ആദ്യ ടെസ്റ്റില്‍ തോറ്റതിന് തിരിച്ചടിച്ച് ബംഗ്ലാദേശ്
ഇതോടെ രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പര 1-1 എന്ന സമനിലയില്‍ പിരിഞ്ഞു
സിംബാബ്‌വെക്കെതിരായ രണ്ടാം ടെസ്റ്റില്‍ ജയവുമായി ബംഗ്ലാദേശ്. ഇതോടെ ആദ്യ ടെസ്റ്റിലെ തോല്‍വിക്കുള്ള മധുരപ്രതികാരം കൂടിയായി. ആദ്യ ടെസ്റ്റില്‍ 151 റണ്‍സിനാണ് ബംഗ്ലാദേശ് തോറ്റതെങ്കില്‍ രണ്ടാം ടെസ്റ്റിലെ അവര്‍ സിംബാബ്‌വയെ തോല്‍പിച്ചത് 218 റണ്‍സിനാണ്. ഇതോടെ രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പര 1-1 എന്ന സമനിലയില്‍ പിരിഞ്ഞു. രണ്ടാം ടെസ്റ്റ് ജയിച്ചോ അല്ലെങ്കില്‍ സമനിലയിലാക്കിയോ പരമ്പര സ്വന്തമാക്കാനായിരുന്നു സിംബാബ്‌വെയുടെ പദ്ധതി.
എന്നാല്‍ സെഞ്ച്വറി നേടിയ ബ്രെന്‍ഡന്‍ ടെയ്‌ലര്‍ക്ക് മാത്രമെ സിംബാബ്‌വെന്‍ നിരയില്‍ പിടിച്ചുനില്‍ക്കാനായുള്ളൂ. ബംഗ്ലാദേശിനായി മെഹദി ഹസന്‍ അഞ്ച് വിക്കറ്റ് വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ മുഷ്ഫിഖുര്‍ റഹീമിന്റെ റെക്കോര്‍ഡ് ഇരട്ട സെഞ്ച്വറിയുടെയും(219) മോമിനുല്‍ ഹഖിന്റെ(161) സെഞ്ച്വറിയുടെയും ബലത്തിലാണ് ഏഴിന് 522 എന്ന കൂറ്റന്‍ സ്‌കോര്‍ നേടിയത്. മറുപടി ബാറ്റിങില്‍ സിംബാബ്‌വെക്ക് 304 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. ലീഡും വഴങ്ങി.
രണ്ടാം ഇന്നിങ്‌സില്‍ ബംഗ്ലാദേശിന്റെ ഇന്നിങ്‌സ് ആറിന് 224 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു. കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ സിംബാബ്‌വെക്ക് 224 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. ആദ്യ ടെസ്റ്റ് വിജയിച്ച് സിംബാബ്‌വെ ഏവരെയും അമ്പരപ്പിച്ചിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു സിംബാബ്‌വയുടെ ടെസ്റ്റ് ജയം.