ഏകദിനവും നേടാൻ ഇന്ത്യ; പിടിച്ചെടുക്കാൻ ഇംഗ്ലണ്ട്
ഇന്ത്യ-ഇംഗ്ലണ്ട് അവസാന ഏകദിനം ഇന്ന്
ഇംഗ്ലണ്ടിന്‍റെ ഇന്ത്യൻ പര്യടനത്തിലെ അവസാന മത്സരം ഇന്ന്. പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ജയിക്കുന്ന ടീം ഏകദിന പരമ്പരയിലെ കിരീടം ചൂടും. 1-1 ആണ് നിലവിലെ പരമ്പരയുടെ അവസ്ഥ. ആദ്യ മത്സരം ഇന്ത്യയും രണ്ടാം മത്സരം ഇംഗ്ലണ്ടുമാണ് വിജയിച്ചത്. ഉച്ചയ്ക്ക് 1.30നാണ് മത്സരം ആരംഭിക്കുക. ടെസ്റ്റ് പരമ്പരയും ട്വന്‍റി -20 പരമ്പരയും ഇന്ത്യ നേടിയതിനാൽ ഏകദിന പരമ്പരയെങ്കിലും നേടേണ്ടേത് ഇംഗ്ലണ്ടിന്‍റെ അഭിമാന പ്രശ്‌നമാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏകദിനം കൂടി നേടി ഇംഗ്ലണ്ടിനു മേലുള്ള ഒരു സമഗ്രാധിപത്യമാണ് ലക്ഷ്യം വയ്ക്കുന്നത്.
കഴിഞ്ഞ മത്സരം തോറ്റ ഇന്ത്യയെ വലയക്കുന്നത് ബോളിങ് ഡിപാർട്ട്‌മെന്റാണ്. കഴിഞ്ഞ മത്സരത്തിൽ ബോളർമാർ റൺസ് വിട്ടുകൊടുക്കുന്നതിൽ യാതൊരു പിശുക്കും കാട്ടിയിരുന്നില്ല. അതുകൊണ്ടു തന്നെ ബോളിങ് നിരയിൽ മാറ്റങ്ങൾ പ്രതീക്ഷിക്കാം. ബാറ്റിങിൽ ഇന്ത്യ വലിയ വെല്ലുവിളി നേരിടുന്നില്ല.
സാധ്യത ടീം- ശിഖർ ധവാൻ, രോഹിത് ശർമ, വിരാട് കോലി, കെ.എൽ. രാഹുൽ, ഋഷഭ് പന്ത്, ഹർദിക്ക് പാണ്ഡ്യ, ക്രുണാൽ പാണ്ഡ്യ/ വാഷിങ് ടൺ സുന്ദർ, ഭുവനേശ്വർ കുമാർ, ശാർദുൽ താക്കൂർ/ ടി. നടരാജൻ, പ്രസിദ്ധ് കൃഷ്ണ, കുൽദീപ് യാദവ്/ യുസ് വേന്ദ്ര ചാഹൽ.
ഇംഗ്ലണ്ട് നേരിടുന്ന ഏക വെല്ലുവിളി പരിക്കേറ്റ ജോഫ്ര ആർച്ചറിന്‍റെ അഭാവമാണ്. ബോളർ റോൾ കൂടാതെ ബിഗ് ഹിറ്റർ പദവി കൂടി വഹിക്കുന്ന ആർച്ചറിന്‍റെ അഭാവം വലിയ രീതിയിലാണ് അവരെ ബാധിച്ചത്.
സാധ്യത ടീം- ജോണി ബാരിസ്റ്റോ, ജേസൺ റോയ്, ബെൻ സ്റ്റോക്‌സ്, ഡേവിഡ് മലാൻ, ജോസ് ബട്ട്‌ലർ, ലയാം ലിവിങ്സ്റ്റൺ, മൊയീൻ അലി, സാം കറൻ, ആദിൽ റഷീദ്, റീസ് ടോപ്‌ലി , മാർക്ക് വുഡ്.