സൗദിയെ തോല്‍പിച്ച് യുറുഗ്വെ പ്രീക്വാര്‍ട്ടറിലേക്ക്
ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു മുന്‍ ലോക ചാംപ്യന്മാരുടെ ജയം.
സൗദി അറേബ്യയെ തോല്‍പ്പിച്ച് യുറുഗ്വെ ലോകകപ്പ് പ്രീ ക്വാര്‍ട്ടറില്‍ കടന്നു. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു മുന്‍ ലോക ചാംപ്യന്മാരുടെ ജയം. സുവാരസാണ് ഗോള്‍ നേടിയത്. ആദ്യ മത്സരത്തില്‍ ഈജിപ്തിനെ ഒരു ഗോളിന് തോല്‍പ്പിച്ചെത്തിയ യുറുഗ്വെ സൌദിയെയും ഇതേ മാര്‍ജിനില്‍ മറികടക്കുകയായിരുന്നു. എന്നാല്‍ മത്സരത്തിലുടനീളം ആക്രമിച്ചു കളിച്ചത് സൌദിയായിരുന്നു.
പക്ഷെ ഫിനിഷിങ്ങില്‍ അവര്‍ പരാജയപ്പെട്ടു. പഴയ പ്രതാപത്തോടെ കളിക്കാന്‍ യുറുഗ്വെക്ക് സാധിച്ചില്ല. പല അവസരങ്ങളും യുറുഗ്വെ നഷ്ടപ്പെടുത്തുകയും ചെയ്തു. 23ാം മിനിറ്റില്‍ കാര്‍ലോസ് സാഞ്ചസിന്റെ കോര്‍ണറില്‍ നിന്നെത്തിയ പന്ത് വലയിലെത്തിച്ച് സുവരാസ് യുറുഗ്വൊയെ മുന്നിലെത്തിച്ചു.
ടീമിനായി നൂറാം മത്സരത്തിനിറിങ്ങിയ സുവാരസിന്റെ 52ാമത് അന്താരാഷ്ട്ര ഗോളായിരുന്നു ഇത്. ഇതോടെ മൂന്ന് ലോകകപ്പുകളില്‍ ഗോള്‍ നേടുന്ന ഏക യുറുഗ്വെന്‍ താരമായി സുവാരസ്. രണ്ടാംപകുതിയില്‍ യുറുഗ്വെ പ്രതിരോധം ശക്തമാക്കിയതോടെ റഷ്യക്ക് പിന്നാലെ ഗ്രൂപ്പ് എയില്‍ നിന്ന് പ്രീ ക്വാര്‍ട്ടറിലെത്താന്‍ അവര്‍ക്കായി. ഈ മാസം 25 ന് റഷ്യക്കെതിരെയാണ് യുറുഗ്വെയുടെ ഗ്രൂപ്പിലെ അവസാന മത്സരം.