'അയാളുടെ പേര് മഹേന്ദ്ര സിംഗ് ധോണി എന്നാകുന്നു...'; ഫിനിഷിങിലെ ദ്രോണാചാര്യർ
ടൂര്‍ണമെന്‍റില്‍ മിന്നും ഫോമിലുള്ള ജഡേജയ്ക്ക് മുൻപ് ബാറ്റിങിനിറങ്ങിയ ധോണിയെ കണ്ട് കടുത്ത ചെന്നൈ ആരാധകര്‍ പോലും ആദ്യം നെറ്റിചുളിച്ചു. പക്ഷേ ക്രീസിലുള്ളയാളുടെ പേര് മഹേന്ദ്ര സിങ് ധോണി എന്നായിരുന്നു...!
മഹേന്ദ്രസിങ് ധോണി... റണ്‍ചേസിന്‍റെ അതിസമ്മര്‍ദത്തിനിടയില്‍ അയാള്‍ ബാറ്റിങ് ഓര്‍ഡറില്‍ സ്വയം പ്രമോട്ട് ചെയ്ത് മുന്നോട്ടിറങ്ങിയാല്‍ അതിന് അന്നും ഇന്നും ഒരേയൊരു അർത്ഥം മാത്രമേയുള്ളു. ഏത് റണ്‍മലയും കീഴടക്കി ലോകത്തിലെ ഏറ്റവും മികച്ച ഫിനിഷര്‍ ആ കളി ഫിനിഷ് ചെയ്യുമെന്ന്... നാളുകള്‍ക്ക് ശേഷം വീണ്ടും ആ ധോണി മാജിക് ആരാധകര്‍ കണ്ടു. കടുത്ത ധോണി ആരാധകര്‍ പോലും ജഡേജ ക്രീസിലെത്തുമെന്ന് പ്രതീക്ഷിച്ചിടത്ത് ബാറ്റിങ് ഓര്‍ഡറില്‍ സ്വയം പ്രമോട്ട് ചെയ്ത് അസാധ്യമെന്ന് വിധിയെഴുതിയ മത്സരത്തെ കരയ്ക്കടുപ്പിച്ച് ആ നായകന്‍ വീണ്ടും ചിരിച്ചു... ഇന്ത്യക്ക് രണ്ട് ലോകകപ്പുകള്‍ നേടിത്തന്ന ക്യാപ്റ്റന്‍റെ അതേ ചിരി.
ധോണി ഫിനിഷസ് ഓഫ് ഇന്‍ സ്റ്റൈല്‍... 10 വർഷം മുമ്പ് ലോകകപ്പ് ഫൈനലില്‍ ധോണി ഇന്ത്യയുടെ വിജയ റണ്‍ നേടുമ്പോള്‍ കമന്‍ററി ബോക്സില്‍ കേട്ട വാക്കുകളാണിത്. 2011 ലോകകപ്പ് ഫൈനലിലും ടീം റണ്‍ചേയ്സ് നടത്തുമ്പോള്‍ ടൂര്‍ണമെന്‍റില്‍ അപാര ഫോമിലുണ്ടായിരുന്നു യുവരാജ് സിങിന് മുൻപായി ബാറ്റിങ് ഓര്‍ഡറില്‍ സ്വയം പ്രമോട്ട് ചെയ്തിറങ്ങിയ ധോണി വിജയത്തിലേക്ക് സിക്സര്‍ പറത്തിയാണ് അന്ന് തിരിച്ചുകയറിയത്.
ഇന്നിതാ 10 വർഷങ്ങൾക്കിപ്പുറം ചെന്നൈയെ ഫൈനലിലേക്കെത്തിക്കാനും അതേ പ്രകടനം... അയാളുടെ ആവനാഴിയില്‍ ഇനിയും ആയുധങ്ങള്‍ ബാക്കിയുണ്ടെന്ന് തെളിയുക്കുന്ന ഇന്നിങ്സ്. ടീം റണ്‍ചേയ്സിന്‍റെ പ്രഷറിലൂടെ കടന്നുപോകുമ്പോള്‍, ടൂര്‍ണമെന്‍റില്‍ മിന്നും ഫോമിലുള്ള ജഡേജയ്ക്ക് മുൻപ് ബാറ്റിങിനിറങ്ങിയ ധോണിയെ കണ്ട് കടുത്ത ചെന്നൈ ആരാധകര്‍ പോലും ആദ്യം നെറ്റിചുളിച്ചു. പക്ഷേ ക്രീസിലുള്ളയാളുടെ പേര് മഹേന്ദ്ര സിങ് ധോണി എന്നായിരുന്നു...! ഫിനിഷിങിലെ ദ്രോണാചാര്യര്‍.... അഞ്ച് ബോളില്‍ 13 റണ്‍സെന്ന ലക്ഷ്യം രണ്ട് ബോള്‍ ബാക്കിനില്‍ക്കെ ധോണി മറികടന്നു. കഴിഞ്ഞ സീസണിലെ ഏഴാംസ്ഥാനക്കാരില്‍ നിന്ന് പുതിയ സീസണില്‍ ഫൈനലിലെത്തുന്ന ആദ്യ ടീമായി ചെന്നൈ സൂപ്പര്‍കിങ്സ്.
മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് ഉയർത്തിയ 173 റൺസിന്‍റെ വിജയലക്ഷ്യം 19.4 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിലാണ് ചെന്നൈ മറികടന്നത്. 50 പന്തിൽ 70 റൺസുമായി ഋതുരാജ് ഗെയ്ഗ്വാദും 44 പന്തിൽ 63 റൺസുമായി റോബിൻ ഉത്തപ്പയും ടീമിനെ മുന്നില്‍ നിന്ന് നയിച്ചു. അവസാന രണ്ടോവറിൽ 24 റൺസ് വേണമെന്നിരിക്കെ 19 ആം ഓവറിലെ ആദ്യ പന്തിൽ ഗെയ്ഗ്വാദ് പുറത്തായി. ശേഷം ധോണി ക്രീസിലെത്തുന്നു..
തുടർന്ന് ഓവറിലെ നാലാം പന്തിൽ സ്‌ട്രൈക്ക് ലഭിച്ച ധോണി ആദ്യ പന്ത് മിസ്സ് ചെയ്തു. ആരാധകര്‍ തലയില്‍ കൈവെച്ചു പോയ നിമിഷം. പക്ഷേ അടുത്ത ബോളില്‍ 'തല' നയം വ്യക്തമാക്കി. ആവേശ് ഖാന്‍റെ അടുത്ത പന്ത് ചെന്ന് നിന്നത് ഗ്യാലറിയിലാണ്. അവസാന ഓവറിൽ ജയിക്കാന്‍ 13 റൺസ് വേണമെന്നിരിക്കെ ആദ്യ പന്തിൽ മൊയിൻ അലിയെ ചെന്നൈക്ക് നഷ്ടമായി. ഇതിനിടയില്‍ സ്‌ട്രൈക്ക് ലഭിച്ച ധോണി തുടർച്ചയായ മൂന്ന് ബൌണ്ടറികളോടെ ടീമിനെ വിജയത്തിലെത്തിച്ചു. ചെന്നൈ ഡഗൌട്ടില്‍ ആവേശം അണപൊട്ടി... സി.എസ്.കെ ഫൈനലില്‍
'കിങ് ഈസ് ബാക്ക്, ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഫിനിഷർ..' ധോണിയുടെ പ്രകടനത്തെക്കുറിച്ച് വിരാട് കോഹ്‍ലി ട്വിറ്ററിൽ ഇങ്ങനെ കുറിച്ചു
നേരത്തെ ചെന്നൈയെ പ്ലേഓഫിലെത്തിച്ചതും ധോണിയുടെ ബാറ്റില്‍ നിന്ന് പിറന്ന സിക്സറായിരുന്നു. പണ്ട് ലോകകപ്പ് ഫൈനലില്‍ മുഴങ്ങിയ അതേ കമന്‍ററി അന്ന് വീണ്ടും ഗ്യാലറിയില്‍ മുഴങ്ങി. ധോണി ഫിനിഷസ് ഓഫ് ഇന്‍ സ്റ്റൈല്‍... വാങ്കഡെ സ്റ്റേഡിയത്തിൽ ശ്രീലങ്കയുടെ നുവാൻ കുലശേഖരയെ ഗ്യാലറിക്കു മുകളിലേക്ക് പറത്തിയാണ് ധോണി ഇന്ത്യയെ അന്ന് കിരീടത്തിലെത്തിച്ചതെങ്കില്‍ ഹൈദരാബാദിന്‍റെ സിദ്ധാര്‍ഥ് കൌളിന്‍റെ പന്ത് ഗ്യാലറിയിലെത്തിച്ചാണ് ധോണി ചെന്നൈയെ പ്ലേ ഓഫിലെത്തിച്ചത്.
ജയിക്കാൻ മൂന്നു പന്തിൽ രണ്ട് റൺസ് വേണ്ടപ്പോഴായിരുന്നു ഷാർജ സ്റ്റേഡിയത്തിന്റെ ഗ്യാലറിയെ ചുംബിച്ചുകൊണ്ട് ധോണിയുടെ വിജയ സിക്സര്‍ പിറന്നത്. സിക്സറിലൂടെ മത്സരം ഫിനിഷ് ചെയ്യുന്ന വിന്‍റേജ് ധോണിയായിരുന്നു അന്ന് സോഷ്യല്‍മീഡിയിയിലെ ട്രെന്‍ഡിങ് ടോപിക്. പ്രമുഖ കമന്‍റേറ്ററായ ഹര്‍ഷാ ഭോഗ്‌ലെയും ധോണിയെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു.. 'വിജയത്തിലേക്ക് ധോണിയുടെ സിക്സര്‍... ആ കഥ ഇതുവരെ അവസാനിച്ചിട്ടില്ല...' എന്നായിരുന്നു ഹര്‍ഷാ ഭോഗ്‌ലെയുടെ ട്വീറ്റ്.