക്ക് ലീച്ച്, താരത്തിന് മികച്ച പിന്തുണകൊടുത്തപ്പോള്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയ ആദില്‍ റാഷിദും തിളങ്ങി. ഏഷ്യയിലേക്ക് വരുമ്പോള്‍ ഒന്നെങ്കില്‍ നല്ല സ്പിന്നര്‍മാരുമായി വരണം, അല്ലെങ്കില്‍ സ്പിന്നിനെ കളിക്കാനാവാണം. ഇങ്ങനെ നന്നായി പന്തെറിയുന്ന സ്പിന്നര്‍മാര്‍ തങ്ങള്‍ക്കുമുണ്ടെന്നായിരുന്നു ഇംഗ്ലണ്ടിന്റെ ട്വീറ്റിന്റെ ചുരുക്കം. ലങ്കയ്‌ക്കെതിരായ പരമ്പരക്ക് മുമ്പ് നടന്ന ഇന്ത്യന്‍ പരമ്പരയിലും അലി പന്ത് കൊണ്ട് തിളങ്ങിയിരുന്നു. രണ്ട് ടെസ്റ്റുകളില്‍ നിന്നായി 12 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. റാഷിദും സമീപ കാലത്ത് മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. ഇരുവരുടെയും അടുത്തേക്കാണ് പുതുമുഖം ലീച്ചും എത്തുന്നത്. ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയോടെ താരത്തിന്റെ ബൗളിങില്‍ ടീം ഇംഗ്ലണ്ടും തൃപ്തരാണ്.
"England don't produce quality spinners" pic.twitter.com/VyxnTPLK6I
— England Cricket (@englandcricket) November 12, 2018