ഇറാനെതിരെ വിയര്‍ത്ത് ജയിച്ച് സ്പെയിന്‍
ലോകകപ്പ് ബി ഗ്രൂപ്പില്‍ ഇറാനെതിരെ വിയര്‍ത്ത് ജയിച്ച് സ്പെയിന്‍ പ്രീ ക്വാര്‍ട്ടര്‍ സാധ്യത നിലനിര്‍ത്തി.
ലോകകപ്പ് ബി ഗ്രൂപ്പില്‍ ഇറാനെതിരെ വിയര്‍ത്ത് ജയിച്ച് സ്പെയിന്‍ പ്രീ ക്വാര്‍ട്ടര്‍ സാധ്യത നിലനിര്‍ത്തി. ഡീഗോ കോസ്റ്റയുടെ ഏകഗോളിലാണ് ഇറാനെ തോല്‍പ്പിച്ചത്. ഈ ലോകകപ്പില്‍ കോസ്റ്റയുടെ ഗോള്‍ നേട്ടം ഇതോടെ മൂന്നായി. ഇറാന്റെ പ്രതിരോധവും സ്പെയിനിന്റെ ആക്രമണവും തമ്മിലുള്ള വാശിയേറിയ പോരാട്ടമായിരുന്നു മത്സരത്തിലുടനീളം കണ്ടത്.
ആദ്യ പകുതിയില്‍ എതിര്‍ ഗോള്‍ മുഖത്ത് സ്പെയിന്‍ നിരന്തരം ആക്രമണം അഴിച്ചുവിട്ടെങ്കിലും പ്രതിരോധ കോട്ട കെട്ടി ഇറാന്‍ അതെല്ലാം തകര്‍ത്തു. മികച്ച സേവുകളുമായി ഗോളി തിളങ്ങി. തുടക്കത്തില്‍ ഇറാനും ലഭിച്ചു മികച്ച ചില അവസരങ്ങള്‍. രണ്ടാംപകുതിയിലും സ്പെയിനിന്റെ ഗോള്‍ ശ്രമങ്ങളെ ഇറാന്‍ പരാജയപ്പെടുത്തി. എന്നാല്‍ 54ാം മിനിറ്റില്‍ ഡീഗോ കോസ്റ്റ സ്പെയിനിനെ മുന്നിലെത്തിച്ചു.
ഇനിയെസ്റ്റയുടെ പാസ് ക്ലിയര്‍ ചെയ്യാനുള്ള ഇറാന്‍ താരത്തിന്റെ ശ്രമം പരാജയപ്പെട്ടതായിരുന്നു കോസ്റ്റയുടെ ഗോളിന് വഴിവെച്ചത്. ഈ ലോകകപ്പില്‍ കോസ്റ്റയുടെ മൂന്നാം ഗോള്‍. 64 ആം മിനിറ്റില്‍ ഇറാന് ഗോള്‍ മടക്കിയെങ്കിലും വീഡിയോ അസിസ്റ്റന്‍ഡ് റിവ്യൂവില്‍ ഗോള്‍ വിധിച്ചില്ല. അവസാന നിമിഷം സമനിലപിടിക്കാന്‍ ഇറാനും ലീഡ് വര്‍ധിപ്പിക്കാന്‍ സ്പെയിനും ശ്രമിച്ചെങ്കിലും നടന്നില്ല.
ഒടുവില്‍ സ്പെയിന്‍ വിജയം സ്വന്തമാക്കുകയായിരുന്നു. മൊറോക്കോക്കെതിരെയാണ് സ്പെയിന്റെ അടുത്ത മത്സരം. ഇറാന് നേരിടേണ്ടത് പോര്‍ച്ചുഗലിനെയും.