ഇന്നേ ദിവസം സച്ചിന് അത്രമേല്‍ പ്രിയപ്പെട്ടതാണ്
1989ൽ പാകിസ്ഥാനെതിരെ ടെസ്റ്റിൽ അരങ്ങേറിക്കൊണ്ടാണ് സച്ചിൻ അദ്ദേഹത്തിന്റെ അന്താരാഷ്ട്രാ കരിയർ ആരംഭിക്കുന്നത്.
29 വർഷങ്ങൾക്ക് മുമ്പ് ഇന്നേ ദിവസമാണ് കയ്യിൽ മാന്ത്രിക ബാറ്റുമായി ആ പതിനാറുകാരൻ ആദ്യമായി ക്രീസിലെത്തുന്നത്. പിന്നീട് ദെെവത്തോളം പോന്ന സ്നേഹവും, ആരാധനയും ക്രിക്കറ്റിലൂടെ നേടിയെടുത്ത ആ കളിക്കാരന്, സാക്ഷാൽ സച്ചിൻ രമേശ് ടെണ്ടുൽക്കറിന്, ലോകത്തെമ്പാടുമുള്ള ജനഹൃദയങ്ങളിൽ സ്ഥാനം പിടിക്കാൻ പിന്നീട് അധിക കാലം വേണ്ടി വന്നില്ല. 1989ൽ പാകിസ്ഥാനെതിരെ ടെസ്റ്റിൽ അരങ്ങേറിക്കൊണ്ടാണ് സച്ചിൻ അദ്ദേഹത്തിന്റെ അന്താരാഷ്ട്രാ കരിയർ ആരംഭിക്കുന്നത്.
എല്ലാ വർഷവും ഈ ദിവസം തനിക്ക് ഏറ പ്രധാനപ്പെട്ടതാണെന്ന് പറഞ്ഞ സച്ചിൻ, 24 വർഷം ഇന്ത്യയെ പ്രതിനിധീകരിച്ച് കളിക്കാൻ പറ്റിയത് വളരെ അഭിമാനകരമായ കാര്യമാണെന്നും ട്വിറ്ററിൽ കുറിച്ചു. പാകിസ്ഥാനെതിരായ അരങ്ങേറ്റ മത്സരത്തിന്റെ ചിത്രവും അദ്ദേഹം കൂടെ ഷെയർ ചെയ്തു.
സച്ചിൻ 15 റൺസ് കുറിച്ച മത്സരം പക്ഷേ സമനിലയിൽ കലാശിക്കുകയായിരുന്നു. തുടർന്ന് ഫെെസലാബാദിൽ വെച്ചു നടന്ന മത്സരത്തിൽ തന്റെ ആദ്യ അർദ്ധ ശതകം കുറിക്കാൻ സച്ചിനായി. പാകിസ്ഥാൻ ബോളിങ് ഇതിഹാസം വഖാർ യൂനുസും ഇതേ പരമ്പരയിൽ തന്നെയാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറിയത്.
ബി.സി.സി.എെയും ഔദ്യോഗിക ട്വിറ്ററിലൂടെ സച്ചിന്റെ അരങ്ങേറ്റ ദിനം അനുസ്മരിച്ചു. സച്ചിന്റെ ആദ്യ മത്സരത്തിന്റെയും വിടവാങ്ങൽ മത്സരത്തിന്റെയും ചിത്രങ്ങൾ പങ്കുവെച്ച ബി.സി.സി.എെ, സച്ചിൻ ഇന്ത്യൻ ടീമിന്റെ ഇതിഹാസമാണെന്നും കുറിച്ചു. സച്ചിന്റെയും വഖാർ യൂനുസിന്റെയും സവിശേഷ ദിവസത്തെ എെ.സി.സിയും അനുസ്മരിച്ചു.
ഇരുപത്തിനാല് വർഷം നീണ്ടു നിന്ന ക്രിക്കറ്റ് കരിയറിനിടെ ടെസ്റ്റിൽ 15,921 റൺസും ഏകദിനത്തിൽ 18,426 റൺസുമാണ് സച്ചിൻ അടിച്ചു കൂട്ടിയത്. ഇരു ഫോർമാറ്റിലുമായി നൂറ് സെഞ്ച്വറികളും അദ്ദേഹം നേടി. 2013ല്‍ ഇതേ ദിവസം തന്നെയാണ് സച്ചിൻ തന്റെ വിടവാങ്ങൽ മത്സരം കളിക്കുന്നതും. വാംഖഡെയിൽ വെസ്റ്റ് ഇൻഡീസിനെതിരായ അവസാന മത്സരത്തിൽ 74 റൺസുമായാണ് സച്ചിൻ മടങ്ങിയത്.