വനിത ലോകകപ്പ്: ഇന്ത്യക്ക് തകര്‍പ്പന്‍ ജയം  

സ്മൃതി മന്ഥാനയുടെയും ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൌറിന്റയും മികച്ച ബാറ്റിംങാണ് ഇന്ത്യക്ക് ജയം സമ്മാനിച്ചത്

Update: 2018-11-18 02:36 GMT
Advertising

വനിതാ ലോക ട്വന്‍ടി- 20 ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ഓസ്ട്രേലിയെ ഇന്ത്യക്ക് നാല്‍പത്തി എട്ട് റണ്‍സ് വിജയം. അര്‍ദ്ധ സെഞ്ച്വറി നേടിയ ഓപ്പണര്‍ സ്മൃതി മന്ഥാനയുടെയും ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൌറിന്റയും മികച്ച ബാറ്റിംങാണ് ഇന്ത്യക്ക് ജയം സമ്മാനിച്ചത്. ഇതോടെ നാല് കളിയും ജയിച്ച് ഇന്ത്യ ഗ്രൂപ്പ് ബി ജേതാക്കളായി. സ്‌കോര്‍ ഇന്ത്യ 20 ഓവറില്‍ എട്ടിന് 167.ഓസ്ട്രേലിയ 19.4 ഓവറില്‍ 119 ന് പുറത്ത്.

ടോസ് നേടി ബാറ്റിംങ് തെരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത ഇരുപത് ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സെടുത്തു. എന്നാല്‍ മറുപടി ബാറ്റിംങിനിറങ്ങിയ ഓസ്ട്രേലിയ 119 റണ്‍സിന് പുറത്തായി. ഇരു ടീമുകളും നേരത്തെ സെമിഫൈനല്‍ ഉറപ്പിച്ചിരുന്നു. ഇന്ത്യക്കായി സ്മൃതി 55 പന്തില്‍ 83 റണ്‍സെടുത്തപ്പോള്‍ ഹര്‍മന്‍പ്രീത് 27 പന്തില്‍ 43 റണ്‍സ് നേടി. ഇതോടെ ടി-20 യില്‍ 1000 റണ്‍സെന്ന നേട്ടവും സ്മൃതി പിന്നിട്ടു.ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 68 റണ്‍സ് കൂട്ടിചേര്‍ത്തു. ഒമ്പത് ബൗണ്ടറിയും മൂന്ന് സിക്സും ഉള്‍പ്പെടുന്നതാണ് സ്മൃതിയുടെ ഇന്നിങ്സ്. ഹര്‍മന്‍പ്രീത് മൂന്ന് വീതം സിക്സും ഫോറും നേടി.

ഓപ്പണര്‍ തനിയ ഭാട്യ (രണ്ട്), ജമീമ റോഡ്രിഗസ് (ആറ്) വേദ കൃഷ്ണമൂര്‍ത്തി (മൂന്ന്),ഡി. ഹേമലത (ഒന്ന്) ദീപ്തി ശര്‍മ (എട്ട്) എന്നിവര്‍ നിരാശപ്പെടുത്തി.ഓസീസ് ബൗളിങ്ങില്‍ 16 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തിയ എലീസ പെറി തിളങ്ങി. മറുപടി ബാറ്റിങ്ങില്‍ ഓസീസിനായി എലീസ പെറി (39*) ഗാര്‍ഡ്നര്‍ (20) എന്നിവര്‍ക്ക് മാത്രമെ പിടിച്ചുനില്‍ക്കാനായുള്ളു. അനൂജ പട്ടേല്‍ 15 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തു. ദീപ്തി ശര്‍മ, പൂനം യാദവ്, രാധ യാദവ്, എന്നിവര്‍ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി.

Tags:    

Similar News