20 ഓവറില്‍ അടിച്ചുകൂട്ടിയത് 314 റണ്‍സ്: ഏഷ്യന്‍ ഗെയിംസില്‍ അവിശ്വസനീയമായ റെക്കോര്‍ഡിട്ട് നേപ്പാള്‍
ഒടുവില്‍ അതും സംഭവിച്ചു. 20 ഓവറില്‍ 300 റണ്‍സെന്ന ബാലികേറാമല പിന്നിട്ട് നേപ്പാള്‍ ഈ നേട്ടത്തിലെത്തുന്ന ആദ്യ ടീമായി മാറി. ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റിലെ കുഞ്ഞന്‍ രാജ്യമായ മംഗോളിയക്കെതിരെ 20 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 314 റണ്‍സാണ് നേപ്പാള്‍ അടിച്ചെടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ മംഗോളിയ വെറും 41 റണ്‍സിന് പുറത്തായതോടെ നേപ്പാള്‍ 273 റണ്‍സിന്റെ വിജയം നേടി.
50 പന്തില്‍ നിന്നും 137 റണ്‍സെടുത്ത കുശാല്‍ മല്ലയാണ് നേപ്പാളിനെ റണ്‍കൊടുമുടി കയറ്റിയത്. 12 സിക്‌സറുകളും 8 ബൗണ്ടറികളും ആ ബാറ്റില്‍ നിന്നും പിറന്നു. 34 പന്തുകളില്‍ സെഞ്ച്വറിയടിച്ച മല്ല 35 പന്തുകളില്‍ സെഞ്ച്വറി നേടിയ ഇന്ത്യയുടെ രോഹിത് ശര്‍മയും ദക്ഷിണാഫ്രിക്കയുടെ ഡേവിഡ് മില്ലറും പങ്കിട്ടിരുന്ന റെക്കോര്‍ഡ് പഴങ്കഥയാക്കി.
ഈ ഇന്നിങ്‌സോടെ അതുല്യമായ ഒരുപിടി റെക്കോര്‍ഡുകളും നേപ്പാള്‍ സ്വന്തം പേരിലാക്കി. മത്സരത്തില്‍ ആകെ 26 സിക്‌സറുകളാണ് നേപ്പാള്‍ അടിച്ചുകൂട്ടിയത്. ഒരു മത്സരത്തില്‍ ഏറ്റവും സിക്‌സറുകളെന്ന റെക്കോര്‍ഡ് ഇനി നേപ്പാളിന് സ്വന്തം.
വെറും 9 പന്തില്‍ അര്‍ധസെഞ്ച്വറി നേടിയ നേപ്പാള്‍ ഓള്‍റൗണ്ടര്‍ ദീപ്രന്ദ്ര സിങ് യുവരാജ് സിങ്ങിന്റെ പേരിലുണ്ടായിരുന്ന റെക്കോര്‍ഡ് മറികടന്നു. 2007 ട്വന്റി 20 ലോകകപ്പില്‍ 12 പന്തിലായിരുന്നു യുവരാജ് അര്‍ധ സെഞ്ച്വറി നേടിയത്. 10 പന്തില്‍ നിന്നും 52 റണ്‍സാണ് ദീപേന്ദ്ര സിങ് അടിച്ചെടുത്തത്. 27 പന്തില്‍ നിന്നും 61 റണ്‍സെടുത്ത രോഹിത്പൗഡലും നേപ്പാള്‍ സ്‌കോറിലേക്ക് വലിയ സംഭാവന നല്‍കി. മംഗോളിയക്കായി പന്തെടുത്തവരില്‍ 4 ഓവറില്‍ 38 റണ്‍സ് മാത്രം വിട്ടുകൊടുത്ത ഒഡ് ലുത്ബയാര്‍ മാത്രമാണ് തമ്മില്‍ ഭേദമായത്.
ട്വന്റി 20യിലെ ഉയര്‍ന്ന സ്‌കോറുകള്‍
1: നേപ്പാള്‍ - 314/4 vs മംഗോളിയ (2023)
2: അഫ്ഗാനിസ്താന്‍ - 278/3 vs അയര്‍ലന്‍ഡ് (2019)
3: ചെക് റിപ്പബ്‌ളിക് - 278/4 vs തുര്‍ക്കി (2019)
4: ഓസ്‌ട്രേലിയ - 263/3 vsശ്രീലങ്ക (2016)
5: ശ്രീലങ്ക 260/6 vs കെനിയ (2007)