160 കോടി അടച്ചില്ലെങ്കില്‍ ഇന്ത്യയില്‍ നിന്ന് ലോകകപ്പ് വേദി മാറ്റുമെന്ന് ഐ.സി.സി
ഈ തുക ഡിസംബര്‍ 31ന് ഉള്ളില്‍ അടച്ചില്ലെങ്കില്‍ 2021ലെ ചാമ്പ്യന്‍സ് ട്രോഫി വേദിയും, 2023ലെ ഏകദിന ലോകകപ്പ് വേദിയും ഇന്ത്യയില്‍ നിന്നു മാറ്റുമെന്ന മുന്നറിയിപ്പും ഐ.സി.സി നല്‍കിയിട്ടുണ്ട്
ഇന്ത്യ ആതിഥ്യം വഹിച്ച 2016ലെ ട്വന്റി 20 ലോകകപ്പിന് ഇന്ത്യ വേദിയായപ്പോള്‍ നികുതിയിനത്തില്‍ ഐ.സി.സിക്കു സംഭവിച്ച 160 കോടി രൂപയുടെ നഷ്ടം ബി.സി.സി.ഐ നികത്തണമെന്ന് നിര്‍ദ്ദേശം. ഡിസംബര്‍ 31ന് ഉള്ളില്‍ ഈ തുക അടച്ചില്ലെങ്കില്‍ 2023ലെ ഏകദിന ലോകകപ്പ് ഉള്‍പ്പെടെയുള്ള ടൂര്‍ണമെന്റുകള്‍ ഇന്ത്യയില്‍നിന്ന് മാറ്റുമെന്നും ഐ.സി.സി മുന്നറിയിപ്പു നല്‍കി. മാത്രമല്ല, ഐ.സി.സി അംഗരാജ്യങ്ങള്‍ക്ക് നല്‍കിവരുന്ന വാര്‍ഷിക ലാഭവിഹിതത്തില്‍നിന്ന് മേല്‍പ്പറഞ്ഞ തുക പിഴയായി ഈടാക്കുമെന്നും ഭീഷണിയുണ്ട്. ഈ തുക ഡിസംബര്‍ 31ന് ഉള്ളില്‍ അടച്ചില്ലെങ്കില്‍ 2021ലെ ചാമ്പ്യന്‍സ് ട്രോഫി വേദിയും, 2023ലെ ഏകദിന ലോകകപ്പ് വേദിയും ഇന്ത്യയില്‍ നിന്നു മാറ്റുമെന്ന മുന്നറിയിപ്പും ഐ.സി.സി നല്‍കിയിട്ടുണ്ട്. മുന്‍ ബി.സി.സി.ഐ പ്രസിഡന്റ് കൂടിയായ ശശാങ്ക് മനോഹറാണ് നിലവില്‍ ഐ.സി.സി അധ്യക്ഷന്‍.
2016ലെ ട്വന്റി20 ലോകകപ്പിന് ഇന്ത്യ ആതിഥ്യം വഹിക്കുമ്പോള്‍ കേന്ദ്രസര്‍ക്കാരില്‍നിന്ന് നികുതിയിളവു ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. ഈ സമയത്ത് ഐ.സി.സിയുടെ ബ്രോഡ്കാസ്റ്റിങ് പങ്കാളിയായിരുന്ന സ്റ്റാര്‍ ടിവി, നികുതി കുറച്ചാണ് ഐ.സി.സിക്ക് നല്‍കാനുള്ള തുക അടച്ചത്. എന്നാല്‍, ലോകകപ്പുമായി ബന്ധപ്പെട്ട് നികുതിയിളവ് നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാകാതിരുന്നതോടെ ഈ തുക ഐ.സി.സിക്കു നഷ്ടമായി എന്നാണ് വാദം. അതുകൊണ്ടുതന്നെ ടൂര്‍ണമെന്റിന് ആതിഥ്യം വഹിച്ച ഇന്ത്യ, ആ തുക നഷ്ടപരിഹാരമായി നല്‍കണമെന്നും ഐസിസി ആവശ്യപ്പെടുന്നു. ഇക്കഴിഞ്ഞ ഒക്ടോബറില്‍ സിംഗപ്പൂരില്‍ നടന്ന ഐ.സി.സി ബോര്‍ഡ് മീറ്റിങ്ങില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളതാണെന്നും അവര്‍ ഓര്‍മിപ്പിക്കുന്നു.