കൊഹ്‍ലി കാത്തു; ഇന്ത്യക്ക് ജയം
ടോസ് നേടിയ ആസ്‌ട്രേലിയ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.
മൂന്നാം ട്വന്റി 20യില്‍ ഇന്ത്യക്ക് ആറു വിക്കറ്റ് വിജയം. നായകന്‍ വിരാട് കൊഹ്‍ലി മുന്നില്‍ നിന്ന് നയിച്ച കളിയില്‍ ഇന്ത്യ അവസാന ഓവറില്‍ വിജയം പിടിച്ചടക്കുകയായിരുന്നു. മോശമല്ലാത്ത തുടക്കത്തില്‍ നിന്ന് ചെറിയ ഇടര്‍ച്ചകളിലൂടെ കുതിച്ച് തുടങ്ങിയ ടീം ഇന്ത്യ കൊഹ്‍ലിയുടെയും ശിഖര്‍ ധവാന്റെയും ചുമലിലേറിയാണ് തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയത്.
ധവാന്‍ 22 പന്തില്‍ നിന്ന് 41 റണ്‍സെടുത്ത് പുറത്തായെങ്കിലും ഹിറ്റ്മാന്റെ വേഷമെടുത്തണിഞ്ഞ വിരാട് കൊഹ്‍ലി അവസാന ഓവറുകളില്‍ കത്തിക്കയറിയതോടെ ഒരു ത്രില്ലര്‍ സിനിമയുടെ ക്ലൈമാക്സെന്നോണം ടീം ഇന്ത്യ വിജയതീരത്തേക്ക് എത്തി. കൊഹ്‍ലി 41 പന്തുകളില്‍ നിന്ന് 61 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ദിനേഷ് കാര്‍ത്തിക്കിന്റെ മികച്ച പിന്തുണ കൂടിയായപ്പോള്‍ കൊഹ്‍ലി വിജയം ഉറപ്പിച്ച് തന്നെയായിരുന്നു ബാറ്റ് വീശിയത്. നേരത്തെ ഓപ്പണര്‍ രോഹിത് ശര്‍മയുടെ ആളിക്കത്തല്‍ സാംബയുടെ പന്തില്‍ അണഞ്ഞിരുന്നു. 23 റണ്‍സായിരുന്നു രോഹിതിന്റെ സമ്പാദ്യം. കെ.എല്‍ രാഹുല്‍ 14 റണ്‍സെടുത്തു. കാര്‍ത്തിക് 18 പന്തുകളില്‍ നിന്ന് 22 റണ്‍സെടുത്തു.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ആസ്‌ട്രേലിയ 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തിലാണ് 164 റണ്‍സെടുത്തത്. 33 റണ്‍സെടുത്ത ഓപ്പണര്‍ ആര്‍സി ഷോട്ട് ആണ് ടോപ് സ്‌കോറര്‍. നാല് വിക്കറ്റ് വീഴ്ത്തിയ ക്രുണാല്‍ പാണ്ഡ്യയാണ് ആസ്‌ട്രേലിയയെ മുറുക്കിയത്. നായകന്‍ ആരോണ്‍ ഫിഞ്ച് 28 റണ്‍സ് നേടി. മികച്ച തുടക്കമാണ് ആസ്‌ട്രേലിയക്ക് വേണ്ടി ഫിഞ്ചും ഷോട്ടും നല്‍കിയത്. വേഗത്തില്‍ ടീം സ്‌കോര്‍ 50 കടത്തി സഖ്യം. പേസര്‍മാര്‍ക്കെതിരെ മികച്ച രീതിയില്‍ ബാറ്റേന്തി. എന്നാല്‍ സ്പിന്നര്‍മാര്‍ പന്തെടുത്തതോടെ കളി ഇന്ത്യ നിയന്ത്രിച്ചു.
ക്രുണാല്‍ പാണ്ഡ്യയാണ് ആസ്‌ട്രേലിയയുടെ കഥ മാറ്റിയത്. ആദ്യം വിക്കറ്റ് വീഴ്ത്തിയത് കുല്‍ദീപ് യാദവായിരുന്നു. എന്നാല്‍ ആര്‍സി ഷോട്ടിനെയും ബെന്‍ മെക്ഡമര്‍ട്ടിനേയും തൊട്ടടുത്ത പന്തുകളില്‍ പുറത്താക്കി പാണ്ഡ്യ കംഗാരുക്കളെ കുരുക്കിലാക്കി. അപകടകാരിയായ ഗ്ലെന്‍ മാക്‌സ് വലിനെ(13) പുറത്താക്കിയതും പാണ്ഡ്യയായിരുന്നു. എന്നാല്‍ ക്രിസ് ലിന്നിനെ കൂട്ടുപിടിച്ച് അലക്‌സ് കാരി സ്‌കോര്‍ വീണ്ടും ചലിപ്പിച്ചു. 19 പന്തില്‍ 27 റണ്‍സെടുത്ത കാരിയെ പാണ്ഡ്യ മടക്കിയതോടെ കംഗാരുക്കള്‍ പ്രതിരോധത്തിലായി. വാലറ്റത്ത് മാര്‍ക്കസ് സ്റ്റോയിനിസും(21) കോള്‍ട്ടര്‍ നെയിലും(13) പൊരുതിയതോടെയാണ് ആസ്‌ട്രേലിയന്‍ സ്‌കോര്‍ 160 കടന്നത്.