ഐപിഎല്‍ പൂരത്തിന് ഇനി ദിവസങ്ങള്‍; മികച്ച ബോളര്‍മാർ ആരെന്നറിയാം
പലപ്പോഴും കളിയുടെ ഗതിമാറ്റിവിടുന്നത് ബോളർമാർ എടുക്കുന്ന വിക്കറ്റുകളാണ്.
2021 ഐപിഎൽ പൂരം കൊടിയേറാൻ ഇനി ആറ് ദിവസങ്ങൾ മാത്രമാണ് ബാക്കി. എട്ടു ടീമുകളും അവസാനഘട്ട പരിശീലനത്തിലാണ്. ക്രിക്കറ്റ് പലപ്പോഴും ആഘോഷിക്കപ്പെടുന്നത് ബാറ്റ്‌സ്മാൻമാരുടെ പേരിലാണ്. കൂടുതൽ ആരാധകരും അവർക്ക് തന്നെയാണ്. പക്ഷേ പലപ്പോഴും കളിയുടെ ഗതിമാറ്റിവിടുന്നത് ബോളർമാർ എടുക്കുന്ന വിക്കറ്റുകളാണ്. അത്തരത്തിൽ ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരങ്ങളെ പരിചയപ്പെടാം.
ലസിത് മലിങ്ക
2008 മുതൽ ഈ പട്ടികയിൽ മുന്നിൽ നിൽക്കുന്നത് മുബൈയുടെ ഈ ശ്രീലങ്കൻ ഫാസ്റ്റ് ബോളർ. 170 വിക്കറ്റുകൾ മലിങ്ക ഐപിഎൽ പിഴുതത്. വ്യത്യസ്തമായ ബോളിങ് ആക്ഷനിലൂടെ കളം നിറയുന്ന മലിങ്കയുടെ മികച്ച ബോളിങ് പ്രകടനം 13 റൺസ് മാത്രം വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് നേടിയതാണ്.
അമിത് മിശ്ര
പട്ടികയിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്നത് ഇന്ത്യയുടെ ഈ വിശ്വസ്തനായ ലെഗ് സ്പിന്നറാണ്. 150 മത്സരങ്ങളിൽ നിന്ന് 160 വിക്കറ്റാണ് അമിത് ഇതുവരെ നേടിയത്. മൂന്ന് വ്യത്യസ്ത ഐപിഎൽ ടീമുകളിൽ അമിത് മിശ്ര കളിച്ചിട്ടുണ്ട്. ഡെക്കാൻ ചാർജേർസ്, സൺറൈസേർസ് ഹൈദരാബാദ്, ഡൽഹി ക്യാപ്പിറ്റൽസ് എന്നീ ടീമുകളിലാണ് അമിത് കളിച്ചത്. 17 റൺസ് മാത്രം വിട്ടുകൊടുത്ത് 5 വിക്കറ്റ് നേടിയതാണ് മിശ്രയുടെ ഏറ്റവും മികച്ച പ്രകടനം. 7.34 ആണ് അദ്ദേഹത്തിന്‍റെ ബോളിങ് ഇക്കണോമി.
പിയൂഷ് ചൗള
17 വയസു മുതൽ അന്താരാഷ്ട്ര ക്രിക്കറ്റിലുള്ള പീയൂഷ് ചൗള ഐപിഎലിൽ ഇതുവരെ നേടിയത് 156 വിക്കറ്റുകളാണ്. വിവിധ ടീമുകളിൽ കളിച്ചാണ് ഈ നേട്ടം. നിലവിൽ മുബൈ ഇന്ത്യൻസിന്റെ താരമാണ് ഈ ഇന്ത്യൻ സ്പിന്നർ. 7.87 ഐപിഎല്ലിലെ അദ്ദേഹത്തിന്റെ എക്കണോമി.
ഡെയ്വിൻ ബ്രാവോ
153 വിക്കറ്റുമായി നാലാം സ്ഥാനത്താണ് നിലവിൽ ചെന്നൈ സൂപ്പർ കിങ്‌സിന്റെ ഈ വെസ്റ്റ് ഇൻഡീസ് താരം. ഇതിനു മുമ്പ് മുബൈ ഇന്ത്യൻസിലും അദ്ദേഹം കളിച്ചിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ മികച്ച നേട്ടം 2013 ൽ ചെന്നൈയ്ക്ക് വേണ്ടി കളിക്കുമ്പോൾ നേടിയ 18 മാച്ചിൽ നിന്ന് നേടിയ 32 വിക്കറ്റ് നേട്ടമാണ്.
ഹർഭജൻ സിങ്
വിക്കറ്റ് വേട്ടക്കാരിൽ അഞ്ചാം സ്ഥാനത്താണ് ഇന്ത്യയുടെ ഈ സ്പിന്നർ. 150 വിക്കറ്റുകളാണ് ഹർഭജൻ ഇതുവരെ നേടിയത്. മുബൈയ്ക്ക് വേണ്ടിയും ചെന്നൈയ്ക്ക് വേണ്ടിയും കളിച്ച ഹർഭജൻ നിലവിൽ കൊൽക്കത്തയുടെ താരമാണ്. 26.44 ആവറേജിലാണ് ഹർഭജൻ 150 വിക്കറ്റുകൾ നേടിയത്.