രഞ്ജി ട്രോഫി; മാന്ത്രിക പ്രകടനവുമായി ജലജ് സക്സേന, കേരളത്തിന് ജയ പ്രതീക്ഷ 

ഓള്‍റൗണ്ടര്‍ ജലജ് സക്‌സേനയുടെ മാന്ത്രിക പ്രകടനമാണ് കേരളത്തിന് ജയ പ്രതീക്ഷ നല്‍കുന്നത്.

Update: 2018-11-14 13:45 GMT
Advertising

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ആന്ധ്രയ്ക്കെതിരെ കേരളത്തിന് ജയപ്രതീക്ഷ. ഓള്‍റൗണ്ടര്‍ ജലജ് സക്‌സേനയുടെ മാന്ത്രിക പ്രകടനമാണ് കേരളത്തിന് ജയ പ്രതീക്ഷ നല്‍കുന്നത്. മൂന്നാം ദിനം കളി അവസാനിച്ചപ്പോള്‍ 46 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 102 റണ്‍സെന്ന നിലയിലാണ് ആന്ധ്ര. ഒരു ദിവസവും രണ്ട് വിക്കറ്റും മാത്രം കയ്യിലിരിക്കെ 28 റണ്‍സിന്റെ ലീഡ് മാത്രമെ അവര്‍ക്കുള്ളൂ. ബാറ്റ് കൊണ്ട് മാത്രമല്ല പന്തെറിഞ്ഞും ജലജ് സക്സേന നടത്തിയ പ്രകടനമാണ് ഏവരെയും അമ്പരപ്പിക്കുന്നത്. 133 റണ്‍സ് നേടി ടോപ് സ്കോററായ സക്സേന, രണ്ടാം ഇന്നിങ്സില്‍ ഏഴ് വിക്കറ്റും വീഴ്ത്തി.

ഒരു വിക്കറ്റ് നഷ്ടത്തില്‍ 227 എന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ് തുടര്‍ന്ന കേരളം 328 റണ്‍സിന് പുറത്താവുകയായിരുന്നു. അതോടെ കേരളത്തിന് 74 റണ്‍സിന്റെ ലീഡ് ലഭിച്ചു. രണ്ടാം ദിനത്തില്‍ ലഭിച്ച ബാറ്റിങ് കരുത്ത് കേരളത്തിന് മൂന്നാം ദിനം മുതലാക്കാനായില്ലെങ്കിലും നിര്‍ണായക ലീഡ് സ്വന്തമാക്കാനായി. 133 റണ്‍സെടുത്ത ജലജ് സക്സേനയാണ് കേരളത്തിനായി പൊരുതിയത്. 232 പന്തില്‍ നിന്ന് പതിനൊന്ന് ഫോറുകളുടെ അകമ്പടിയോടെയാണ് സക്‌സേനയുടെ ഇന്നിങ്‌സ്. കെ.ബി അരുണ്‍ കാര്‍ത്തിക് 56ഉം രോഹന്‍ പ്രേം 47 റണ്‍സും നേടി. എന്നാല്‍ സഞ്ജു സാംസണ്‍ ഉള്‍പ്പെടെ ബാക്കിയുള്ളവര്‍ക്ക് തിളങ്ങാന്‍ കഴിയാത്തത് കേരളത്തിന് തിരിച്ചടിയായി.

സഞ്ജു പൂജ്യത്തിനാണ് പുറത്തായത്. നായകന്‍ സച്ചിന്‍ ബേബി 21 റണ്‍സെടുത്തു. എന്നാല്‍ ഒന്നാം ഇന്നിങ്സ് കടവുമായി ബാറ്റ് ചെയ്ത ആന്ധ്ര രണ്ടാം ഇന്നിങ്സില്‍ തകര്‍ന്നടിയുകയായിരുന്നു. മൂന്നാം ദിനം കളി അവസാനിക്കുമ്പോള്‍ എട്ടിന് 102 റണ്‍സെന്ന നിലയിലാണ്. എട്ടിന് 90 എന്ന നിലയിലായിരുന്നു ആന്ധ്ര. എന്നാല്‍ ആദ്യ ഇന്നിങ്സില്‍ സെഞ്ച്വറി നേടിയ റിക്കി ഭൂയി പിടിച്ചുനിന്നതാണ് കേരളത്തിനെ അസ്വസ്ഥമാക്കിയത്. അല്ലെങ്കില്‍ ഇന്ന് തന്നെ ഫലം വന്നേനെ. കേരളത്തിനായി ജലജ് സക്സേന ഏഴ് വിക്കറ്റാണ് വീഴ്ത്തിയത്. 19 ഓവറില്‍ ഒരു മെയ്ഡന്‍ ഓവറടക്കം 44 റണ്‍സ് വിട്ടുകൊടുത്താണ് ജലജ് സക്സേന ഏഴ് വിക്കറ്റ് പ്രകടനം. അക്ഷയ് കെ.സി ഒരു വിക്കറ്റും നേടി.

ആന്ധ്രപ്രദേശ് രണ്ടാം ഇന്നിങ്സ് സ്കോര്‍ബോര്‍ഡ്

ആദ്യ ഇന്നിങ്സില്‍ ജലജ് സക്സേനക്ക് ഒരു വിക്കറ്റെ വീഴ്ത്താനായുള്ളൂ. നാലാം ദിനം ആദ്യ ഓവറുകളില്‍ തന്നെ ബാക്കിയുള്ള വിക്കറ്റ് വീഴ്ത്താനാവും കേരളം ശ്രമിക്കുക. ചെറു വിജയലക്ഷ്യം എളുപ്പത്തില്‍ മറികടക്കാനായാല്‍ ആദ്യ ഇന്നിങ്സ് ലീഡോടെ കേരളത്തിന് ഇൌ സീസണിലെഈ സീസണിലെ ആദ്യ ജയം സ്വന്തമാക്കാം. കേരളത്തിന്റെ ഈ സീസണിലെ ആദ്യ മത്സരം സമനിലയില്‍ കലാശിച്ചിരുന്നു.

Tags:    

Similar News