72കാരനെ വിവാഹം വാഗ്ദാനം ചെയ്ത് പണം തട്ടി കൊലപ്പെടുത്തി; യുവതി അറസ്റ്റിൽ
2021ൽ ഭാര്യ മരിച്ച 72കാരൻ പുനർവിവാഹത്തിന് ആളെ തിരയുന്നതറിഞ്ഞ് യുവതി ഇയാളുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു
മുംബൈ: വയോധികന് വിവാഹം വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തി, വധിച്ച് യുവതി. മഹാരാഷ്ട്രയിലെ ശ്രീവർധൻ താലൂക്കിലാണ് സംഭവം. കൊല്ലപ്പെട്ട രാംദാസ് ഖൈരെ മുംബൈയിലെ ഒരു ബാങ്ക് ജീവനക്കാരനായിരുന്നു. ജോലിയിൽ നിന്ന് വിരമിച്ച രാംദാസ് റായ്ഘട്ടിലെ തന്റെ നാട്ടിൽ വിശ്രമജീവിതത്തിലായിരുന്നു.
രാംദാസിനെ ഏറെ നാളുകളായി ഫോണിൽ ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്ന് ബന്ധുക്കൾ പൊലീസിൽ അറിയിച്ചിരുന്നു. ഇതെത്തുടർന്ന് പൊലീസ് രാംദാസിന്റെ വസതിയിൽ നടത്തിയ തിരച്ചിൽ തലയ്ക്ക് പിന്നിൽ മുറിവേറ്റ നിലയിൽ രാംദാസിന്റെ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടത്തിൽ നിന്നും തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് കണ്ടെത്തി. തുടർന്ന് കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.
രാംദാസിന്റെ മരണത്തിൽ അന്വേഷണം ആരംഭിച്ച ക്രൈംബ്രാഞ്ചിന് രാംദാസിന്റെ മരണസമയത്ത് വീടിനടുത്ത് താമസിച്ചിരുന്ന ഒരു യുവതി വീട്ടിൽ വന്നെന്ന് വിവരം ലഭിച്ചു. തുടരന്വേഷണത്തിൽ യുവതിയുടെ ഫോൺ ലൊക്കേഷൻ പരിശോധിച്ച പ്രദേശത്ത് അതേ സമയം തന്നെ ഒരു യുവാവ് വന്നതായും മനസിലാക്കാൻ സാധിച്ചു. കൂടുതൽ അന്വേഷണത്തിൽ യുവതിയുടെ ഭർത്താവാണ് ഇയാളെന്ന് മനസിലായി. ഇതിന് പിന്നാലെ ക്രൈംബ്രാഞ്ച് ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയുമായിരുന്നു.
ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ പ്രകാരം 2021ൽ കൊവിഡ് ബാധിച്ച് ഭാര്യ മരിച്ചതിന് പിന്നാലെ രാംദാസിനോട് മറ്റൊരു വിവാഹം കഴിക്കാൻ മക്കൾ ആവശ്യപ്പട്ടു. മക്കൾ വിവാഹം കഴിച്ച് നഗരത്തിലാണ് താമസിച്ചിരുന്നത്, ഒറ്റയ്ക്കാണ് ജീവിച്ചിരുന്നത് എന്നതിനാൽ ഒരു വിവാഹം കഴിക്കാൻ രാംദാസും തീരുമാനിച്ചു.
തന്റെ ഒരു സുഹൃത്ത് വഴിയാണ് രാംദാസ് ഒരു പുനർവിവാഹത്തിന് ആളെ തിരയുന്ന വാർത്ത കുറ്റക്കാരിയായ യുവതി അറിയുന്നത്. ഇതിന് പിന്നാലെ യുവതി രാംദാസിനെ ബന്ധപ്പെടുകയും താൻ വിവാഹത്തിന് തയ്യാറാണെന്ന് അറിയിച്ചു. രാംദാസിന്റെ കൂടെ താമസം തുടങ്ങിയ യുവതിക്ക് രാംദാസ് പണവും ആഭരണങ്ങളും നൽകി. എന്നാൽ കുറച്ച് ദിവസങ്ങൾക്ക് ശേഷം യുവതി മുംബൈയിലേക്ക് താമസം മാറി.
ഇതിന് പിന്നാലെ രാംദാസ് യുവതിയോട് തന്റെ പണവും ആഭരണങ്ങളും തിരികെ നൽകാൻ ആവശ്യപ്പെട്ടു. എന്നാൽ മുംബൈയിൽ പോയി വിവാഹിതയായ യുവതി തന്റെ ഭർത്താവിനോട് രാംദാസ് തന്നെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയാണെന്ന് പറഞ്ഞു. ഇതിന് പിന്നാലെ ഇരുവരും രാംദാസിനെ കൊലപ്പെടുത്താൻ പദ്ധതിയിടുകയായിരുന്നു. തുടർന്ന് ഇരുവരും രാംദാസിന്റെ നാട്ടിലെത്തുകയും വീടിന് സമീപമുള്ള ഒരു ഹോട്ടലിൽ താമസിച്ചു. പിന്നീട് യുവതി രാംദാസിന്റെ വീട്ടിലെത്തുകയും ബന്ധം പുനഃസ്ഥാപിക്കുകയും ചെയ്തു. ഇതിന് പിന്നാലെ യുവതി രാംദാസിന് ഭക്ഷണത്തിൽ ഉറക്കമരുന്ന് ചേർത്ത് നൽകുകയും രാംദാസിനെ മയക്കുകയുമായിരുന്നു. രാംദാസ് മയങ്ങിയെന്ന് ഉറപ്പുവരുത്തിയ യുവതി ഭർത്താവിനെ വിളിച്ചുവരുത്തുകയും ഇരുവരും രാംദാസിനെ ആയുധം കൊണ്ട് മർദ്ദിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് റിപ്പോർട്ട് ശ്രീവർധൻ പൊലീസിന് കൈമാറി. പ്രതികൾ നിലവിൽ റിമാൻഡിലാണ്.