സ്ലെഡ്ജിംങില്ലാത്ത ആസ്‌ത്രേലിയന്‍ പര്യടനം സ്വപ്‌നം കണ്ട കൊഹ്‌ലിയെ അധിക്ഷേപിച്ച് മുന്‍ ആസ്‌ത്രേലിയന്‍ താരം

മൈതാനത്ത് സംഘര്‍ഷം ഒഴിവാക്കാനാണ് ആഗ്രഹമെങ്കിലും ആസ്‌ത്രേലിയന്‍ കളിക്കാരുടെ നിലപാട് പോലെയായിരിക്കും ഇന്ത്യന്‍ താരങ്ങളുടെ പ്രതികരണമെന്നും കോഹ്‌ലി

Update: 2018-11-17 06:28 GMT
Advertising

പരമ്പരയ്ക്ക് മുമ്പേ എതിര്‍ ടീമുമായി വാക്കുകള്‍ കൊണ്ട് കൊമ്പുകോര്‍ക്കുന്നത് ഓസീസ് ശൈലിയാണ്. സ്ലെഡ്ജിംങ് എന്ന് ഓമനപ്പേരിട്ടുവിളിക്കുന്ന കളിക്കളത്തിനകത്തും പുറത്തുമുള്ള ഇത്തരം അധിക്ഷേപങ്ങള്‍ കളിയിലെ തന്ത്രം പോലെ കണക്കാക്കുന്നവരാണ് ആസ്‌ത്രേലിയക്കാര്‍. ഇന്ത്യയുമായുള്ള പരമ്പര 21ന് തുടങ്ങാനിരിക്കേ വാക് പോരിന് തുടക്കം കുറിച്ചിരിക്കുകയാണ് ആസ്‌ത്രേലിയ.

ഓസീസ് മുന്‍ താരം മിച്ചല്‍ ജോണ്‍സണാണ് വാക് പോരിന് തുടക്കമിട്ടിരിക്കുന്നത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി വരാനിരിക്കുന്ന ആസ്‌ത്രേലിയന്‍ പര്യേടനത്തിലെങ്കിലും സ്ലെഡ്ജിംങ് ഉണ്ടാകില്ലെന്ന പ്രതീക്ഷ പങ്കുവെച്ചതാണ് മിച്ചല്‍ ജോണ്‍സണെ പ്രകോപിപ്പിച്ചത്. ഈ അഭിപ്രായപ്രകടനത്തിന് പിന്നാലെ കോഹ്‌ലിക്ക് മിച്ചല്‍ ജോണ്‍സണ്‍ മറുപടി നല്‍കി.

കോഹ്‌ലിയും ജോണ്‍സണും തമ്മിലുള്ള ക്രിക്കറ്റ് മൈതാനത്തെ വൈരം പ്രസിദ്ധമാണ്. 2014ലെ ഇന്ത്യയുടെ ആസ്‌ത്രേലിയന്‍ പര്യടനവും ഇരുവരും തമ്മിലുള്ള പോരാട്ടത്തിന്റെ വേദിയായിരുന്നു. മെല്‍ബണ്‍ ടെസ്റ്റിനിടെയായിരുന്നു ഇടംകയ്യന്‍ പേസറായ മിച്ചല്‍ ജോണ്‍സണും വിരാട് കോഹ്‌ലിയും തമ്മില്‍ കൊമ്പുകോര്‍ത്തത്. ഏതെങ്കിലും ആസ്‌ത്രേലിയന്‍ കളിക്കാര്‍ ബഹുമാനം അര്‍ഹിക്കുന്നുവെന്ന് കരുതുന്നില്ലെന്ന് പിന്നീട് കോഹ്‌ലി പറയുകയും ചെയ്തിരുന്നു.

മൈതാനത്ത് സംഘര്‍ഷം ഒഴിവാക്കാനാണ് ആഗ്രഹമെങ്കിലും ആസ്‌ത്രേലിയന്‍ കളിക്കാരുടെ നിലപാട് പോലെയായിരിക്കും ഇന്ത്യന്‍ താരങ്ങളുടെ പ്രതികരണമെന്നും കോഹ്‌ലി പറഞ്ഞിരുന്നു. പന്തു ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് ദുഷ്‌കരമായ കാലഘട്ടത്തിലൂടെയാണ് ആസ്‌ത്രേലിയന്‍ ക്രിക്കറ്റ് ടീം കടന്നുപോകുന്നത്. സ്റ്റീവ് സ്മിത്തിനേയും ഡേവിഡ് വാര്‍ണറേയും ഈ വിവാദത്തെ തുടര്‍ന്ന് 12 മാസത്തേക്ക് വിലക്കിയിരുന്നു. ടീമിന്റെ കളിയോടുള്ള സമീപനത്തില്‍ തന്നെ മാറ്റം വരുത്താനാണ് ശ്രമിക്കുന്നതെന്നാണ് പരിശീലകന്‍ ജസ്റ്റിന്‍ ലാംഗറും ക്യാപ്റ്റന്‍ ടിം പെയിനും പറയുന്നത്. അത് ശരിയാണെങ്കില്‍ വ്യത്യസ്ഥമായ ആസ്‌ത്രേലിയന്‍ ടീമിനെയായിരിക്കും ഇക്കുറി മൈതാനത്ത് കാണാനാവുക.

Full View

ഇന്ത്യയുടെ ആസ്‌ത്രേലിയന്‍ പര്യടനം ട്വന്റി 20 മത്സരത്തോടെയാണ് ആരംഭിക്കുക. മൂന്ന് മത്സരങ്ങളുടെ ട്വന്റി 20 പരമ്പരയിലെ ആദ്യ കളി 21ന് ഗാബയില്‍ വെച്ചാണ്.

Full View
Tags:    

Similar News