കേരളത്തിന്റെ സെന്‍ ക്രിക്കറ്റ് താരം ജലജ് സക്‌സേന
ഒരു ക്രിക്കറ്റ് താരത്തേക്കാള്‍ യോഗ ഗുരുവിനെപോലുള്ള വാക്കുകളാണ് ജലജ് സക്‌സേനയുടേത്. സ്വന്തം അനുഭവങ്ങളും തിരിച്ചടികളുമാണ് ജലജ് സക്സേനയുടെ പ്രധാന ഗുരു...
'സെഞ്ചുറി നേടുമ്പോഴും പുറത്താകുമ്പോഴും ഒരേ മാനസികാവസ്ഥയിലിരിക്കാന്‍ കഴിയണം, അതാണ് ആഗ്രഹം' ക്രിക്കറ്റില്‍ അത്രക്ക് പരിചയമില്ലാത്ത ഈ ആശയത്തിന്റെ വക്താവാണ് ജലജ് സക്‌സേന. കൂടുതല്‍ ആക്രമണ സ്വഭാവം കാണിക്കുന്നത് സവിശേഷഗുണമായി കരുതുന്ന സമകാലീന ക്രിക്കറ്റില്‍ തന്നെയാണ് ഇത്തരം വ്യത്യസ്ഥ സമീപനവുമായി ആഭ്യന്തരക്രിക്കറ്റില്‍ തുടരെ നേട്ടങ്ങള്‍ സ്വന്തമാക്കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി കേരളത്തിനായി ഇറങ്ങുന്ന മധ്യപ്രദേശുകാരന്‍ ജലജ് സക്‌സേനയുടെ മിടുക്കില്‍ കേരള ടീം നേടിയ ജയങ്ങള്‍ നിരവധിയാണ്.
കഴിഞ്ഞ നാല് വര്‍ഷത്തില്‍ മൂന്നുകൊല്ലവും രാജ്യത്തെ മികച്ച ഓള്‍ റൗണ്ടര്‍ക്കുള്ള പുരസ്‌ക്കാരം ജലജ് സക്‌സേനക്കാണ് ലഭിച്ചത്. എന്നിട്ടും സോണല്‍ ടീമിനുവേണ്ടിയോ ഇന്ത്യ എടീമിനുവേണ്ടിയോ ഇക്കാലത്തൊന്നും ജലജ് സക്‌സേനക്ക് കളിക്കാന്‍ അവസരം ലഭിച്ചില്ല.
അവസാനം നടന്ന കേരളത്തിന്റെ രഞ്ജി മത്സരത്തിലും താരമായത് ജലജ് സക്‌സേനയെന്ന ഓള്‍ റൗണ്ടറാണ്. ആന്ധ്രപ്രദേശിനെതിരെ ആദ്യ ഇന്നിംങ്‌സില്‍ സെഞ്ചുറി(133) നേടിയ ജലജ് രണ്ടാം ഇന്നിംങ്‌സില്‍ എട്ടു വിക്കറ്റുകളാണ് (8/45) വീഴ്ത്തിയത്. ആന്ധ്രയെപോലുള്ള ടീമിനെതിരെ ഒമ്പത് വിക്കറ്റിന്റെ ആധികാരിക ജയം കേരള ടീമിന്റെ മൊത്തത്തിലുള്ള ആത്മവിശ്വാസം വര്‍ധിപ്പിക്കുകയും ചെയ്തു. ക്ഷമാപൂര്‍വ്വമായ ഇന്നിംങ്‌സായിരുന്നു ജലജിന്റേത്. 232 പന്തുകള്‍ നേരിട്ടാണ് ജലജ് 133 റണ്‍സ് നേടിയത്. 11 ബൗണ്ടറികളും അഞ്ചരമണിക്കൂറിലേറെ ക്രീസില്‍ നിന്ന ജലജിന്റെ ബാറ്റില്‍ നിന്നും പിറന്നു.
'ഇതൊരു തരത്തില്‍ യോഗ തന്നെയാണ്. എന്റെ അപ്പൂപ്പനും പിതാവും യോഗ പരിശീലകരാണ്. യോഗയുടെ അടിസ്ഥാനം മനസിലാക്കാന്‍ ഞാനും ഒരുപാട് സമയം ചെലവിട്ടിട്ടുണ്ട്. യോഗയുടെ പ്രചാരം വര്‍ധിച്ചെങ്കിലും യഥാര്‍ഥ ആശയം പലപ്പോഴും മറന്ന മട്ടാണ്. പലരും ഏറ്റവും പുതിയതും സങ്കീര്‍ണ്ണവുമായ യോഗക്ക് പിറകേയാണ്. അടിസ്ഥാനം മനസിലാക്കാതെ നിങ്ങള്‍ക്കെങ്ങനെ സങ്കീര്‍ണ്ണതയിലേക്ക് പോകാനാകും' ക്രിക്കറ്റ് താരമായ ജലജ് സക്‌സേന ഒരു യോഗ മാസ്റ്ററെ പോലെ ചോദിക്കുന്നു.
