മുംബൈയിൽ ക്രൂര ബലാത്സംഗത്തിനിരയായി ചികിത്സയിലായിരുന്ന യുവതി മരിച്ചു
റോഡില്‍ രക്തത്തിൽ കുളിച്ച നിലയിലാണ് യുവതിയെ കണ്ടെത്തിയത്, സ്വകാര്യ ഭാഗങ്ങളിൽ പ്രതി ഇരുമ്പുദണ്ഡ് കയറ്റിയിരുന്നു
മുംബൈയിൽ ക്രൂര ബലാത്സംഗത്തിനിരയായി ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവതി മരിച്ചു. സാക്കിനാക്കയിലെ രാജവാടി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി ശനിയാഴ്ച രാവിലെയാണ് മരിച്ചത്. 36 മണിക്കൂറോളം ജീവനുവേണ്ടി പോരാടിയ ശേഷമാണ് യുവതി മരണത്തിന് കീഴടങ്ങിയത്. സംഭവവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ഇത് പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ മോഹിത് ചൗഹാൻ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
സാക്കിനാക്കയിലെ ഖൈരാനി റോഡില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് രക്തത്തിൽ കുളിച്ച നിലയിൽ യുവതിയെ കണ്ടെത്തിയത്. അബോധാവസ്ഥയിലായിരുന്ന യുവതിയെ ആശുപത്രിയില്‍ എത്തിച്ചതോടെയാണ് ക്രൂരമായ ബലാത്സംഗത്തിനിരയായെന്ന് വ്യക്തമായത്. യുവതിയുടെ സ്വകാര്യ ഭാഗങ്ങളിൽ പ്രതി ഇരുമ്പുദണ്ഡ് കയറ്റിയിരുന്നു.
ടെമ്പോവാനിൽ വെച്ചാണ് യുവതിയെ പ്രതി ക്രൂരമായ പീഡനത്തിന് ഇരയാക്കിയത്. പൊലീസ് അന്വേഷണത്തിൽ വാനിൽ രക്തക്കറയും കണ്ടെത്തിയിരുന്നു. ആക്രമണത്തിനുശേഷം റോഡിൽ യുവതിയെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. വഴിയാത്രക്കാരനാണ് ചോരയില്‍ കുളിച്ച് അബോധാവാസ്ഥയില്‍ കിടക്കുന്ന യുവതിയെ ആദ്യം കണ്ടത്.
തുടര്‍ന്ന് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പൊലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. കൊലപാതകം, ബലാത്സംഗം, പ്രകൃതിവിരുദ്ധമായ കുറ്റകൃത്യം, ലൈംഗികാതിക്രമം എന്നീ വകുപ്പുകൾ പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.