ഷമി എറിഞ്ഞിട്ടും രക്ഷയുണ്ടായില്ല; ബംഗാളിനെതിരെ ലീഡ് നേടി കേരളം   

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ബംഗാളിനെതിരെ ഒന്നാം ഇന്നിങ്‌സ് ബാറ്റ് ചെയ്യുന്ന കേരളം അതിനിര്‍ണായക ലീഡ് സ്വന്തമാക്കി. 

Update: 2018-11-21 07:13 GMT
Advertising

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ബംഗാളിനെതിരെ ഒന്നാം ഇന്നിങ്‌സ് ബാറ്റ് ചെയ്യുന്ന കേരളം അതിനിര്‍ണായക ലീഡ് സ്വന്തമാക്കി. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ കേരളം അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 160 എന്ന നിലയിലാണ്. കേരളത്തിനിപ്പോള്‍ 13 റണ്‍സിന്റെ ലീഡായി. ആദ്യം ബാറ്റ് ചെയ്ത ബംഗാള്‍ 147ന് പുറത്തായിരുന്നു. കഴിഞ്ഞ മത്സരത്തിലെ ഹീറോ ജലജ് സക്‌സേന തന്നെയാണ് ഒരിക്കല്‍ കൂടി കേരളത്തിന്റെ രക്ഷകനായത്. സഞ്ജു സാംസണ്‍ ഉള്‍പ്പെടെയുള്ള മലയാളി താരങ്ങള്‍ നിരാശപ്പെടുത്തിയപ്പോഴായിരുന്നു ജലജിന്റെ നീക്കം.

ഒരു വിക്കറ്റ് നഷ്ടത്തില്‍ 35 എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് തുടര്‍ന്ന കേരളത്തിന് നിരാശയായിരുന്നു ഫലം. ടീം സ്‌കോര്‍ 53ല്‍ നില്‍ക്കെ തന്നെ രണ്ടാം വിക്കറ്റ് നഷ്ടമായി. ഒരു റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ മൂന്നാം വിക്കറ്റും വീണു. പിന്നെ അഞ്ചിന് 114 എന്ന നിലയില്‍ പതറി. കേരളം 150 കടക്കുമോ എന്ന് തോന്നിച്ച ഘട്ടത്തിലാണ് ജലജ് ഒരിക്കല്‍ കൂടി രക്ഷകനായത്. ഇന്ത്യന്‍ പേസര്‍ ഷമിയുടെ (അതും പേസ് ബൗളിങിനെ ഇത്രത്തോളം തുണക്കുന്ന കൊല്‍ക്കത്തയില്‍) പന്തുകള ഫലപ്രദമായി നേരിട്ടാണ് ജലജ് അര്‍ദ്ധ സെഞ്ച്വറി തികച്ചത്. പിന്തുണകൊടുക്കാന്‍ ആരുമുണ്ടായിരുന്നില്ല. സഞ്ജുവിനെ ഷമി പൂജ്യത്തിന് മടക്കിയപ്പോള്‍ രോഹന്‍ പ്രേം(18)നായകന്‍ സച്ചിന്‍ ബേബി(23) എന്നിവര്‍ അല്‍പം പിടിച്ചുനിന്നു.

ഷമി മൂന്ന് വിക്കറ്റ് വീഴ്ത്തി. 21 റണ്‍സുമായി വി.എ ജഗദീഷ് ആണ് ജലജിന് കൂട്ടായി ഇപ്പോള്‍ ക്രീസിലുള്ളത്. ഇൌ കൂട്ടുകെട്ടാണ് കേരളത്തിന് ലീഡ് സമ്മാനിച്ചതും. അതേസമയം ഒന്നാം ഇന്നിങ്‌സ് ലീഡ് നേടിയത് കേരളത്തിന് നേട്ടമാണ്. ഇനി തോല്‍ക്കാതിരുന്നാല്‍ മതി. അതേസമയം പിച്ച് പേസര്‍മാരെ തുണക്കുന്നതിനാല്‍ എത്ര കണ്ട് കേരളം പിടിച്ചുനില്‍ക്കും എന്നതും കാണേണ്ടതാണ്. ആന്ധ്രാപ്രദേശിനെതിരായ മത്സരം ജയിച്ചാണ് കേരളം കൊല്‍ക്കത്തയിലെത്തിയത്.

Tags:    

Similar News