31കാരനായ ജലജ് സക്‌സേനയുടെ ജീവിതത്തില്‍ വലിയ പങ്ക് യോഗക്കുണ്ട്. മത്സരമുള്ള ദിവസങ്ങളില്‍ പോലും രാവിലെയും വൈകീട്ടും അദ്ദേഹം യോഗ ചെയ്യാന്‍ സമയം കണ്ടെത്തുന്നു. വളരെ ലളിതമായ വ്യായാമങ്ങളും ആസനങ്ങളും ചില ശ്വസന നിയന്ത്രണ രീതികളും മാത്രമാണ് താന്‍ പതിവായി ചെയ്യാറെന്നാണ് ജലജ് സക്‌സേന പറയുന്നത്. ക്രിക്കറ്റ് മൈതാനത്ത് ക്രീസില്‍ നില്‍ക്കുമ്പോഴും ധ്യാന സമാനമായ അവസ്ഥയില്‍ എത്താന്‍ സാധിക്കുമെന്നാണ് ജലജ് സക്‌സേനയുടെ അവകാശവാദം. 'നിങ്ങളെന്ത് ചെയ്യുമ്പോഴും പരിപൂര്‍ണ്ണമായി മനസ് അതിലര്‍പ്പിച്ച് ചെയ്യുക. അങ്ങനെ ചെയ്യാനായാല്‍ അത് തന്നെയാണ് ധ്യാനം. പഠനവും ബാറ്റിംങുമെല്ലാം ധ്യാനാത്മകമായി ചെയ്യാനാകും'എന്നാണ് ജലജിന്റെ അഭിപ്രായം.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്കുള്ള ഒരു വിളിക്കായാണ് ജലജ് സക്‌സേന ഏറെ കാലമായി കാത്തിരിക്കുന്നത്. താരനിബിഡമായ മധ്യപ്രദേശില്‍ നിന്നും കേരളത്തിലേക്ക് കളിക്കാനെത്താനുള്ള കാരണങ്ങളിലൊന്നും അതു തന്നെ. മധ്യപ്രദേശിനായി കളിച്ചിരുന്നകാലത്ത് നെഗറ്റീവ് എനര്‍ജിയായിരുന്നെങ്കില്‍ കേരളത്തിലെത്തിയശേഷം പുത്തന്‍ ഉന്മേഷത്തിലാണെന്നും ജലജ് പറയുന്നു. അതേസമയം മലയാളം അറിയില്ലെന്നതും സസ്യാഹാരിയാണെന്നതും ചില്ലറ പ്രശ്‌നങ്ങളുണ്ടാക്കുന്നതൊഴിച്ചാല്‍ കേരളത്തിന്റെ സ്വന്തം മറുനാടന്‍ ക്രിക്കറ്റ് താരം ഇവിടെ ഹാപ്പിയാണ്.
ആഭ്യന്തര ക്രിക്കറ്റില്‍ തുടര്‍ച്ചയായി മികച്ച പ്രകടനം നടത്തുമ്പോഴും ജലജ് സക്‌സേനയെ സെലക്ടര്‍മാര്‍ പരിഗണിക്കുന്നില്ലെന്നത് വസ്തുതയാണ്. കഴിഞ്ഞ ആഭ്യന്തര സീസണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍(49) വീഴ്ത്തിയത് ജലജ് സക്‌സേനയാണ്. കഴിഞ്ഞ നാല് വര്‍ഷത്തില്‍ മൂന്നുകൊല്ലവും രാജ്യത്തെ മികച്ച ഓള്‍ റൗണ്ടര്‍ക്കുള്ള പുരസ്‌ക്കാരം ജലജ് സക്‌സേനക്കാണ് ലഭിച്ചത്. എന്നിട്ടും സോണല്‍ ടീമിനുവേണ്ടിയോ ഇന്ത്യ എടീമിനുവേണ്ടിയോ ഇക്കാലത്തൊന്നും ജലജ് സക്‌സേനക്ക് കളിക്കാന്‍ അവസരം ലഭിച്ചില്ല. കഴിഞ്ഞ നാല് വര്‍ഷമായി ടീമിലേക്ക് പരിഗണിക്കാതിരിക്കുകയും അവാര്‍ഡുകള്‍ നല്‍കുകയും ചെയ്യുന്നത് അപമാനിക്കുന്നതിന് തുല്യമാണെന്ന പരിഭവവും ജലജിനുണ്ട്.
എനിക്ക് നിയന്ത്രിക്കാനാകുന്ന കാര്യങ്ങളെക്കുറിച്ച് മാത്രമേ ചിന്തയുള്ളൂ. അതുകൊണ്ട് കളിയെക്കുറിച്ച് മാത്രമേ ചിന്തിക്കുന്നുള്ളൂ. പലര്‍ക്കും ഒരു ജീവിതം മുഴുവന്‍ നിരാശ നല്‍കുന്ന കാര്യങ്ങളാണ് എന്റെ ജീവിതത്തിലുണ്ടാകുന്നത്. ഇതെല്ലാം ജീവിതത്തിന്റെ ഭാഗമാണെന്ന് എന്നെ പഠിപ്പിച്ചത് യോഗയാണ്. ഉള്ളില്‍ സന്തോഷത്തോടെയിരിക്കുകയെന്നതിലാണ് കാര്യം. അപ്പോളത് കളിയിലടക്കം പ്രതിഫലിക്കും - തന്റെ ജീവിത വീക്ഷണം വെളിപ്പെടുത്തുന്നു.
2016-17 സീസണ്‍ മുതല്‍ ജലജ് സക്‌സേന കേരളത്തിനായി കളിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം കേരളം ക്വാര്‍ട്ടറിലെത്തിയതിനു പിന്നിലും ജലജ് സക്‌സേനക്ക് നിര്‍ണ്ണായക പങ്കുണ്ട്. ഇക്കാലയളവില്‍ 45 റണ്‍സ് ശരാശരിയില്‍ ബാറ്റു ചെയ്ത ജലജ് സക്‌സേന 72 വിക്കറ്റുകളും വീഴ്ത്തി.