കേരളം 63ന് പുറത്ത്; ലീഡ് സ്വന്തമാക്കി മധ്യപ്രദേശ്

ആന്ധ്രക്കെതിരെയും ബംഗാളിനെതിരെയും ഒമ്പത് വിക്കറ്റിന് ജയിച്ച കേരളത്തിന്റെ ബാറ്റ്‌സ്മാന്മാര്‍ നിരാശപ്പെടുത്തുന്ന പ്രകടനമാണ് തുമ്പ സെന്റ് സേവ്യേഴ്‌സ് മൈതാനത്ത് കാഴ്ച്ചവെച്ചത്.

Update: 2018-11-28 13:54 GMT
Advertising

രഞ്ജി ട്രോഫിയില്‍ രണ്ട് കളികള്‍ വിജയിച്ച് ഫോമിന്റെ വഴിയിലെത്തിയെന്ന് തോന്നിപ്പിച്ചതിന് പിന്നാലെ മധ്യപ്രദേശിനെതിരെ തകര്‍ന്നടിഞ്ഞ് കേരളം. തിരുവനന്തപുരത്ത് ആദ്യ ഇന്നിംങ്‌സില്‍ വെറും 63 റണ്‍സിനാണ് കേരളം പുറത്തായത്. 27ന് ആറ് വിക്കറ്റ് വലിച്ചെറിഞ്ഞ കേരളം 63 റണ്‍സിലെത്തിയതേ വാലറ്റത്തിന്റെ ചെറുത്തു നില്‍പ്പിലായിരുന്നു. മറുപടി ബാറ്റിങില്‍ മധ്യപ്രദേശ് ഒന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ രണ്ടിന് 161 എന്ന നിലയിലാണ്. മധ്യപ്രദേശിനിപ്പോള്‍ 98 റണ്‍സിന്റെ അതിനിര്‍ണായക ലീഡ് ലഭിച്ചു. രജത് പട്ടിദാര്‍(70) നായകന്‍ നമാന്‍ ഓജ(53) എന്നിവരാണ് ക്രീസില്‍.

ആന്ധ്രക്കെതിരെയും ബംഗാളിനെതിരെയും ഒമ്പത് വിക്കറ്റിന് ജയിച്ച കേരളത്തിന്റെ ബാറ്റ്‌സ്മാന്മാര്‍ നിരാശപ്പെടുത്തുന്ന പ്രകടനമാണ് തുമ്പ സെന്റ് സേവ്യേഴ്‌സ് മൈതാനത്ത് കാഴ്ച്ചവെച്ചത്. മധ്യപ്രദേശിനുവേണ്ടി നാലു വിക്കറ്റ് വീഴ്ത്തിയ ആവേശ് ഖാന്‍, മൂന്നു വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ് സെന്‍, രണ്ടു വിക്കറ്റ് വീഴ്ത്തിയ മിഹിര്‍ ഹിര്‍വാനി എന്നിവരാണ് കേരളത്തെ തകര്‍ത്തത്. വെറും 35 ഓവറിലായിരുന്നു കേരളം 63 റണ്‍സിന് പുറത്തായത്.

ടോസ് നേടി ബാറ്റിംങിനിറങ്ങിയ കേരളത്തിനായി വി.എ ജഗദീഷ്(10), വിഷ്ണു വിനോദ്(16), അക്ഷയ് ചന്ദ്രന്‍(16) എന്നിവര്‍ മാത്രമാണ് രണ്ടക്കം കടന്നത്. രോഹന്‍ പ്രേം, കെ.സി അക്ഷയ്, സന്ദീപ് വാര്യര്‍ എന്നീ താരങ്ങള്‍ റണ്ണെടുക്കും മുമ്പേ പുറത്തായി. ആദ്യ സെഷനില്‍ 15 ഓവര്‍ പൂര്‍ത്തിയായപ്പോഴേക്കും 4ന് 24എന്ന നിലയിലായ കേരളം ഉച്ചഭക്ഷണത്തിന് പിരിയുമ്പോഴേക്കും 8വിക്കറ്റ് നഷ്ടത്തില്‍ 62 റണ്‍സിലൊതുങ്ങിയിരുന്നു. ഉച്ചഭക്ഷണത്തിന് ശേഷം ഒരു ഓവര്‍ പൂര്‍ത്തിയാകുമ്പോഴേക്കും അവസാന വിക്കറ്റുകള്‍ കൂടി വീണതോടെ കേരളത്തിന്റെ ആദ്യ ഇന്നിംങ്‌സിലെ ബാറ്റിംങ് തീര്‍ന്നു.

രഞ്ജിയില്‍ കേരളത്തിന്റെ ഏറ്റവും ചെറിയ സ്‌കോര്‍ ഇതല്ലെന്നതു മാത്രമാണ് ഏക ആശ്വാസം. 1963-64 സീസണില്‍ മൈസൂരിനെതിരെ കേരളം 27 റണ്‍സിന് പുറത്തായിട്ടുണ്ട്. മൂന്നു മത്സരങ്ങളില്‍ രണ്ട് ജയവും ഒരു സമനിലയുമായി എലീറ്റ് ബി ഗ്രൂപ്പില്‍ 13 പോയിന്റോടെ ഒന്നാമതാണ് നിലവില്‍ കേരളം.

Tags:    

Similar News