ഇംഗ്ലണ്ടിനെതിരേ മികച്ചവർ ആരൊക്കെ?
ഇംഗ്ലണ്ടിനെതിരേ മികച്ച റെക്കോർഡുള്ള ഇന്ത്യന്‍ ബാറ്റ്സ്മാർ ഇവരാണ്
ഇന്ത്യൻ ടീം ഇംഗ്ലണ്ടിനെതിരേ നാളെ ഒന്നാം ഏകദിനത്തിനായി പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിലിറങ്ങുമ്പോൾ ഇംഗ്ലണ്ടിനെതിരേ ഇറങ്ങുമ്പോൾ ഇന്ത്യയ്ക്ക് സംരക്ഷിക്കേണ്ടത് വലിയൊരു റെക്കോർഡാണ്.
1984/85 ൽ നടന്ന പരമ്പരയ്ക്ക് ശേഷം ഇന്ത്യയിൽ ഇന്ത്യ ഇംഗ്ലണ്ടിനോട് തോറ്റിട്ടില്ല എന്ന റെക്കോർഡ്.
നാളെ ഇന്ത്യ ഗ്രൗണ്ടിലിറങ്ങും മുമ്പ് ഇന്ത്യൻ ബാറ്റ്‌സ്മാന്മാരിൽ ഏകദിനത്തിൽ ഇംഗ്ലണ്ടിനെതിരേ ഏറ്റവും കൂടുതൽ റൺസ് നേടിയത് ആരെല്ലാമെന്ന് നോക്കാം.
എം.എസ്. ധോണി
ഇംഗ്ലണ്ടിനെതിരേ ഏകദിനത്തിൽ നേടിയ 1546 റൺസുമായി പട്ടികയിൽ ഒന്നാം സ്ഥാനത്താണ് ഇന്ത്യയുടെ മുൻ നായകൻ ധോണി. 48 ഏകദിനങ്ങളാണ് ഇംഗ്ലണ്ടിനെതിരേ ധോണി കളിച്ചത്. 46.84 ശരാശരിയിൽ 87.94 സ്‌ട്രൈക്ക് റേറ്റിലാണ് ധോണി ഈ നേട്ടത്തലെത്തിയത്. ഇംഗ്ലണ്ടിനെതിരേ ഏറ്റവും കൂടുതൽ സിക്‌സ് നേടിയതും ധോണിയാണ്. 34 തവണയാണ് ധോണി ഇംഗ്ലണ്ട് ബോളർമാരെ സിക്‌സിന് പായിച്ചത്.
യുവരാജ് സിങ്
ധോണിക്ക് പിറകിൽ ഇന്ത്യയുടെ സ്വന്തം സിക്‌സർ കിങ് യുവരാജ് സിങാണ്. 37 ഏകദിനങ്ങളിൽ നിന്ന് 1523 റൺസാണ് യുവരാജ് ഇംഗ്ലണ്ടിനെതിരേ നേടിയത്. 50.76 ആവറേജിൽ 173 ഫോറുകളും 29 സിക്‌സും യുവരാജ് അടിച്ചുകൂട്ടി. ഇംഗ്ലണ്ടിനെതിരേ നാലു സെഞ്ച്വറികളും ഏഴ് അർധ സെഞ്ച്വറികളും യുവരാജ് നേടിയിട്ടുണ്ട്.
സച്ചിൻ ടെൻഡുൽക്കർ
1455 റൺസോടെ സാക്ഷാൽ സച്ചിൻ ടെൻഡുൽക്കറാണ് യുവരാജിന്റെ പിറകിൽ. 37 മാച്ചിൽ നിന്ന് 89.20 സ്‌ട്രൈക്ക് റേറ്റോടെയാണ് സച്ചിന്‍റെ നേട്ടം. രണ്ടു സെഞ്ച്വറികളും 10 അർധ സെഞ്ച്വറികളും അതിൽ ഉൾപ്പെടും.
സുരേഷ് റെയ്‌ന
1207 റൺസോടെ സുരേഷ് റെയ്‌നയാണ് നാലാം സ്ഥാനത്ത്. 37 മത്സരങ്ങളിൽ നിന്ന് 92.06 സ്‌ട്രൈക്ക് റേറ്റോടെ 41.62 ആവറേജിലാണ് റെയ്‌നയുടെ നേട്ടം. റെയ്‌നയുടെ അവസാന ഏകദിനവും ഇംഗ്ലണ്ടിനെതിരേയായിരുന്നു. 5 സെഞ്ച്വറികളും റെയ്‌ന നേടിയിട്ടുണ്ട്.
വിരാട് കോലി
ഈ ലിസ്റ്റിൽ ടോപ് 5 ൽ നിൽക്കുന്നവരിൽ നിലവിൽ അന്താരാഷ്ട്ര ഏകദിനം സജീവമായിട്ടുള്ള ഏകതാരം. 1178 റൺസാണ് ഇംഗ്ലണ്ടിനെതിരേ കോലിയുടെ സമ്പാദ്യം. 45.30 ആണ് കോലിയുടെ ആവറേജ്. മൂന്ന് സെഞ്ച്വറികളും ഇംഗ്ലണ്ടിനെതിരേ കോലി നേടിയിട്ടുണ്ട്.